12 September 2024, Thursday
KSFE Galaxy Chits Banner 2

Related news

September 11, 2024
September 10, 2024
September 10, 2024
September 10, 2024
September 10, 2024
September 10, 2024
September 9, 2024
September 8, 2024
September 8, 2024
September 8, 2024

ഇന്ത്യക്കും ചൈനയ്ക്കും ഭീഷണിയാവുക ജനാധിപത്യത്തിന്റെ അഭാവം

സി ആർ ജോസ്‌പ്രകാശ്
October 8, 2022 5:45 am

നേട്ടങ്ങള്‍ക്കിടയിലും നിരവധി ഗുരുതരമായ പ്രശ്നങ്ങളാണ് ചെെന ഇന്നു നേരിട്ടുകൊണ്ടിരിക്കുന്നത്. 1989ല്‍ ടിയാനന്‍മാന്‍ സ്ക്വയറില്‍ നടന്ന വിദ്യാര്‍ത്ഥി കലാപത്തിന്റെ വിത്തുകള്‍ ഇന്നും പ്രവര്‍ത്തിക്കുന്നു എന്നാണ് വിലയിരുത്തല്‍. കോര്‍പറേറ്റ് സ്വാധീനം നാള്‍ക്കുനാള്‍ ശക്തിപ്പെട്ടുവരികയായിരുന്നു. ചെെനയിലെ ജിഡിപിയുടെ 61 ശതമാനം സ്വകാര്യമേഖലയുടെ സംഭാവനയാണ്. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ 70–80 ശതമാനവും സ്വകാര്യമേഖലയില്‍ത്തന്നെ. കോവിഡ് മഹാമാരി, ഉക്രെയ്ന്‍-റഷ്യ യുദ്ധം, അമേരിക്ക ഉള്‍പ്പെടെയുള്ള നാറ്റോ രാജ്യങ്ങളുമായി നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ, രാജ്യത്തെ പകുതിയോളം പ്രദേശങ്ങളില്‍ അനുഭവപ്പെടുന്ന വരള്‍ച്ചയും ജലക്ഷാമം, കയറ്റുമതിയില്‍ ഉണ്ടാകുന്ന കുറവ്, ഭവനനിര്‍മ്മാണ മേഖലയിലടക്കം സാമ്പത്തികരംഗത്തുണ്ടാകുന്ന തിരിച്ചടികള്‍, 2022ലെ ജിഡിപി വളര്‍ച്ച മൂന്ന് ശതമാനത്തിലധികമാവില്ല എന്ന പ്രവചനം മുതലായവയൊന്നും ചെെനയ്ക്ക് നല്ല വാര്‍ത്തകളല്ല. എന്നാല്‍ ഇതൊക്കെയും മറികടക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമാണ് സര്‍ക്കാരിനും പാര്‍ട്ടിക്കുമുള്ളത്. വിദേശനിക്ഷേപകര്‍ക്കും കോര്‍പറേറ്റുകള്‍ക്കും ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുമെന്നും എന്നാല്‍ എന്തും ചെയ്യാനുള്ള ലെെസന്‍സായി അതിനെ ഉപയോഗിക്കുന്നത് അനുവദിക്കില്ലെന്നും പ്രസിഡന്റ് ഷി പ്രഖ്യാപിക്കുകയുണ്ടായി.

ഒപ്പം നടപടിയും ഉണ്ടായി. ലോകത്തെ കോര്‍പറേറ്റ് വമ്പന്‍മാരായ ആലിബാബ ഗ്രൂപ്പ്, ആന്റ് ഗ്രൂപ്പ്, ടെന്‍സെന്റ് ഹോള്‍ഡിങ്സ് തുടങ്ങിയ കമ്പനികള്‍ നടത്തിയ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ മൂക്കുകയറിട്ടു. ബില്യണ്‍‍ കണക്കിന് ഡോളറാണ് അവരില്‍ നിന്ന് പിഴയായി ഈടാക്കിയത്. അഴിമതിക്കാരായ പാര്‍ട്ടി നേതാക്കള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും എതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ചു. ഇത്തരക്കാരില്‍ ആയിരങ്ങളാണ് ഇപ്പോള്‍ ജയിലില്‍ കഴിയുന്നത്. ജനപ്പെരുപ്പം ഇപ്പോള്‍ രാജ്യത്തിന് ഒരു പ്രശ്നമല്ലാതായി മാറിയിട്ടുണ്ട്. അതുകൊണ്ട് ഒരു കുടുംബത്തിന് ഒരു കുട്ടി മാത്രമെന്ന 1979 മുതലുള്ള നിബന്ധന ഇപ്പോള്‍ എടുത്തുകളഞ്ഞിരിക്കുകയാണ്. പുരോഗതിയുടെ പാതയില്‍ അതിവേഗമാണ് രാജ്യത്തിന്റെ സഞ്ചാരം. ചന്ദ്രന്റെ ഉപരിതലത്തില്‍ സ്ഥിരമായുള്ള സ്പേസ് സ്റ്റേഷന്‍ സ്ഥാപിച്ചു. ചൊവ്വയുടെ ഉപരിതലത്തില്‍ കഴിഞ്ഞ വര്‍ഷം ചൈന ലാന്റ് ചെയ്തു. സോളാര്‍ ഫാമുകള്‍ വ്യാപകമാകുന്നു. ലോകത്തെ അതിവേഗ ബുള്ളറ്റ് ട്രെയിനുകളില്‍ 63 ശതമാനം ചെെനയിലാണ്. രാജ്യത്ത് 15നും 60നും ഇടയില്‍ പ്രായമുള്ള 60.82 ശതമാനം വനിതകള്‍ക്ക് സ്ഥിരമായ ജോലിയും വരുമാനവുമുണ്ട്. 36 ശതമാനം സ്ത്രീകള്‍ക്ക് ഭര്‍ത്താവിനെക്കാള്‍ വരുമാനമുണ്ട്. വിദ്യാര്‍ത്ഥികളുടെ പഠനം രക്ഷകര്‍ത്താക്കള്‍ക്ക് ഒരു ഭാരമല്ലാതായി മാറി. എല്ലാ പുത്തന്‍ ശാസ്ത്ര‑സാങ്കേതികവിദ്യകളും ആദ്യം ഉപയോഗപ്പെടുത്തുന്ന രാജ്യമായി ചെെന മാറി. ഇന്ന് ലോക സമ്പദ്ഘടനയെ ചലിപ്പിക്കുന്ന എന്‍ജിനായാണ് ചെെന വിശേഷിപ്പിക്കപ്പെടുന്നത്. ലോകത്തുതന്നെ ഏറ്റവും വേഗത്തില്‍ പദ്ധതികള്‍ നടപ്പിലാക്കുന്ന രാജ്യവും ചെെനയാണ്.


