7 September 2024, Saturday
KSFE Galaxy Chits Banner 2

ഇന്ത്യ മുന്നണിയും കോൺഗ്രസിന്റെ ഭാവിയും

ടി എം ജോര്‍ജ്
December 28, 2023 4:51 am

ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകൃതമായിട്ട് ഡിസംബർ 28ന് 138 വർഷം തികയുകയാണ്. അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളുടെ ഫലങ്ങൾ കോൺഗ്രസിന്റെ ഭാവിയെ സംബന്ധിച്ച ചർച്ചകൾ സജീവമാക്കിയിട്ടുണ്ട്. 2024ൽ നടക്കേണ്ട പാർലമെന്റ് തെരഞ്ഞെടുപ്പ് പാര്‍ട്ടിയുടെ ഭാവി നിർണയിക്കുന്ന വിധിയെഴുത്തായിരിക്കും. ഒരുകാലത്തും ഉണ്ടാകാത്ത കടുത്ത പ്രതിസന്ധിയാണ് കോൺഗ്രസ് നേതൃത്വം നിലവില്‍ നേരിടുന്നത്. അണികളുടെ കൊഴിഞ്ഞുപോക്കും, വിഭവങ്ങളുടെ ശോഷണവും അവരെ കുഴയ്ക്കുന്നു. നയങ്ങളിൽ സംഭവിച്ച പാളിച്ചകൾ തിരുത്തുന്നതിനും യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളുന്നതിനും തയ്യാറാകുന്നില്ലെങ്കിൽ ഇന്ത്യൻ രാഷ്ട്രീയ ഭൂപടത്തിൽ നിന്നുതന്നെ കോൺഗ്രസ് തുടച്ചു നീക്കപ്പെടും.
ജനങ്ങൾക്ക് ആ പാര്‍ട്ടിയിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടുവെങ്കിലും രാജ്യത്താകെ വേരോട്ടമുള്ള പ്രതിപക്ഷ പ്രസ്ഥാനം കോൺഗ്രസാണ്. അതിന്റെ സമ്പൂർണനാശം ഭൂരിപക്ഷം ജനാധിപത്യ വിശ്വാസികളും ആഗ്രഹിക്കുന്നതല്ല. കാലഘട്ടത്തിന്റെ പ്രത്യേകത മനസിലാക്കി അവര്‍ ജനാധിപത്യവൽക്കരിക്കപ്പെടുകയും നവീകരിക്കപ്പെടുകയും ചെയ്യണം. നഷ്ടപ്പെട്ടുപോയ സോഷ്യലിസ്റ്റ് മുഖം വീണ്ടെടുക്കുകയും, മുന്നണി രാഷ്ട്രീയത്തിന്റെ പ്രാധാന്യം മനസിലാക്കുകയും ചെയ്തെങ്കിൽ മാത്രമെ കോൺഗ്രസിനു നിലനില്പുള്ളു.

1955ലെ ആവടി സമ്മേളനത്തിൽ വച്ചാണ് കോൺഗ്രസ് സോഷ്യലിസം ലക്ഷ്യമായി പ്രഖ്യാപിക്കുന്നത്. അത് പാവങ്ങളും സാധാരണക്കാരുമായ ജനങ്ങളുടെ പിന്തുണ നേടിയെടുക്കുന്നതിന് ആ പാര്‍ട്ടിയെ സഹായിച്ചു. മതേതരത്വവും, ചേരിചേരാ നയവും പൊതുമേഖലാ സ്ഥാപനങ്ങളുടെ രൂപീകരണവും ക്ഷേമരാഷ്ട്ര സങ്കല്പവും ജവഹർലാൽ നെഹ്രുവിന്റെ ആശയമായിരുന്നു. അത് പ്രാവർത്തികമാക്കുവാൻ അദ്ദേഹം പ്രധാനമന്ത്രിയായിരിക്കെ പരിശ്രമിച്ചിരുന്നു. 1969ൽ കോൺഗ്രസ് നേരിട്ട പിളർപ്പിനെ തുടർന്ന് ശ്രീമതി ഇന്ദിരാഗാന്ധി നടപ്പിലാക്കിയ ബാങ്ക് ദേശസാൽക്കരണവും പ്രീവിപഴ്സ് നിർത്തലാക്കലും, ഗരീബി ഹഠാവോ പദ്ധതികളും കോൺഗ്രസിന് പുതുജീവൻ പകർന്നു. വലതുപക്ഷക്കാരായ സിൻഡിക്കേറ്റുകളുടെ പിന്തുണ നഷ്ടപ്പെട്ടപ്പോൾ ഇടതുപക്ഷങ്ങൾ കോൺഗ്രസിനെ പിന്തുണയ്ക്കുവാൻ തയ്യാറായി. 1971ൽ വലിയ വിജയം നേടുവാൻ കഴിഞ്ഞു. നരസിം ഹറാവു പ്രധാനമന്ത്രിയായിരിക്കെ 1991ൽ തുടങ്ങിവച്ച ഉദാരവൽക്കരണ സാമ്പത്തിക നയങ്ങൾ ക്ഷേമരാഷ്ട്ര സങ്കല്പങ്ങളെയെല്ലാം തകർത്ത് കോർപറേറ്റുകളെയും ബഹുരാഷ്ട്ര കുത്തകകളെയും സംരക്ഷിക്കുന്ന നയം സ്വീകരിച്ചതോടെ സാധാരണ ജനങ്ങൾ കോൺഗ്രസിൽ നിന്നും അകന്നു. നരസിംഹറാവുവിൽ തുടങ്ങി, മൻമോഹൻ സിങ്ങിൽ എത്തുമ്പോൾ ഭരണം സമ്പൂർണമായും കോർപറേറ്റ്‌വൽക്കരിക്കപ്പെട്ടു. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലച്ച് കമ്പോള വ്യവസ്ഥയ്ക്ക് വാതിൽ തുറന്നതോടെ രാഷ്ട്രീയ കമ്പോളത്തിൽ വിലയില്ലാത്ത വസ്തുവായി മാറി. 2014ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വീണിടത്തു നിന്നും എഴുന്നേൽക്കുവാൻ കൂടി കഴിയാത്ത സ്ഥിതിയിലായി കോൺഗ്രസ്.

വർഗീയതയെ നേരിടേണ്ടത് മതേതരത്വത്തിലൂടെയായിരിക്കണമെന്ന് ഗാന്ധിജിയും നെഹ്രുവും കാണിച്ചുതന്നിരുന്നു. ഭൂരിപക്ഷ വർഗീയത ന്യൂനപക്ഷ വർഗീയതയെക്കാൾ അപകടകരമെന്നും അവർ കണ്ടു. ആ ബാലപാഠം പോലും മനസിലാക്കാതെ മൃദു ഹിന്ദുത്വ സമീപനം സ്വീകരിച്ചു തുടങ്ങിയത് രാജീവ് ഗാന്ധിയുടെ കാലം മുതലാണ്. 1986 നവംബറിൽ അയോധ്യയിൽ രാമക്ഷേത്രത്തിനുള്ള ശിലാന്യാസത്തിന് അനുമതി നൽകിയത് രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ്. മതേതരത്വത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്നതും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതി തിരിച്ചുവിട്ടതുമായ സംഭവമായിരുന്നു അത്. ബിജെപിയോ അതിന്റെ പൂർവരൂപമായിരുന്ന ആർഎസ്എസോ ഒരിക്കലും അവരുടെ അജണ്ടയായി എടുത്തിരുന്നതല്ല രാമക്ഷേത്ര നിർമ്മാണം. അതിന് വഴി തുറന്നത് രാജീവിന്റെ ഹിന്ദുത്വപ്രീണനമായിരുന്നു. കോൺഗ്രസിന്റെ മൃദുഹിന്ദുത്വ അജണ്ട സംഘ്പരിവാർ തീവ്ര ഹിന്ദുത്വമായി ഏറ്റെടുത്തതോടെ ഇപ്പോൾ എത്തിനിൽക്കുന്ന ഇന്ത്യയുടെ അവസ്ഥ കോൺഗ്രസ് വിവേകപൂർവം ചിന്തിക്കേണ്ടതാണ്.
സാമൂഹ്യനീതിക്കായി ചെറുവിരൽ പോലും അനക്കുവാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. പിന്നാക്ക ജനവിഭാഗങ്ങളുടെ സാമൂഹ്യവും വിദ്യാഭ്യാസപരവുമായ അവസ്ഥ പാലിക്കുവാൻ 1979ൽ മൊറാർജി ദേശായി സർക്കാർ മണ്ഡൽ കമ്മിഷനെ നിയോഗിച്ചു. പിന്നാലെ വന്ന കോൺഗ്രസ് വർഷങ്ങളോളം സൂക്ഷിച്ചുവച്ച ആ റിപ്പോർട്ട് 1990ൽ വി പി സിങ് ഗവൺമെന്റ് നടപ്പാക്കിയതോടെ പിന്നാക്ക ദളിത് വിഭാഗങ്ങളുടെ ഇടയിൽ കോൺഗ്രസിന്റെ സ്വാധീനം ദുർബലമായി.
ഹിന്ദി ഹൃദയഭൂമിയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും കോൺഗ്രസ് നാമാവശേഷമാക്കപ്പെട്ടു. നെഹ്രു കുടുംബത്തിന്റെ ആസ്ഥാനമായ യുപിയിൽ കോൺഗ്രസിന്റെ വോട്ടിങ് ശതമാനം കേവലം 2.33 മാത്രമാണ്. ഏറ്റവും കൂടുതൽ പാർലമെന്റ് അംഗങ്ങളെ തെരഞ്ഞെടുക്കുന്ന മറ്റൊരു സംസ്ഥാനമായ ബിഹാറിൽ കോൺഗ്രസ് ചിത്രത്തിൽ പോലുമില്ല. ഗാന്ധി പിറന്ന ഗുജറാത്തിൽ കോൺഗ്രസിന്റെ തുടരെയുള്ള തോൽവി ആരെയും അമ്പരപ്പിക്കുന്നതാണ്. തോൽവിയിൽ നിന്നും പാഠങ്ങൾ പഠിക്കുവാൻ തയ്യാറായെങ്കിൽ മാത്രമെ കോൺഗ്രസിന് ഇനിയൊരു ഉയിർത്തെഴുനേൽപ്പ് ഉണ്ടാകുകയുള്ളു. മുന്നണി രാഷ്ട്രീയത്തെ ഒരു യാഥാർത്ഥ്യമായി കാണുവാൻ അവര്‍ക്ക് കഴിയണം.
കോൺഗ്രസിന് വർഷങ്ങൾക്കു മുമ്പുതന്നെ മുൻകൈ നഷ്ടപ്പെട്ട ഒരു സംസ്ഥാനമാണ് കേരളം. ഒറ്റയ്ക്കു മത്സരിച്ചാൽ ജയിക്കുവാൻ കഴിയുമെന്ന് ഉറപ്പുള്ള ഒരു സീറ്റും കേരളത്തിലില്ല. എങ്കിലും കോൺഗ്രസ് പിടിച്ചുനിൽക്കുന്നത് മുന്നണി രാഷ്ട്രീയത്തിന്റെ പ്രത്യേകത കൊണ്ടാണ്. രാഹുൽഗാന്ധി പോലും വടക്കുനിന്നും പലായനം ചെയ്ത് ഇങ്ങ് കേരളത്തിൽ വന്നാണ് വിജയം കണ്ടത്. ഈ മുന്നണി രാഷ്ട്രീയം മറ്റ് സംസ്ഥാനങ്ങളിൽ പരീക്ഷിക്കുവാൻ കോൺഗ്രസ് തയ്യാറാകേണ്ടതായിരുന്നു. രാജ്യത്തെ 28 പ്രതിപക്ഷ പാർട്ടികൾ ചേർന്ന് രൂപീകരിച്ച ഇന്ത്യ മുന്നണിയെ വിട്ടുവീഴ്ചകളോടെ കൂടെ കൂട്ടുവാൻ കഴിഞ്ഞിരുന്നുവെങ്കിൽ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ചിത്രം മറ്റൊന്നായിരുന്നേനെ.
