September 29, 2022 Thursday

Related news

September 27, 2022
September 27, 2022
September 26, 2022
September 25, 2022
September 24, 2022
September 23, 2022
September 23, 2022
September 21, 2022
September 21, 2022
September 20, 2022

എളുപ്പമാണോ ഇന്ത്യയുടെ ചൈനീസ് വ്യാപാരയുദ്ധം

വത്സൻ രാമംകുളത്ത്
June 22, 2020 7:27 pm

വത്സൻ രാമംകുളത്ത്

നമ്മുടെ അതിർത്തിയിലെ ഒരുതരി മണ്ണിൽപ്പോലും ചൈനയുടെ പട്ടാളം കാലുകുത്തിയിട്ടില്ല. ചൈനയ്ക്കങ്ങനെ വല്ലമോഹവുമുണ്ടെങ്കിൽ അതിനൊട്ടും നമ്മൾ സമ്മതിക്കുകയുമില്ല. തിരിച്ചടിക്കും…

ഇന്ത്യൻ പ്രധാനമന്ത്രി ആ അറുപത്തിനാലിഞ്ച് നെഞ്ചുവിരിച്ചുകൊണ്ടുതന്നെ പറഞ്ഞു. നമ്മള്‍ കയ്യടിച്ചു. അഭിമാനം കൊണ്ടു. അപ്പോഴും നമ്മുടെ 20 ധീരജവാന്മാരെങ്ങിനെ കൊല്ലപ്പെട്ടുവെന്ന ചോദ്യം മനസിനെ അലട്ടുന്നുമുണ്ട്. അതിനുള്ള മറുപടി വീര പ്രധാനമന്ത്രി നരേന്ദ്രമോഡി നമ്മളോട് ഇതുവരെ പറഞ്ഞിട്ടുമില്ല. സൈന്യവും കൃത്യമായ ഉത്തരം തന്നില്ല.

എന്നിട്ടും മോഡിക്ക് ജയ് വിളിച്ച് സംഘപരിവാർ സൈന്യം സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നു. വസ്തുത പറയുന്നവനെ തെറിവിളിക്കുന്നതിൽ ആനന്ദം കൊണ്ടു. അതിർത്തിയിലെ യാഥാർത്ഥ്യം മനസിലാക്കാതെത്തന്നെ.

ഒരുഭാഗത്ത് മോഡിയും രാജ്നാഥ് സിങും ചൈനയുമായി ചർയ്ക്കൊരുങ്ങുന്നു. വേണ്ടിവന്നാൽ ചൈനവരെ പോകാനും തയ്യാറെടുക്കുന്നു. മറുഭാഗത്ത് ഇവർ തന്നെ പറയുന്നു, അതിർത്തിയിൽ ഒന്നും സംഭവിച്ചിരുന്നില്ലെന്ന്. ആരും അതിരുകടന്നെത്തിയില്ലെന്ന്. ഇരുപത് ജീവനുകൾ പൊലിഞ്ഞത് മാത്രം മിച്ചം.

പ്രധാനമന്ത്രിയുടെ മേൽനോട്ടത്തിൽ സമവായത്തിനായി ഉഭയകക്ഷിചർച്ചകള്‍ തുടരുമ്പോൾ സ്വദേശിജാഗരൺ മ‍ഞ്ച് സംഘപരിവാര്‍ സംഘടന ‘ബോയ്‌കോട്ട് ചൈന’ എന്ന മുദ്രാവാക്യവുമായി തിരിച്ചുവരവിനൊരുങ്ങുകയാണ്. രാജ്യത്തെ സർവ്വതും സ്വകാര്യവൽക്കരിച്ച് വിദേശകുത്തക കമ്പനികൾക്ക് അടിയറവുവയ്ക്കുന്ന മോഡീനയങ്ങള്‍ക്ക് മീതെ അഞ്ചാറുവർഷത്തോളം സുഖമായി ചാഞ്ഞുറങ്ങിയവരാണ് സ്വദേശി ജാഗരൺ മഞ്ച്. ഇവരുടെ പുതിയ ചൈനീസ് വിരുദ്ധമുദ്രാവാക്യം മോഡിയുൾപ്പടെ നേതാക്കളും ഏറ്റുവിളിക്കാൻ തുടങ്ങിയിരിക്കുന്നു.

ആറ് വർഷം മുമ്പ് വോട്ടുതേടാനിറങ്ങിയപ്പോള്‍ മോഡിയും കൂട്ടരും നല്‍കിയ വാഗ്ദാനം പൂർണ്ണ അര്‍ത്ഥത്തിൽ നിറവേറ്റിയിരുന്നെങ്കിൽ ചൈനയല്ല, അമേരിക്കപോലും ഇന്ത്യക്കുമുന്നിൽ മുട്ടുകുത്തിയേനെ. സ്റ്റാർട്ടപ്പ് ഇന്ത്യ, മെയ്ക്ക് ഇൻ ഇന്ത്യ, മെയ്‍ഡ് ഇൻ ഇന്ത്യ…

മോഡിയുടെ വാഗ്ദാനങ്ങളിൽ ഇന്ത്യൻ യുവത്വം സ്വപ്നം കണ്ടതിന് കയ്യും കണക്കുമില്ല. മാത്രമല്ല, രാജ്യവും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയും ഇതിൽ വലിയ പ്രതീക്ഷയർപ്പിച്ചു. സ്വയംപര്യാപ്തതയുടെ ഈ പേരുകളെല്ലാം പേരിനുമാത്രമായി. സർവ്വതിനും നമ്മൾ ചൈനയെയും ജപ്പാനെയും അമേരിക്കയെയുമെല്ലാം ആശ്രയിച്ചുകൊണ്ടേയിരിക്കുകയാണ്.

ലോകത്ത് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര‑വാണിജ്യ പങ്കാളിയാണ് ചൈന എന്നത് നരേന്ദ്രമോഡിക്കോ, കേന്ദ്ര സർക്കാരിനോ ഈ പറയുന്ന സ്വദേശി ജാഗരൺ മഞ്ചിനോ നിഷേധിക്കാനാവില്ല. ചൈനയെ ബഹിഷ്കരിക്കണമെന്ന് ജാഗരൺ മഞ്ചിന്റെ മുദ്രാവാക്യം ഏറ്റെടുത്ത് സാക്ഷാൽ നരേന്ദ്രമോഡി കട്ടായം പറഞ്ഞാൽ ഇന്ത്യയിൽ വെള്ളത്തിലാവുന്നത്, സ്മാർട്ട് ഫോണും ഇലക്ട്രോണിക്, സോളാർ ഉല്പന്നങ്ങളും നിർമ്മിക്കുന്നവരും സ്വകാര്യ ഓൺലൈൻ വിദ്യാഭ്യാസ രംഗത്ത് വന്‍കുതിപ്പ് നടത്തിയ ബൈജൂസും പെട്ടിയെം പോലെയുള്ള പെയ്മെന്റ് ആപ്പുകാരും ഇന്റർനെറ്റ് പലചരക്ക് വ്യാപാരം നടത്തുന്ന ബിഗ് ബാസ്ക്കറ്റും റൈഡ്-ഷെയർ സ്ഥാപനമായ ഓലയും ഒയോ ഹോട്ടലുകളുമാണ്.

എന്തിന് നമ്മുടെ ആരോഗ്യമേഖലയിലേക്ക് നോക്കിയാൽ ചൈനയെ അടുത്തകാലത്തൊന്നും ഉപേക്ഷിക്കാനാവില്ല. ജാഗരൺ മ‌ഞ്ചുകാരനും സകല സ്വദേശിവാദികളും സാധാരണരോഗങ്ങൾക്കെല്ലാം വാങ്ങിക്കഴിക്കുന്നത് ചൈനയിൽ നിന്നെത്തുന്ന മരുന്നുകളാണ്. ഇന്ത്യയിൽ സാധാരണ രോഗങ്ങൾക്ക് കഴിക്കാൻ കുറിപ്പടിയെഴുതിക്കൊടുക്കുന്ന മരുന്നുകളുടെ 68 ശതമാനവും ചൈനീസാണ്. ഇന്ത്യൻ നിർമ്മിത മരുന്നുകളിലേക്കുള്ള രാസവസ്തുക്കൾ 62 ശതമാനമെത്തുന്നതും ചൈനയിൽ നിന്നാണ്.

ചൈനയിൽ പഠനവും തൊഴിലും വ്യാപാരവുമായി കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണം ചെറുതൊന്നുമല്ല. അവരെയും നമ്മൾ ഓര്‍ക്കണം. കോവിഡ് വ്യാപനത്തിന്റെ സൂചനാഘട്ടത്തിൽ യാതൊരു സാവകാശവും കൊടുക്കാതെ സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചതിന് സമാനമാകരുത് കാര്യങ്ങൾ. സൗകര്യങ്ങളെല്ലാം കൊട്ടിയടയ്ക്കപ്പെട്ട് വീടണയാനാവാതെയും വിശപ്പകറ്റാന്‍ കഴിയാതെയും നരകിച്ച കുടിയേറ്റത്തൊഴിലാളികളേക്കാൾ ഭീകരമാകും ചൈനയിൽ കഴിയുന്ന ഇന്ത്യക്കാരുടെ അവസ്ഥ.

മനസിലാക്കണം, കാൻസറിനും കോവിഡിനും ചാണകം മതിയെന്ന് പറയുന്നപോലെ എളുപ്പമല്ല ബോയ്‌കോട്ട് ചൈന എന്നത്. രാജ്യത്തെയും അതിർത്തിയെയും സുരക്ഷിതമാക്കേണ്ടത്. അത് വ്യാപാരയുദ്ധത്തിലൂടെയല്ല, നയതന്ത്രപരമായ നീക്കത്തിലൂടെയാവണം. എന്നുവച്ച് ധീരതയും വീരത്വവും വെറുതേ വീമ്പുപറച്ചലുമാവരുത്. ഭരണാധികാരി ആക്ഷേപങ്ങൾക്കും അധിക്ഷേപങ്ങൾക്കും സ്വയം പാത്രമാകരുത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞതുപോലെ, മോഡി വെറും നരേന്ദ്രമോഡിയല്ല, സറണ്ടർ മോഡി തന്നെയെന്ന് നാടും പറയും. അതിനിടവരരുത്. മോഡിക്കല്ല, ഇന്ത്യക്കാണ് അത് നാണക്കേടുണ്ടാക്കുക.

Eng­lish sum­ma­ry: India chi­na trade fall

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.