ഇതുകൂടി വായിക്കൂ: ചെെനയും ഇന്ത്യയും ; വളര്‍ച്ചയുടെ വഴിയിലെ കുതിപ്പും കിതപ്പും


കോര്‍പറേറ്റുകളുടെ വളര്‍ച്ച കണ്ണഞ്ചിപ്പിക്കുന്നതാണെങ്കിലും അതിന്റെ ഗുണഫലം ജനങ്ങളുടെ ജീവിതത്തിലും‍ പ്രതിഫലിക്കുന്നു എന്നത് വസ്തുതയാണ്. അവിടെയാണ് ഇന്ത്യയുടെ പരാജയം. രാജ്യത്തിന്റെ വളര്‍ച്ചയുടെ സിംഹഭാഗവും ഒരു ശതമാനം വരുന്ന കോര്‍പറേറ്റുകളില്‍ എത്തിച്ചേരുന്നു. കോവിഡ് കാലത്തുപോലും ഇതനുഭവപ്പെട്ടു. രാജ്യത്തെ മഹാഭൂരിപക്ഷത്തിന്റെയും വരുമാനം കുത്തനെ കുറഞ്ഞപ്പോള്‍, കോര്‍പറേറ്റുകളുടെ വരുമാനത്തില്‍ ശരാശരി 36 ശതമാനം വര്‍ധനവാണ് ഇക്കാലത്ത് ഇന്ത്യയിലുണ്ടായത്. മാവോയുടെ കാലത്തെ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഭരണകൂടം ശ്രദ്ധിക്കുന്നുണ്ട്. വിമര്‍ശനപരമായ വിലയിരുത്തലുകള്‍ നടക്കുന്നു. തെറ്റുകള്‍ ഏറ്റുപറയുകയും തിരുത്തുകയും ചെയ്യുന്നുണ്ട്. ജനജീവിതം കൂടുതല്‍ മെച്ചപ്പെടുന്നതിനുള്ള നിതാന്ത പരിശ്രമവും തുടരുന്നു. 2008–09ല്‍ ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആടിയുലഞ്ഞപ്പോള്‍, വലിയ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട രാജ്യമാണ് ചെെന. മനുഷ്യവംശചരിത്രത്തെ വഴിതിരിച്ചുവിടുന്നതില്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയോളം മഹത്തായ പങ്കുവഹിച്ച മറ്റൊരു സൃഷ്ടി ലോകത്തില്ല. ലോകം മാര്‍ക്സിന് മുന്‍പും പിന്‍പും എന്ന അവസ്ഥ ചരിത്രത്തില്‍ ഉറച്ചു. പക്ഷെ പലവിധ കാരണങ്ങളാല്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളില്‍ ഭൂരിപക്ഷവും തകര്‍ന്നുവീണു. അക്കൂട്ടത്തില്‍ തകര്‍ന്നുവീഴാത്ത പ്രധാനപ്പെട്ട ഒരു കമ്മ്യൂണിസ്റ്റ് രാജ്യം ചെെനയാണ്.

