ജനാധിപത്യ സൂചികയിൽ ഇന്ത്യ താഴേയ്ക്ക്

Web Desk

ന്യൂഡൽഹി

Posted on January 22, 2020, 11:50 pm

ജനാധിപത്യ സൂചികയിൽ ഇന്ത്യ പത്ത് സ്ഥാനം പിന്നിലേക്ക് പോയി. ഇക്കണോമിക്സ് ഇന്റലിജൻസ് യൂണിറ്റ് (ഇഐയു) പ്രസിദ്ധീകരിച്ച ജനാധിപത്യ സൂചികയിലാണ് ഇന്ത്യ 51-ാം സ്ഥാനത്തേയ്ക്ക് പതിച്ചത്. സൂചികയിൽ അനാരോഗ്യകരമായ ജനാധിപത്യം എന്ന പദവിയിലേക്കാണ് ഇന്ത്യ എത്തിച്ചേർന്നിരിക്കുന്നത്. 2006 ൽ റാങ്കിംഗ് ആരംഭിച്ചതു മുതലുള്ള സ്ഥാനം പരിശോധിച്ചാൽ ഇപ്പോഴത്തെ നില ഏറ്റവും പരിതാപകരമാണെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. 2018 ൽ 10 ൽ 7.23 ആയിരുന്ന സ്കോർ 2019 ൽ 6.9 ആയി താഴ്‌ന്നു. പൗരാവകാശങ്ങളുടെ ലംഘനമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.

2017 ൽ 42 ഉം 2018 ൽ 41 സ്ഥാനത്തായിരുന്നു ഇന്ത്യ. തെരഞ്ഞെടുപ്പ് പ്രക്രിയയും ബഹുസ്വരതയും, പൗരസ്വാതന്ത്ര്യം, സർക്കാരിന്റെ പ്രവർത്തനം, രാഷ്ട്രീയ പങ്കാളിത്തം, രാഷ്ട്രീയ സംസ്കാരം എന്നിവയെ അടിസ്ഥാനമാക്കിയുമാണ് ഇഐയു ജനാധിപത്യ സൂചിക തയ്യാറാക്കുന്നത്. തുടർന്ന് ഓരോ രാജ്യത്തിനും ലഭിച്ച സ്കോറുകളുടെ അടിസ്ഥാനത്തിൽ അവയെ സമ്പൂർണ്ണ ജനാധിപത്യം, തെറ്റായ ജനാധിപത്യം, ഹൈബ്രിഡ് ഭരണം (ഭാഗിക ജനാധിപത്യം) സ്വേച്ഛാധിപത്യം എന്നിങ്ങനെ നാലായി തരംതിരിക്കുന്നു.  165 രാജ്യങ്ങൾ, രണ്ട് പ്രദേശങ്ങൾ എന്നിവയുടെ രാഷ്ട്രീയ സംവിധാനമാണ് ഇഐയു പഠന വിധേയമാക്കിയത്. 2006 മുതലുള്ള വർഷങ്ങളെ താരതമ്യപ്പെടുത്തിയാൽ 2019 ൽ ജനാധിപത്യത്തിന്റെ അപചയമാണ് ഈ രാജ്യങ്ങളിൽ ഉണ്ടാകുന്നതെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു. 2019 ൽ ശരാശരി ആഗോള സ്കോർ 5.48ൽ നിന്നും 5.44 ആയി താഴ്ന്നെന്നും ഇഐയു ചൂണ്ടിക്കാട്ടി.

Eng­lish Sum­ma­ry: India down in democ­ra­cy index

You may also like this video