മുന്നണി രാഷ്ട്രീയത്തിൽ കോൺഗ്രസ് കാണിച്ച മര്യാദകേട് നമ്മുടെ മുന്നിലുണ്ട്. 2004ലെ തെരഞ്ഞെടുപ്പിൽ ബിജെപിയെ ഭരണത്തിൽ നിന്ന് അകറ്റി നിർത്തുവാൻ ഇടതുകക്ഷികളാണ് യുപിഎ രൂപീകരണത്തിന് മുൻകൈ എടുത്തത്. ഒരു വിദേശവനിത പ്രധാനമന്ത്രിയാകുന്ന വിവാദത്തിൽ നിന്നും കോൺഗ്രസ് മോചിതമായത് സോണിയാ ഗാന്ധിയെ യുപിഎ അധ്യക്ഷയായി നിർദേശിച്ച് മൻമോഹൻ സിങ്ങിനെ പ്രധാനമന്ത്രിയാക്കിക്കൊണ്ടാണ്. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ രൂപീകൃതമായ മുന്നണി സംവിധാനത്തിൽ ഇടതുകക്ഷികൾ മന്ത്രിസഭയിൽ പങ്കാളികളാകാതെ പുറത്തുനിന്ന് പിന്തുണയ്ക്കുകയാണ് ചെയ്തത്. പൊതു മിനിമം പരിപാടിക്ക് വിരുദ്ധമായി ആണവ കരാർ നടപ്പിലാക്കുവാൻ മൻമോഹൻ സിങ് സർക്കാർ ഒരുമ്പെട്ടത് ഇടതുപക്ഷം പിന്തുണ പിൻവലിക്കുന്നതിനിടയാക്കി.
ഒന്നാം യുപിഎ സർക്കാർ നടപ്പാക്കിയ പുരോഗമന നയങ്ങളുടെ മികവിൽ രണ്ടാം യുപിഎ സർക്കാർ അധികാരത്തിലെത്തിയെങ്കിലും ഇടതുകക്ഷികളുടെ പിന്തുണയില്ലാതെ തുടർന്ന ആ ഭരണം തികഞ്ഞ അഴിമതിയും കോർപറേറ്റ് നയങ്ങളും മൂലം ജനം വെറുത്തു. അത് ചരിത്രത്തിൽ ഒരിക്കലും സംഭവിക്കാത്ത കനത്ത തോൽവിയാണ് കോൺഗ്രസിനു നൽകിയത്. 2014ൽ അധികാരത്തിലെത്തിയ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ, രണ്ടാമൂഴം പൂർത്തിയാക്കി മൂന്നാം ഊഴത്തിനുള്ള ശ്രമത്തിലാണ്. 2024 ജനുവരി 22ന് രാമക്ഷേത്ര ഉദ്ഘാടനം നടന്നു കഴിഞ്ഞാൽ ഏതു സമയത്തും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുള്ള ഒരുക്കത്തിലാണവർ.
ഒരു ജനാധിപത്യ മതേതര രാജ്യത്ത് ഭരണാധികാരികൾ പൂജാരികളായി ക്ഷേത്ര പൂജയ്ക്ക് ഒരുങ്ങുന്നതിന് ലോകം സാക്ഷ്യം വഹിക്കുവാൻ പോകുകയാണ്. ഭക്ര അണക്കെട്ട് രാജ്യത്തിനു സമർപ്പിച്ചുകൊണ്ട് ജവഹർലാൽ നെഹ്രു പറഞ്ഞത് ‘സ്വതന്ത്ര ഇന്ത്യയുടെ ക്ഷേത്രമാണിത് എന്റെ ആരാധന ഇവിടെയാണ്‘എന്നാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.