ചൈനീസ് ബഹിഷ്ക്കരണം: അന്തർദേശീയ നിയമപോരാട്ടങ്ങൾക്ക് വഴിയൊരുങ്ങുന്നു

സ്വന്തം ലേഖകൻ

ന്യൂഡൽഹി

Posted on July 04, 2020, 10:22 pm

ഇന്ത്യ- ചൈന അതിർത്തിയിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് 20 ഇന്ത്യൻ പടയാളികൾ വീരമൃത്യുവരിച്ചതിന് പ്രതികാരമെന്നോണം ചൈനീസ് ഉല്പന്നങ്ങൾ ബഹിഷ്ക്കരിക്കാനും കരാറുകൾ റദ്ദാക്കാനുമുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം ഒട്ടേറെ അന്തർദേശീയ നിയമപോരാട്ടങ്ങൾക്ക് വഴിവയ്ക്കുമെന്ന് നിയമവിദഗ്ധർ.

ചൈനയ്ക്ക് തിരിച്ചടി നൽകാനെന്നോണം 59 ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിക്കുകയും നിരവധി കരാറുകൾ റദ്ദാക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നേരന്ദ്ര മോഡിയുടെ അപ്രതീക്ഷിത ലഡാക്ക് അതിർത്തി സന്ദർശനത്തിന് പിന്നാലെ ഇറക്കുമതിയും നിക്ഷേപവും വെട്ടിക്കുറച്ച് നയതന്ത്രപരമായും ചൈനയെ നേരിടാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഗാൽവാനിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിലും ഇത്തരത്തിലുള്ള നീക്കങ്ങളുണ്ടാകും.

ചൈനീസ് ആപ്പുകൾ നിരോധിക്കുകയും പൊതു മേഖല സ്ഥാപനങ്ങൾ ചൈനീസ് കമ്പനികളിൽ നിന്ന് പിന്മാറുകയും ചെയ്തത്തിന് പിന്നാലെ ചൈനയിൽ നിന്നുള്ള ഊർജമേഖലയിലേക്കുള്ള ഇറക്കുമതി വേണ്ടെന്ന് വയ്ക്കാനും ഇന്ത്യ തീരുമാനിച്ചു കഴിഞ്ഞു. ഇതുവഴി സാമ്പത്തിക ഉപരോധമെന്ന നയതന്ത്ര വഴിയാകാം ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്. എന്നാൽ ഇന്ത്യയുടെ ഈ നീക്കങ്ങളെല്ലാം തന്നെ ചൈനയ്ക്ക് അന്തർദേശീയ നിയമ ട്രിബ്യൂണലുകൾക്ക് മുമ്പാകെ അവതരിപ്പിക്കാനും നിയമപോരാട്ടങ്ങൾക്ക് തുടക്കം കുറിക്കാനും വഴിയൊരുക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്.

2007 ൽ ഇന്ത്യ ചൈനയുമായി ഒപ്പു വച്ചിട്ടുള്ള വ്യാവസായിക നിക്ഷേപ കരാർ അന്താരാഷ്ട്ര വാണിജ്യ നിയമങ്ങൾക്ക് അനുസൃതമായവയാണ്. അതുകൊണ്ടുതന്നെ ചട്ടങ്ങളെ വൈകാരികതയുടെ പേരിൽ ഇന്ത്യക്ക് ലംഘിക്കാനാവില്ല. നിക്ഷേപക രാഷ്ട്രവും നിക്ഷേപം സ്വീകരിക്കുന്ന രാഷ്ട്രവും തമ്മിൽ തർക്കങ്ങൾ ഉടലെടുത്താൽ ഇരുകക്ഷികൾക്കും അത് ഇന്റർനാഷണൽ ആർബിട്രേഷൻ ട്രിബ്യൂണലിന്റെ പരിഗണനയ്ക്ക് കൊണ്ടുവരാവുന്നതാണ്. സ്വാഭാവികമായും ഇപ്പോഴത്തെ സാഹചര്യത്തിൽ ചൈന ട്രിബ്യൂണലിനെ സമീപിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഇന്ത്യ നിരത്താൻ സാധ്യതയുള്ള അതിർത്തി തർക്കങ്ങളും സംഘർഷവും ഒന്നും ബിഐടി ചട്ടങ്ങളുമായി ബന്ധമില്ലാത്തതും അതുകൊണ്ടുതന്നെ അവരുടെ പരിഗണനാ വിഷയവുമല്ല. ഇന്ത്യയുടെ ബഹിഷ്ക്കരണത്തിനെതിരെ ചൈന ട്രിബ്യൂണലുകളെ സമീപിക്കുന്നത് നിക്ഷേപകനും നിക്ഷേപക രാഷ്ട്രവും തമ്മിലുള്ള തർക്കപരിഹാരം (ഇൻവെസ്റ്റർ സ്റ്റേറ്റ് ഡിസ്പ്യൂട്ട് സെറ്റിൽമെന്റ് ‑ഐഎസ്ഡിഎസ്) നിബന്ധനകൾ അനുസരിച്ചായിരിക്കും.