എന്നാല്‍ ഈ രാജ്യം ലോകത്തെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് താങ്ങോ തണലോ ആവേശമോ പകരുന്നില്ല. ചെെനയുടെ ശെെലി ഒരു കമ്മ്യൂണിസ്റ്റ് മൂല്യത്തില്‍ ഉറച്ചതായിരുന്നുവെങ്കില്‍ ഇന്ന് ലോകത്തിന്റെ സ്ഥിതി ഗുണകരമായ മറ്റൊന്നാകുമായിരുന്നു. അമേരിക്ക നേതൃത്വം നല്കുന്ന സാമ്രാജ്യത്വ ശക്തികള്‍ ഇന്ന് ചെെനയെ ഭയപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. അമേരിക്കയുടെ ഏകധ്രുവ ലക്ഷ്യത്തിന് മുഖ്യതടസം ചെെന തന്നെ. സ്വന്തം നിലയില്‍ നേട്ടങ്ങള്‍ ഉറപ്പിക്കുമ്പോള്‍ത്തന്നെ, കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്, മാനവികതയും സാഹോദര്യവും നെഞ്ചോട് ചേര്‍ത്ത്, മനുഷ്യസമൂഹത്തെയാകെ ഒന്നായി കണ്ട് ചെെനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും സര്‍ക്കാരും നീങ്ങിയാല്‍, അത് ലോകത്ത് സൃഷ്ടിക്കുന്ന ചലനം വളരെ വലുതായിരിക്കും. രാജ്യങ്ങളുടെ അതിര്‍ത്തികള്‍ക്ക് അമിതമായ പ്രാധാന്യം നല്കുന്നത് മാര്‍ക്സിയന്‍ തത്വശാസ്ത്രത്തിന് വിരുദ്ധമാണെന്ന് അവര്‍ അറിഞ്ഞു പ്രവര്‍ത്തിക്കുകയും വേണം. ഇന്ത്യയും ചെെനയും റഷ്യയും ഒരുമിച്ചു ചേര്‍ന്ന് ഐക്യത്തിന്റെ സന്ദേശമുയര്‍ത്തിയാല്‍ത്തന്നെ, ലോകസമാധാനത്തിന് അത് വലിയൊരു ഈടുവയ്പായി മാറും. പ്രതിരോധച്ചെലവ് കുറയ്ക്കാനാകും. ലോകരാജ്യങ്ങള്‍ ഓരോ വര്‍ഷവും യുദ്ധത്തിനുവേണ്ടി ചെലവഴിക്കുന്ന തുകയുടെ മൂന്നിലൊന്ന് മാറ്റിവച്ചാല്‍, ലോകത്തെ പട്ടിണി അവസാനിപ്പിക്കാനാകും.


ഇതുകൂടി വായിക്കൂ: ഒടുവില്‍ വിലക്കയറ്റം സമ്മതിച്ച് കേന്ദ്രം 


നാളത്തെ ചെെന എങ്ങനെ ആയിരിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല. ജനാധിപത്യത്തിന്റെ അഭാവം ഒരു പ്രശ്നം തന്നെയാണ്. എങ്കിലും ജനങ്ങളുടെ പൊതുസമീപനം, ‘പാര്‍ട്ടി ജനങ്ങള്‍ക്കു വേണ്ട കാര്യങ്ങളെല്ലാം തീരുമാനിക്കുന്നു, നടപ്പിലാക്കുന്നു. എല്ലാം അവര്‍ നോക്കിക്കൊള്ളും. അവര്‍ പറയുന്നത് കേട്ട് മുന്നോട്ടുപോകാം’ എന്നതാണെന്നു തോന്നുന്നു. എത്രനാള്‍ ഇങ്ങനെ പോകും? അതിനുത്തരം പറയാന്‍ ഇപ്പോള്‍ ആര്‍ക്കുമാകില്ല. ചെെനക്കാരില്‍ നിന്നും പഠിക്കാന്‍ ഇന്ത്യക്ക് ധാരാളം കാര്യങ്ങളുണ്ട്. പട്ടിണിയും നിരക്ഷരതയും ഇല്ലാതാക്കുന്നതിലടക്കം അവര്‍ സ്വീകരിച്ച നടപടികള്‍ പ്രത്യേകിച്ച്. അതോടൊപ്പം, 75 വര്‍ഷം സ്വാതന്ത്ര്യത്തിന്റെ വഴിയില്‍ സഞ്ചരിച്ച ഇന്ത്യയുടെ അനുഭവം ചെെനയും പഠിക്കണം. ലോകജനതയുടെ വേദന പരമാവധി കുറയ്ക്കുക, ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും രാജ്യത്തിന്റെ തന്നെയും അതിര്‍വരമ്പുകള്‍ ഭേദിച്ച്, ലോകജനത ഒന്നാകുന്ന മനോഹരമായ മാര്‍ക്സിയന്‍ സങ്കല്പം യാഥാര്‍ത്ഥ്യമാക്കുന്ന കാര്യത്തില്‍ ചെെനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും സര്‍ക്കാരിനും വലിയ സംഭാവന ചെയ്യാനാകും. ഒക്ടോബര്‍ 16ന് തുടങ്ങുന്ന 20-ാം പാര്‍ട്ടി കോണ്‍ഗ്രസ് ആ ദിശയിലുള്ള ചിന്തയ്ക്കു കൂടി വഴിതുറക്കുമോ? നമുക്ക് കാത്തിരിക്കാം. (അവസാനിച്ചു)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.