‘ഇന്ത്യയെ കാത്തിരിക്കുന്നത് വന്‍ സാമ്പത്തിക പ്രതിസന്ധി’

Web Desk
Posted on May 09, 2019, 11:37 am

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഘടനാപരമായ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുവെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രിയുടെ സാമ്പത്തികോപദേശക സമിതി അംഗം രഥിന്‍ റോയ്. ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ സംഭവിച്ച കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് സമാനമായ അവസ്ഥയിലേക്കാണ് രാജ്യം നീങ്ങുന്നത്, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസിയുടെ ഡയറക്ടര്‍ കൂടിയായ രഥിന്‍ എന്‍ഡിടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി. കേന്ദ്ര ഭരണാധികാരികളുടെ അമിതമായ അവകാശവാദങ്ങളെ ഭംഗ്യന്തരേണ വിമര്‍ശിക്കുന്ന പരാമര്‍ശവും അദ്ദേഹത്തില്‍ നിന്നുണ്ടായെന്നത് കൗതുകകരമാണ്. ഇന്ത്യ ഇപ്പോഴത്തെ സാഹചര്യത്തില്‍ ചൈനയോ കൊറിയയോ ആയല്ല ലോകത്ത് വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബ്രസീലോ ദക്ഷിണാഫ്രിക്കയോ ആകാനാണ് സാധ്യതയെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. വളര്‍ച്ചയുടെ കാര്യത്തില്‍ ചൈനയെയും ഇന്ത്യ മറികടക്കുമെന്ന കേന്ദ്ര ഭരണാധികാരികളുടെ അവകാശവാദത്തോടുള്ള വിമര്‍ശനമായി ഇതിനെ കാണാം. ബ്രസീലിനും ദക്ഷിണാഫ്രിക്കയ്ക്കും സമാനമായ സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യംനേരിടുന്നതെന്ന് അഭിമുഖത്തില്‍ അദ്ദേഹം ഊന്നിപ്പറയുന്നുണ്ട്.

ജനസംഖ്യയില്‍ വലിയൊരു ശതമാനം ഇപ്പോഴും ദാരിദ്ര്യത്തില്‍ തുടരുന്ന ഒരു രാജ്യമെന്ന നിലയ്ക്ക് ഈ പ്രതിസന്ധി ഇന്ത്യയ്ക്ക് നേരിട്ടേ മതിയാകു. ഇത് രാജ്യത്തെ കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും. സാമ്പത്തിക വളര്‍ച്ച ഒരു നിശ്ചിത ഘട്ടത്തിലെത്തുമ്പോള്‍ മുരടിപ്പ് നേരിടേണ്ടി വരികയും തുടര്‍ന്ന് കൂപ്പുകുത്തി വീഴുകയും ചെയ്യുന്ന സാമ്പത്തികാവസ്ഥയിലേക്കാണ് ഇന്ത്യ നീങ്ങുന്നത്. സാമ്പത്തിക വിദഗ്ധര്‍ ഈ പ്രതിസന്ധിയെ മധ്യവര്‍ഗ വരുമാനത്തിന്റെ കെണി (മിഡില്‍ ഇന്‍കം ട്രാപ്പ് ) എന്നാണ് വിശേഷിപ്പിക്കുന്നത്.
കടവാഹനവിപണിയുടെ തളര്‍ച്ച, അതിവേഗം വിറ്റഴിയുന്ന ഉപഭോഗ ഉത്പന്നങ്ങളുടെ വില്‍പനയിലുള്ള ഇടിവ്, വിമാനയാത്രകളിലും വിനോദ സഞ്ചാരങ്ങളിലും പ്രകടമായ മാന്ദ്യം എന്നിവയെല്ലാം സാമ്പത്തിക കുരുക്കിലേക്ക് രാജ്യം നീങ്ങുന്നുവെന്ന് ബോധ്യപ്പെടുത്തുന്നു. വരുമാനത്തിലെ ഇടിവും പണത്തിന്റെ ലഭ്യത കുറയുന്നതും തുടര്‍ന്നുടലെടുക്കുന്ന പ്രതിസന്ധിയും ജനത്തിന്റെ വാങ്ങല്‍ ശേഷി ഇല്ലാതാക്കുന്നു. രാജ്യത്തിന്റെ വളര്‍ച്ചക്ക് വഴിയൊരുക്കിയ പത്തു കോടിയോളം വരുന്ന ഉപഭോക്താക്കള്‍ വഴിയോര കാഴ്ചക്കാരായി മാറുന്ന യാഥാര്‍ഥ്യത്തിലേക്കാണ് രാജ്യം നീങ്ങുന്നതെന്ന് രഥിന്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയുടെ വേഗം കുറയുന്നുവെന്നുള്ള ആശങ്കകള്‍ ഉയര്‍ന്നു തുടങ്ങിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ സാമ്പത്തികോപദേശക സമിതി അംഗം രാജ്യം നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി പ്രവചിച്ച് രംഗത്ത് വന്നത്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ പ്രതിസന്ധികള്‍ കരുതുന്നതിലും ആഴത്തിലുള്ളതാണെന്ന് രഥിന്‍ റോയ് വിശദീകരിക്കുന്നു. എന്നാല്‍ കേന്ദ്ര ഭരണകൂടം ഭീതികരമായ ഇത്തരം യാഥാര്‍ഥ്യങ്ങളെ തമസ്‌കരിക്കുകയാണ്.

1991 മുതല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വളര്‍ന്നുകൊണ്ടിരുന്നത് കയറ്റുമതിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നില്ല. ഇന്ത്യന്‍ ജനസംഖ്യയിലെ 10 കോടിയോളം വരുന്ന ആളുകളുടെ ഉപഭോഗത്തെ ആശ്രയിച്ചായിരുന്നു വളര്‍ച്ച.എന്നാല്‍ ഇപ്പോള്‍ രാജ്യം ഈ സാധ്യതയുടെ പരമാവധിയിലെത്തിയിരുക്കുന്നു.

ഇന്ത്യ ലോകത്തിലേറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയാണെന്ന വാദം രഥിന്‍ റോയ് അംഗീകരിക്കുന്നു. എന്നാല്‍ ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാല്‍ ഇതൊരു മികച്ച വളര്‍ച്ചാ വേഗമല്ലെന്ന് അദ്ദേഹം പറയുന്നു. ചൈന ലോകത്തിലേറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തി അല്ലാത്തതുകൊണ്ടാണ് ഇന്ത്യയ്ക്ക് ഈ സ്ഥാനം ലഭിച്ചത്. 6.1 മുതല്‍ 6.6 ശതമാനം വരെയുള്ള വളര്‍ച്ചാ നിരക്കാണ് ഇന്ത്യയുടേത്. ഇതൊരു മികച്ച വളര്‍ച്ചാ നിരക്ക് തന്നെയാണ്. എന്നാല്‍ ആഭ്യന്തര ഉപഭോഗത്തിലുണ്ടാകുന്ന തളര്‍ച്ച ഇതിനെയെല്ലാം മറികടക്കുന്നു. വരുന്ന ഏതാനും വര്‍ഷങ്ങളിലേക്ക്് അഞ്ചുമുതല്‍ ആറു ശതമാനം വരെയുള്ള വളര്‍ച്ചാ നിരക്കില്‍ ഇന്ത്യ മുന്നോട്ടുപോയേക്കാം. പക്ഷേ, അത് നിലയ്ക്കുകയും സാമ്പത്തിക പ്രതിസന്ധിയുടെ ചുഴിയിലേക്ക് രാജ്യം ആഴ്ന്നുപോകുകയും ചെയ്യും.
ബാങ്കുകളുടെ തകര്‍ച്ചയ്‌ക്കൊപ്പം വിദേശമൂലധനം ഉള്‍പ്പെടെ പിന്‍വലിക്കാവുന്ന നിക്ഷേപങ്ങളൊക്കെ രാജ്യത്തു നിന്നും പിന്‍വലിക്കപ്പെടും, എന്നെങ്കിലുമൊരിക്കല്‍ മിഡില്‍ ഇന്‍കം ട്രാപ്പ് പ്രതിസന്ധിയില്‍ അകപ്പെട്ടാല്‍ അതില്‍ നിന്ന് പുറത്തുകടക്കുക അത്ര എളുപ്പമല്ലെന്നും രഥിന്‍ റോയ് വിശദീകരിക്കുന്നു.