ഇന്ത്യ ഇപ്പോൾതന്നെ വിവിധ രാജ്യങ്ങളുമായി ഇരുപതിലേറെ ഐഎസ്ഡിഎസ് വ്യവഹാരങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ലക്ഷക്കണക്കിന് ഡോളർ ഇതിനായി ദുർവ്യയം ചെയ്യുന്നുമുണ്ട്. വോഡാഫോണും കയ്റിൻ എനർജിയും അമിത നികുതി ചുമത്തിയെന്ന പേരിൽ കേന്ദ്രസർക്കാരിനെതിരെ നൽകിയിരിക്കുന്ന പരാതിയാണ് ഇന്ത്യക്കെതിരെ ഉയർന്നിട്ടുള്ള അവസാനത്തെ ഐഎസ്ഡിഎസ് കേസ്. ചൈനീസ് ബഹിഷ്ക്കരണത്തോടെ ഐഎസ്ഡിഎസ് വ്യവഹാരങ്ങളുടെ ഒരു നിര തന്നെ ഇന്ത്യക്കെതിരെ ഉയർന്നുവരാമെന്ന് നിയമ വിദഗ്ധർ പറയുന്നു. ഇന്ത്യ ചൈനീസ് ആപ്പുകൾ നിരോധിച്ചത് ഫെയർ ആന്റ് ഇക്വിറ്റബിൾ (എഫ്ഇടി) യുടെ വ്യവസ്ഥയുടെ ലംഘനമാണെന്ന് കാട്ടിയും ചൈനയ്ക്ക് അന്താരാഷ്ട്ര കോടതികളെ സമീപിക്കാനാവും.

ഉഭയകക്ഷി കരാറിന് വിരുദ്ധം

2007 മുതൽ ഇന്ത്യക്ക് ചൈനയുമായി ഉഭയകക്ഷി നിക്ഷേപ കരാർ (ബിഐടി) നിലവിലുള്ളതാണ്. ഈ കരാറുകൾ പ്രകാരം ചൈനയിൽ നിന്നുള്ള നിക്ഷേപകർക്ക് ലോക വാണിജ്യ സംഘടന നിഷ്കർഷിക്കുന്ന നിയമങ്ങളനുസരിച്ചുള്ള പരിരക്ഷയുമുണ്ട്. ലോകവാണിജ്യ സംഘടന അനുശാസിക്കുന്ന നിയമങ്ങളുടെ ലംഘനമാണ് ഇന്ത്യ നടത്തുന്നതെന്ന് വാദിക്കാനും പ്രശ്നം ട്രിബൂണലുകളുടെ പരിഗണയ്ക്കായി സമർപ്പിക്കാനും ചൈനയ്ക്ക് കഴിയും. ഇന്ത്യയുടെ ഏകപക്ഷീയമായ ചൈനീസ് ഉല്പന ബഹിഷ്ക്കരണങ്ങൾ രാജ്യാന്തര നിക്ഷേപ നിയമങ്ങളുടെയും ഉഭയകക്ഷി നിക്ഷേപ കരാർ ചട്ടങ്ങളുടെ പരിധിയിലും വരുന്ന നടപടികളാണ്.

2018 ഒക്ടോബർ 3 ന് ഇന്ത്യ ചൈനയുമായുള്ള നിരവധി മുൻ ഉഭയകക്ഷി കരാറുകൾ ഏകപക്ഷീയമായി റദ്ദാക്കിയിരുന്നു. മോഡി സർക്കാർ അധികാരത്തിൽ വന്ന ശേഷം ഉഭയകക്ഷി കരാറുകളിൽ ഭേദഗതി വരുത്തിയതിന്റെ ഭാഗമായാണ് ആദ്യ കരാറുകൾ റദ്ദാക്കിയത്. ഇത്തരത്തിൽ 60 രാഷ്ട്രങ്ങളുമായുള്ള ഉഭയകക്ഷി കരാറുകൾ റദ്ദാക്കപ്പെട്ടിരുന്നു. ചൈനയുമായുള്ള കരാറുകളും ഇതിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യ‑ചൈന കരാറിലെ ചട്ടം 16 (2) പ്രകാരം ഏകപക്ഷീയമായി ഒരു രാഷ്ട്രം കരാർ റദ്ദാക്കിയാൽ പോലും റദ്ദാക്കിയ അന്നുമുതൽ കരാറിലെ നിക്ഷേപ വ്യവസ്ഥകൾ അടുത്ത പതിനഞ്ച് വർഷത്തോളം നിലനിൽക്കുമെന്നും സാധുതയുണ്ടായിരിക്കുമെന്നുമാണ്.

Eng­lish sum­ma­ry: India chi­na trade war fol­low up

You may also like this video: