Monday
18 Feb 2019

ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതെ ഇന്ത്യ

By: Web Desk | Tuesday 10 July 2018 10:24 PM IST

karyavicharam

പല കാര്യങ്ങളിലും ലോകത്ത് ഒന്നാം സ്ഥാനത്തെത്താന്‍ ഇന്ത്യ മത്സരിക്കുകയാണ്. പ്രധാനമന്ത്രിയുടെ വിദേശയാത്രകാര്യത്തില്‍, സ്ത്രീപീഡനവിഷയത്തില്‍, പട്ടിണിയുടെ കാര്യത്തില്‍, അങ്ങനെ പലതിലും.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിദേശയാത്രകള്‍ക്കായി ഇതുവരെ ചെലവഴിച്ചത് 355 കോടി രൂപ. 41 യാത്രകളിലായി 52 രാജ്യങ്ങള്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ചുകഴിഞ്ഞു. ആകെ 165 ദിവസങ്ങള്‍ പ്രധാനമന്ത്രി വിദേശത്തായിരുന്നു. ഫ്രാന്‍സ്, ജര്‍മ്മനി, കാനഡ എന്നീ രാജ്യങ്ങളിലേക്ക് നടത്തിയ യാത്രയാണ് ഏറ്റവും ചെലവേറിയത്. ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി ഒമ്പത് ദിവസമാണ് മോഡി ചിലവഴിച്ചത്. ഈ യാത്രയ്ക്ക് 31.25 കോടി രൂപ ചെലവായി.
ലോകത്ത് കുറഞ്ഞകാലംകൊണ്ട് (നാല് വര്‍ഷം) കൂടുതല്‍ നാടുകള്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോഡിയായിരിക്കും. പറന്നുകളിക്കാന്‍ ചിലവിട്ട പണം നല്ലകാര്യത്തിന് ചെലവഴിച്ചിരുന്നുവെങ്കില്‍ മോഡിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തെങ്കിലും രക്ഷപ്പെട്ടേനെ. ജിഎസ്ടി വന്നതുമൂലം ഏതെങ്കിലും ഒരു വസ്തുവിന് വില കുറഞ്ഞതായി പറയാനാകുമോ? 28 ശതമാനത്തില്‍ നിന്ന് 21 ശതമാനത്തിലേക്ക് നികുതി ഇറങ്ങുമെന്ന് അവകാശപ്പെട്ടവര്‍, പണ്ട് പതിനഞ്ച് ലക്ഷം രൂപ വീതം ഇന്ത്യയിലെ ഓരോ പൗരന്റെയും ബാങ്ക് അക്കൗണ്ടില്‍ എത്തിക്കുമെന്ന് പറഞ്ഞവര്‍ തന്നെയാണ്.
സ്ത്രീപീഡന വിഷയത്തിലും ഇന്ത്യ ഒന്നാമതായി. 193 ലോകരാഷ്ട്രങ്ങളിലെ സ്ഥിതിവിവരകണക്കുകളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ സ്ത്രീപിഡനത്തിന്റെ തോത് 83 ശതമാനം ഉയര്‍ന്നു. ഓരോ മണിക്കൂറിലും നാല് ഇന്ത്യന്‍ പെണ്ണുങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു. മധ്യപ്രദേശ് നിയമസഭാംഗവും ബിജെപിക്കാരിയുമായ ‘നീലം അഭയ്മിശ്ര’ സഭയില്‍ കരഞ്ഞുപറഞ്ഞത് തന്നെ മുതിര്‍ന്ന നേതാവ് നിരന്തരം ദ്രോഹിക്കുന്നുവെന്നാണ്.
ലോകത്ത് ഏറ്റവുമധികം (40 കോടി) ജനങ്ങള്‍ പട്ടിണി കിടക്കുന്ന നാടാണ് ഭാരതം. ഈ ഒന്നാം സ്ഥാനം ആര്‍ക്കും വിട്ടുകൊടുക്കാതിരിക്കാനാണോ എന്നു തോന്നുമാറ് ദാരിദ്ര്യം ഇല്ലായ്മ ചെയ്യാന്‍ ഫലപ്രദമായ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. ലോകത്തിലെ ഏറ്റവും വലിയതും വിസ്തൃതവുമായ നികുതിഘടന (ജിഎസ്ടി) ഉള്ള നാടാണ് ഭാരതം. ഇതുകാരണം, ഇന്‍സ്‌പെക്ടര്‍ രാജ് ഇന്ത്യയിലില്ലെന്ന് മന്‍കിബാത്തില്‍ പ്രധാനമന്ത്രി പറഞ്ഞിട്ട് ഒരാഴ്ചയേ ആയുള്ളൂ.
മികച്ചതെന്ന് ഭരണകൂടം അവകാശപ്പെടുന്ന നികുതി പരിഷ്‌കരണത്തിന്റെ ഗുണം പൗരന്മാര്‍ക്ക് ലഭിച്ചിട്ടില്ല. പണക്കാര്‍ക്കും കമ്പനി അധികാരികള്‍ക്കുമുണ്ടായ പരിഷ്‌കരണങ്ങളല്ലാതെ അധികമാറ്റങ്ങള്‍ ഇന്ത്യയിലുണ്ടായിട്ടില്ല. ദേശീയ തൊഴിലുറപ്പ് പദ്ധതി മാറ്റി നിര്‍ത്തിയാല്‍ എഴുപത് വര്‍ഷത്തിനിടയില്‍ പട്ടിണിക്കാരുടെ വയറനേ്വഷിച്ച് ഭാരതത്തിന്റെ പൊതുഫണ്ടെത്തിയ മറ്റൊരു ഉദാഹരണം പറയാനുണ്ടാകില്ല.
മികച്ച വിഭവസമ്പത്തും മനുഷ്യവിഭവശേഷിയുമുള്ള ഇന്ത്യ എന്തുകൊണ്ട് കരകയറുന്നില്ല. സിങ്കപ്പൂരും തുര്‍ക്കിയും ഭരണമികവില്‍ മാറ്റങ്ങള്‍ കൊയ്ത നാടുകളാണ്. സിങ്കപ്പൂര്‍ സര്‍ക്കാര്‍ പൗരന്‍മാര്‍ക്ക് വാര്‍ഷികബോണസ് നല്‍കുന്നുണ്ട്. വരുമാന മിച്ചത്തിന്റെയും പൗരപരിഗണനയുടെയും പാഠം അതിലടങ്ങിയിട്ടുണ്ട്. ദാരിദ്ര്യത്തെ പടിക്ക് പുറത്താക്കാന്‍ തുര്‍ക്കി ഭരണത്തിനായി, ഇന്ത്യയ്‌ക്കോ?
മൃഗത്തിനെ രക്ഷിക്കാനെന്ന മറവില്‍ മനുഷ്യനെ കൊല്ലുന്ന ഏക രാജ്യം ഇന്ത്യയാണ്. പശുഭക്തര്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ എത്രപേരെയാണ് കൊന്നത്. ആശ്രമങ്ങള്‍ സ്ഥാപിച്ച് അനേകം തരുണികളെ മാനഭംഗപ്പെടുത്തുന്ന ദൈവാവതാരങ്ങളുള്ള ഏക രാജ്യവും ഭാരതമാണ്. മതത്തിന്റെ പേരില്‍ വലിയ അവഗണന നേരിടുന്ന രാഷ്ട്രവും ഭാരതം തന്നെ. മികവാര്‍ന്ന ഭരണഘടന, ഉല്‍കൃഷ്ടമായ പാരസ്പര്യം ഇതൊക്കെ കൈമുതലായ രാജ്യത്തിന്റെ യശസ് ഇല്ലാതാക്കിയ ഫാസിസ്റ്റ് ശക്തികളെ ഭരണമേല്‍പിച്ച പാപവും ഇന്ത്യാക്കാര്‍ക്കു തന്നെയാണ്.
അധികാരത്തിലൂടെ അവകാശങ്ങള്‍ക്ക് മീതെ സംഹാരതാണ്ഡവം നടത്തുന്ന രീതിശാസ്ത്രം ഇരുപത്തൊന്നാം നൂറ്റാണ്ടിലെ അധികാരമോഹികളുടെ ഹോബിയായി മാറിയിരിക്കുന്നു. ഇന്ത്യന്‍ സാഹചര്യത്തില്‍ ഭരണവും ഭരണക്രമവും വ്യത്യസ്ത മുന്നണികള്‍ക്കനുസൃതമായി മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. സ്ഥിരതയില്ലാത്ത നിലപാടുകള്‍ നിര്‍ലജ്ജം കുഴിച്ചുമൂടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
എന്നാല്‍, നിയമങ്ങളും ചട്ടങ്ങളും തങ്ങളുടേതു മാത്രമാണെന്ന അന്ധമായ വിശ്വാസത്തില്‍ പലപ്പോഴും അടിതെറ്റുന്ന കാഴ്ചയാണ് മോഡി സര്‍ക്കാരിലൂടെ ഓരോ ഇന്ത്യന്‍ പൗരനും കാണുന്നത്. ഫാസിസ്റ്റുകള്‍ അഴിച്ചുവിടുന്ന അസഹിഷ്ണുതയുടെ വേട്ടനായ്ക്കള്‍ ജനാധിപത്യത്തിന്റെ മൂല്യങ്ങളെ ഒന്നൊന്നായി കടിച്ചുകീറി തുടങ്ങിയിട്ട് വര്‍ഷം നാല് പിന്നിട്ടിരിക്കുന്നു. ഭരണഘടന കല്‍പിക്കുന്ന പല മൗലികാവകാശങ്ങള്‍ക്ക് മീതെയും രക്തചൊരിച്ചില്‍ നടത്തുന്നതിന് കണക്കില്ല. ഇവിടെയാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭൂമിയുടെ അവകാശികള്‍’ എന്ന രചനയ്ക്ക് പ്രസക്തിയേറുന്നത്.
നമ്മുടേതെന്ന് കരുതുന്ന പുരയിടം നമ്മുടേത് മാത്രമല്ല, പഴുതാരയുടെയും വവ്വാലുകളുടെയും എട്ടുകാലികളുടെയും സര്‍വജീവികളുടെയുമാണെന്ന അവകാശവാദം ഉന്നയിക്കുകയാണ് ഈ കൃതിയിലൂടെ ബഷീര്‍. ഇന്ത്യ ഹൈന്ദവരുടേത് മാത്രമല്ല, മുസ്‌ലിങ്ങളുടേതും ക്രൈസ്തവന്റേതും മറ്റെല്ലാ മതക്കാരുടേതുമാണെന്ന യാഥാര്‍ഥ്യം കൂടിയാണ് ബഷീറിന്റെ വാക്കുകള്‍ ഉദ്‌ഘോഷിക്കുന്നത്.
ഭാരതത്തിലെ ജനങ്ങളായ നാം എന്നാരംഭിക്കുന്ന 85 വാക്കുകളില്‍ ഭരണഘടനയുടെ ദര്‍ശനവും ചൈതന്യവും അടങ്ങിയിരിക്കുന്നു. ആ ചൈതന്യത്തിന് കോട്ടം വരുത്താനുള്ള പല തന്ത്രങ്ങളും നടത്താന്‍ സംഘപരിവാറിന്റെ ആശ്രിതരായ ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കും. ഭരണഘടനയില്‍ ആലേഖനം ചെയ്യപ്പെട്ട അഭിപ്രായ സ്വാതന്ത്ര്യത്തിനു വില കല്‍പിക്കാതെ കനയ്യമാര്‍ ഇവിടെ പീഡിപ്പിക്കപ്പെടുന്നു.
അതിനു മുന്നില്‍ വാ പൊളിച്ചിരിക്കുകയാണ് ഇന്ത്യന്‍ ജനത. സത്യത്തില്‍ ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യവും ചക്രശ്വാസം വലിച്ചുകൊണ്ടിരിക്കുകയാണ്. ഇങ്ങനെ ഒരു ഇന്ത്യയെയായിരുന്നില്ല മഹാത്മാഗാന്ധിയും ദാദാസാഹിബ് അംബേദ്കറും സ്വപ്‌നം കണ്ടത്.
പ്രകൃതിയുടെ ജീവജാലങ്ങളെല്ലാം ഭൂമിയുടെ അവകാശികളാണെന്നും തന്നെപോലെ സകല ജീവികള്‍ക്കും പ്രാധാന്യമുണ്ടെന്നും എല്ലാം ഒരു കുടുംബമാണെന്നും സമര്‍ഥിക്കുന്ന കഥയാണ് ഭൂമിയുടെ അവകാശികള്‍. അത് നമുക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. അതിനാലാണല്ലോ, വസ്തുനിഷ്ഠമായ കാര്യങ്ങളില്‍ ശ്രദ്ധകൊടുക്കാതെ ആരോപണങ്ങളുടെ പേരില്‍ അരുംകൊല ചെയ്യപ്പെടുന്ന സമ്പ്രദായത്തിന്റെ പരമ്പരകള്‍ ദിവസന്തോറും പത്രമാധ്യമങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.