Web Desk

ചെന്നെെ

February 08, 2021, 11:44 am

നാലാം ദിനം നിലംപൊത്തി ഇന്ത്യ; ഇംഗ്ലണ്ടിന് 241 റണ്‍സിന്റെ ലീഡ്

Janayugom Online

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 337 ന് പുറത്ത്.  ഇംഗ്ലണ്ടിന് 241 റണ്‍സിന്റെ ലീഡ് ലഭിച്ചു. ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍ നടത്തിയ മികച്ച ബാറ്റിംഗ് പ്രകടനമാണ് ഇംഗ്ലണ്ടിനെതിരെയുള്ള ലീഡ് 250ല്‍ താഴെ എത്തിച്ചത്. 138 പന്തില്‍ 12 ഫോറും രണ്ട് സിക്സും ഉള്‍പ്പടെ 85 റണ്‍സെടുത്ത് സുന്ദര്‍ പുറത്താകാതെ നിന്നു. ആറിന് 257 റണ്‍സെന്ന നിലയിലാണ് നാലാം ദിനം ഇന്ത്യ ബാറ്റിംഗ് ആരംഭിച്ചത്. സ്കോര്‍ മുന്നൂറ് കടന്നപ്പോള്‍ തന്നെ ആര്‍ അശ്വിന്റെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. പിന്നീട് എത്തിയ മൂന്ന് വാലറ്റക്കാര്‍ ചേര്‍ന്ന് നാല് റണ്‍സാണ് കൂട്ടിചേര്‍ത്തത്. ഇംഗ്ലണ്ടിനായി ഡൊമിനിക് ബെസ്സ് നാല് വിക്കറ്റ് നേടി. ആര്‍ച്ചര്‍, ആന്‍ഡേഴ്സണ്‍, ജാക് ലീച്ച് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.

രണ്ടാം ഇന്നിംങ്സില്‍ ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ ജോസഫ് ബേണ്‍സിനെ അശ്വിന്റെ പന്തില്‍ രഹാനെ ക്യാച്ചെടുത്തു.

നേരത്തെ 73 റണ്‍സ് ചേര്‍ക്കുന്നതിനിടെ നാലു വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ചേതേശ്വര്‍ പൂജാര — റിഷഭ് പന്ത് സഖ്യമാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 119 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 143 പന്തുകള്‍ നേരിട്ട് 11 ബൗണ്ടറികളടക്കം 73 റണ്‍സെടുത്ത പൂജാരയെ പുറത്താക്കി ഡൊമിനിക് ബെസ്സാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന റിഷഭ് പന്തിനെയും ബെസ്സ് മടക്കി. 88 പന്തില്‍ നിന്ന് അഞ്ചു സിക്‌സും ഒമ്പത് ഫോറുമടക്കം 91 റണ്‍സായിരുന്നു പന്തിന്റെ സമ്പാദ്യം. രോഹിത് ശര്‍മ (6), ശുഭ്മാന്‍ ഗില്‍ (29), നായകന്‍ വിരാട് കോലി (11), അജിങ്ക്യ രഹാനെ (1) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്സ്മാന്‍മാര്‍.

ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ അനായാസം റണ്‍സ് വാരിക്കൂട്ടിയ പിച്ചിലാണ് ഇന്ത്യയുടെ ഈ ദയനീയ ബാറ്റിങ് പ്രകടനം. ജയിക്കാന്‍ ഇനി കഴിയില്ലെങ്കിലും ഈ ടെസ്റ്റ് സമനിലയിലെങ്കിലും അവസാനിപ്പിച്ച് മുഖം രക്ഷിക്കാനായിരിക്കും ഇനി കോലിപ്പടയുടെ ശ്രമം. നേരത്തെ ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ ഡബിള്‍ സെഞ്ചുറിയുടെ (218) കരുത്തില്‍ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 578 റണ്‍സെടുത്തു. എട്ടുവിക്കറ്റിന് 555 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് 23 റണ്‍സ് കൂടിയേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ.

Eng­lish sum­ma­ry; india- Eng­land first test day 4 updates 

You may also like this video;