സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി:

February 20, 2021, 8:34 am

ഇന്ത്യാ-ചൈന പത്താംവട്ട കമാൻഡർതല ചര്‍ച്ച ഇന്ന്

Janayugom Online

അതിര്‍ത്തി മേഖലയിലെ സൈനിക പിന്മാറ്റം സംബന്ധിച്ച് ഇന്ത്യാ-ചൈന പത്താംവട്ട കമാൻഡർതല ചര്‍ച്ച ഇന്ന്. അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇതുവരെ ഒമ്പതുവട്ടമാണ് ഇരുരാജ്യത്തെയും സൈനിക കമാൻഡർമാര്‍ തമ്മില്‍ ചര്‍ച്ച നടന്നത്.

കിഴക്കന്‍ ലഡാക്കിലെ ചുഷൂലിലാണ് ഇരുരാജ്യത്തെയും കമാൻഡർമാര്‍ ചര്‍ച്ചകള്‍ക്കായി സമ്മേളിക്കുക. പാംഗോങ് നദിയുടെ കരയില്‍ നിന്നും ഇരുവിഭാഗവും പിന്മാറുന്ന സാഹചര്യത്തില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന ഗോര്‍ഗ, ഹോട്ട് സ്പ്രിങ്ങ്‌സ്, ഡെപ്‌സാങ്ങ് മേഖലകളിലെ സൈനിക പിന്മാറ്റമാകും ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യുക. നിലവില്‍ സംഘര്‍ഷ സാധ്യതയുള്ള മേഖലകളില്‍ ഡെപ്‌സാങ്ങ് ഉള്‍പ്പെടുന്നില്ലെങ്കിലും ഈ മേഖലയെക്കൂടി ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഇന്ത്യ ശക്തമാക്കിയതോടെയാണ് ഇക്കാര്യം യോഗം പരിഗണിക്കുന്നത്.

പാംഗോങ് മേഖലകളില്‍ നിന്നും ഇരുരാജ്യത്തെയും സൈനികരുടെ പിന്മാറ്റം പൂര്‍ണമായെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. ഈ മാസം 11നാണ് അതിര്‍ത്തി മേഖലകളില്‍ നിന്നും സേനാ പിന്മാറ്റം ആരംഭിച്ചത്. കഴിഞ്ഞ ഒമ്പതു മാസമായി ഇരു വിഭാഗത്തെ സൈനികരും തമ്മില്‍ നേര്‍ക്കുനേര്‍ നിലയുറപ്പിച്ചിരിക്കുകയായിരുന്നു. ജൂണ്‍ 15ന് ഇരുവിഭാഗവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടുപക്ഷത്തെയും സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തു.

അതേസമയം അതിര്‍ത്തി പ്രദേശമായ ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ)സൈനികര്‍ മരിച്ചെന്ന് ചൈന പരോക്ഷമായി സമ്മതിച്ചു. എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് ചൈന ഇക്കാര്യം സമ്മതിക്കുന്നത്.

2020 ജൂണില്‍ നടന്ന ഏറ്റുമുട്ടലില്‍ കാരക്കോറം പര്‍വതനിരകളില്‍ വിന്യസിച്ച അഞ്ചു അതിര്‍ത്തി സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മരിച്ച സൈനികരുടെ പേര് വിവരങ്ങള്‍ ചൈന പുറത്ത് വിട്ടു. ഇവര്‍ക്ക് മരണാനന്തര ബഹുമതിയും പ്രഖ്യാപിച്ചു. ഇതാദ്യമായാണ് ചൈന തങ്ങളുടെ സൈനികര്‍ മരിച്ചെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. പി‌എൽ‌എ സിൻജിയാങ് മിലിട്ടറി കമാൻഡിലെ റെജിമെന്റൽ കമാൻഡർ ക്വി ഫബാവോ, ചെൻ ഹോങ്‌ജുൻ, ചെൻ സിയാങ്‌റോംഗ്, സിയാവോ സിയുവാൻ, വാങ് ഷുവോറൻ എന്നിവരാണ് കൊല്ലപ്പെട്ടത്.

ഗല്‍വാനിലുണ്ടായ ചൈനീസ് പ്രകോപനത്തിലും സംഘര്‍ഷത്തിലും 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. നേരത്തെ കേന്ദ്രമന്ത്രിമാരടക്കം ചൈനയുടെ സൈനികരെ വധിച്ചതായി പ്രതികരിച്ചെങ്കിലും ചൈന ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നില്ല. അമേരിക്കന്‍ റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നാല്‍പ്പതോളം ചൈനീസ് സൈനികര്‍ മരിച്ചതായി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തിലും ചൈന സ്ഥിരീകരണം നല്‍കിയിരുന്നില്ല.

Eng­lish sum­ma­ry: India, Chi­na to hold 10th round of talks
You may also like this video: