കശ്മീരും പൗരത്വവും തിരിച്ചടിയായി; ആഗോള ജനാധിപത്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം താഴോട്ട്

Web Desk

ന്യൂഡല്‍ഹി

Posted on January 22, 2020, 8:32 pm

ഇക്കണോമിക് ഇന്റലിജൻസ് യൂണിറ്റ് പുറത്തിറക്കിയ ആഗോള ജനാധിപത്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം താഴോട്ട്. 41ൽ നിന്ന് 10 സ്ഥാനം നഷ്ടപ്പെടുത്തി ഇന്ത്യ 51ാം റാങ്കിലെത്തി. തെരഞ്ഞെടുപ്പ് പ്രക്രിയ, ബഹുസ്വരത, സർക്കാരിന്റെ പ്രവർത്തനം, രാഷ്ട്രീയ പങ്കാളിത്തം, രാഷ്ട്രീയ സംസ്കാരം, പൗരസ്വാതന്ത്രം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് സൂചിക തയ്യാറാകുന്നത്. 2018ൽ ഇന്ത്യയുടെ സ്കോർ 7.23 ആയിരുന്നു. 2019ൽ 6.90 ആയി കുറഞ്ഞു. 9.87 സ്കോറോടെ നോർവേയാണ് പട്ടികയിൽ മുന്നിൽ. 1.08 മാർക്ക് നേടിയ ഉത്തരകൊറിയ പട്ടികയിൽ അവസാനമാണ്.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ പട്ടികയിൽ പിന്നിലേയ്ക്ക് പോകാനുള്ള കാരണങ്ങൾ കശ്മീരിന് പ്രത്യേക പദവി റദ്ദാക്കൽ, ദേശീയ പൗരത്വ പട്ടിക അസമിൽ നടപ്പാക്കൽ തുടങ്ങിയ വിവാദ വിഷയങ്ങളാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ആർട്ടിക്കിൾ 370, 35 എ എന്നിവ എടുത്തുകളയുന്നതിന് മുമ്പ് വലിയ രീതിയിൽ സൈന്യത്തെ വിന്യസിച്ച് ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ കവർന്നതായും കുറ്റപ്പെടുത്തി. മുതിർന്ന നേതാക്കളെയടക്കം തടവിലാക്കി, ഇന്റർനെറ്റ് വിച്ഛേദിച്ച് കശ്മീരിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

പൗരത്വ നിയമ ഭേദഗതി മുസ്ലിം വിഭാഗത്തിന്റെ എതിർപ്പിന് ഇടയാക്കിയിട്ടുണ്ട്. നഗരങ്ങളിൽ വലിയ രീതിയിലുള്ള പ്രക്ഷോഭത്തിനും വർഗീയ ധ്രുവീകരണത്തിനും കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നു. 165 രാജ്യങ്ങളിലേയും രണ്ട് പ്രവിശ്യകളിലേയും ഭരണ വ്യവസ്ഥകളേയും രാഷ്ട്രീയ സംവിധാനങ്ങളേയും കുറിച്ച് പഠിച്ചാണ് റിപ്പോർട്ട് തയ്യാറിക്കിയത്. 22 രാജ്യങ്ങളിലാണ് പൂർണ ജനാധിപത്യം നിലവിലുള്ളത്.

Eng­lish Sum­ma­ry: India drops 10 places in Democ­ra­cy Index in ‘tumul­tuous year’ for Asia