Web Desk

അഹമ്മദാബാദ്

February 24, 2021, 6:39 pm

പിങ്ക് ടെസ്റ്റ്; ഇം​ഗ്ലണ്ട് 112 റണ്‍സിന് പുറത്ത്, അക്‌സര്‍ പട്ടേലിന് ആറ് വിക്കറ്റ്

Janayugom Online

ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇം​ഗ്ലണ്ട് 112 റണ്‍സിന് പുറത്ത്. ആറ് വിക്കറ്റ് വീഴ്ത്തിയ അക്‌സര്‍ പട്ടേലാണ് ഇംഗ്ലണ്ടിന്റെ നടുവൊടിച്ചത്. രവിചന്ദ്ര അശ്വിന്‍ മൂന്ന് വിക്കറ്റും ഇഷാന്ത് ശര്‍മ്മ ഒരു വിക്കറ്റും നേടി. ഇംഗ്ലണ്ട് നിരയില്‍ ഭേദപ്പെട്ട പ്രകനം നടത്തിയത് ഓപ്പണർ സാക്ക് ക്രോളി മാത്രമാണ്. 84 പന്തില്‍ നിന്ന് 53 റണ്‍സെടുത്തു. ഇന്നിംഗ്സിന്റെ ഒരു ഘട്ടത്തില്‍ പോലും ഇംഗ്ലണ്ടിന് ആധിപത്യം പുലര്‍ത്താനായില്ല. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ റണ്‍സൊന്നും എടുത്തിട്ടില്ല.

മൂന്നാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ഇന്ത്യ വിക്കറ്റ് വേട്ട ആരംഭിച്ചു. 100-ാം അന്താരാഷ്ട്ര മത്സരം കളിക്കുന്ന ഇഷാന്ത്, ഇംഗ്ലണ്ടിന്റെ ഓപ്പണര്‍ സിബ്ലിലിയെ രോഹിത്തിന്റെ കെെകളില്‍ എത്തിച്ചു. സ്കോർ 27‑ൽ നിൽക്കെ ജോണി ബെയർസ്റ്റോയെ പുറത്താക്കി അക്ഷർ പട്ടേല്‍ ഇം​ഗ്ലണ്ടിനെ ഞെട്ടിച്ചു. തകർച്ച നേരിട്ട ഇം​ഗ്ലണ്ടിനെ റൂട്ടും ഓപ്പണർ സാക്ക് ക്രോളിയും ചേർന്ന് രക്ഷിക്കുകയായിരുന്നു. ഇരുവരും ചേർന്ന് 47 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ സ്കോർ 74- ൽ നിൽക്കെ റൂട്ടിനെ പുറത്താക്കി അശ്വിൻ വീണ്ടും ഇം​ഗ്ലണ്ടിനെ പരുങ്ങലിലാക്കി. 80‑ൽ നിൽക്കേ 53 റൺസെടുത്ത ഓപ്പണർ സാക്ക് ക്രോളിയുടെ വിക്കറ്റ് അക്ഷർ പട്ടേൽ എടുത്തു. 81 ന് നാല് എന്ന നിലയിൽ ചായയ്ക്ക് ശേഷം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന്റെ ശേഷിക്കുന്ന ആറ് വിക്കറ്റ് 31 റണ്‍സ് കൂട്ടിചേര്‍ക്കുന്നതിനിടെ നഷ്ടപ്പെട്ടു.

ആദ്യ രണ്ട് ടെസ്റ്റുകളില്‍ ഓരോന്ന് ജയിച്ചുകഴിഞ്ഞ ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ഈ ടെസ്റ്റില്‍ ജയം അനിവാര്യം. ശേഷിക്കുന്ന രണ്ട് ടെസ്റ്റില്‍ ഒരു ജയവും ഒരു സമനിലയുമുണ്ടെങ്കില്‍ ഇന്ത്യയ്ക്ക് ഫൈനലിലെത്താം. നരേന്ദ്ര മോദി സ്‌റ്റേഡിയമെന്ന് പുനഃര്‍നാമകരണം ചെയ്ത സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ അന്താരാഷ്ട്ര മത്സരമാണ് നടക്കുന്നത്.

Eng­lish sum­ma­ry: India- Eng­land third test 

You may also like this video: