നോട്ടുനിരോധനത്തിന്റെ മറവില്‍ വന്‍ അഴിമതി

സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്റെ മറവില്‍ കേന്ദ്ര സര്‍ക്കാരും ബിജെപിയും വന്‍ അഴിമതി നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്. നോട്ട് നിരോധനത്തിന് മുമ്പ് ഒരു ലക്ഷം കോടി രൂപയുടെ മൂന്ന് സീരീസ് നോട്ടുകള്‍ വിദേശത്ത് നിന്ന് അച്ചടിച്ച് വ്യോമസേനയുടെ വിമാനങ്ങളില്‍ എത്തിച്ച് അസാധു നോട്ടുകള്‍ മാറ്റി നല്‍കിയെന്നാണ് പുതിയ ആരോപണം. ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുദിവസം മാത്രം ബാക്കിയുള്ള സമയത്ത് ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണം ബിജെപിക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.
സര്‍ക്കാര്‍ ജീവനക്കാരുടെയും ബാങ്ക് ഉദ്യോഗസ്ഥരുടെയും സഹായത്തോടെ കോടിക്കണക്കിന് രൂപ ബിജെപിയുടെ ഇഷ്ടക്കാര്‍ മാറിയെടുത്തുവെന്നതിന്റെ തെളിവാണ് പുറത്തുവിട്ടിരിക്കുന്നത്.
മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ കോര്‍പ്പറേഷന്റെ ഗോഡൗണില്‍ പണം കൈമാറുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടു. കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കപില്‍ സിബലാണ് തെളിവുകള്‍ പുറത്തുവിട്ടത്. അതേസമയം ആരോപണത്തോട് പ്രതികരിക്കാന്‍ ബിജെപി തയ്യാറായിട്ടില്ല.
വിദേശത്ത് വച്ച് നോട്ടുകള്‍ അച്ചടിച്ചതിനെക്കുറിച്ചും അത് ഇന്ത്യന്‍ വ്യോമസേനയുടെ വിമാനങ്ങളുപയോഗിച്ച് ഡല്‍ഹിയിലെ ഹിന്ദോണ്‍ വ്യോമത്താവളത്തില്‍ എത്തിച്ചതിനെക്കുറിച്ചും സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ വീഡിയോയില്‍ പങ്കുവയ്ക്കുന്നുണ്ട്.
ക്യാബിനറ്റ് സെക്രട്ടേറിയറ്റിലെ രാഹുല്‍ രഥ്രേഖര് എന്ന ഫീല്‍ഡ് അസിസ്റ്റന്റാണ് വ്യോമസേനയുടെ പങ്ക് സംബന്ധിച്ച വിവരങ്ങള്‍ വിശദീകരിക്കുന്നത്. അമിത്ഷായുടെ അറിവോടെയാണ് അഴിമതി നടന്നതെന്ന് വീഡിയോയില്‍ വ്യക്തമാക്കുന്നു.
ഊര്‍ജിത് പട്ടേലിന്റെ ഒപ്പുള്ള പുതിയ കറന്‍സികള്‍ നോട്ട് നിരോധനത്തിന് ഏതാണ്ട് ആറ് മാസം മുമ്പ് തന്നെ അച്ചടിച്ചതാണെന്ന് ഇയാള്‍ അവകാശപ്പെടുന്നു. ഒറ്റയടിക്ക് 320 കോടി രൂപ വരെ അടുപ്പക്കാര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബാങ്ക് ജീവനക്കാരും മാറ്റി നല്‍കിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ ഓഫീസിലെ ഒരു പ്രത്യേക വിഭാഗമാണ് ഇതിന് മേല്‍നോട്ടം നല്‍കിയത്. വ്യത്യസ്ത വകുപ്പുകളിലുള്ള 26 പേരെയാണ് ഇതിനായി റിക്രൂട്ട് ചെയ്തത്. ആര്‍ബിഐയുടെ പല ഓഫീസുകളിലായി ഇവരെ പോസ്റ്റ് ചെയ്തു.
നോട്ട് നിരോധനം പ്രഖ്യാപിക്കും മുമ്പ് തന്നെ വലിയ രാഷ്ട്രീയക്കാര്‍ക്കും ബിസിനസ് ഹൗസുകള്‍ക്കും ബാങ്കുകള്‍ക്കും ഈ അച്ചടിച്ച പുതിയ നോട്ടുകള്‍ നല്‍കിക്കഴിഞ്ഞിരുന്നുവെന്നും രഥ്രേക്കര് അവകാശപ്പെടുന്നു.
റിലയന്‍സ് ജിയോയുടെ ഡാറ്റാബേസ് ഉപയോഗിച്ചാണ് ആര്‍ബിഐയ്ക്ക് ഈ ഫണ്ട് വീണ്ടും വീണ്ടും നല്‍കിയതായി ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് വ്യാജരേഖകളുണ്ടാക്കിയതെന്ന് ഇയാള്‍ വീഡിയോയില്‍ പറയുന്നു. പണമിടപാട് നടത്തുമ്പോള്‍ പൊലീസോ, ക്രൈംബ്രാഞ്ചോ, വിജിലന്‍സോ ഇടപെട്ടിരുന്നില്ല. ആരെങ്കിലും വന്നാല്‍ത്തന്നെ ഡല്‍ഹിയില്‍ നിന്ന് കോള്‍ വരുമായിരുന്നുവെന്നും ഇയാള്‍ വെളിപ്പെടുത്തി. രണ്ട് തവണ അമിത് ഷായുടെ പേര് രാഹുല്‍ രഥ്രേഖര് വീഡിയോയില്‍ പരാമര്‍ശിക്കുന്നുണ്ട്. 40 ശതമാനം കമ്മിഷന് വാങ്ങി അസാധുനോട്ടുകള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബാങ്കുകാരും മാറി നല്‍കിയെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.