Web Desk

ന്യൂഡല്‍ഹി

June 04, 2021, 9:41 pm

ഒളിമ്പിക്സിന് മുമ്പേ ഇന്ത്യക്ക് തിരിച്ചടി; സുമിത് മാലിക്കിന് സസ്പെന്‍ഷന്‍

Janayugom Online

ടോക്യോ ഒളിമ്പിക്സിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ത്യക്ക് കനത്ത തിരിച്ചടി. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട് ഒളിമ്പിക്സ് യോഗ്യത നേടിയ സുമിത് മാലിക്കിന് സസ്പെന്‍ഷന്‍. ബി സാമ്പിളും പോസിറ്റീവായാല്‍ സുമിത് മാലിക്ക് വിലക്ക് നേരിടേണ്ടിവരും. സുമിതിന്റെ ബി സാമ്പിള്‍ പത്താം തീയതി പരിശോധിക്കും. താരത്തെ പ്രാഥമികമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. രണ്ടാം പരിശോധനയ്ക്ക് ശേഷം തുടര്‍ നടപടികളിലേക്ക് കടക്കുമെന്നും റസിലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അസിസ്റ്റന്റ് സെ­ക്രട്ടറി വിനോദ് തോമാര്‍ പറഞ്ഞു.

2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 125 കിലോ വിഭാഗം ഗുസ്തിയില്‍ മത്സരിച്ച്‌ സ്വര്‍ണം നേടിയ താരമാണ് സുമിത്. ബള്‍ഗേറിയയില്‍ നടന്ന ഒളിമ്പിക്സ് യോഗ്യതാ പോരാട്ടത്തിന്റെ ഫൈനലിലേക്ക് മുന്നേറി താരം ബെര്‍ത്ത് ഉറപ്പിച്ചിരുന്നു. ഇതിന് ശേഷം നടത്തിയ ഉത്തേജക മരുന്ന് പരിശോധനയിലാണ് താരത്തിന്റെ പരിശോധനാ ഫലം പോസിറ്റീവായത്. ഒളിമ്പിക്സ് യോഗ്യതാ പോരാട്ടങ്ങള്‍ക്ക് മുന്നോടിയായി നടത്തിയ ദേശീയ ക്യാമ്പിനിടെ സുമിതിന്റെ കാല്‍മുട്ടിന് പരിക്കേറ്റിരുന്നു. 

പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കേ ചില മരുന്നുകള്‍ ഉപയോഗിച്ചതിനാലാവാം പരിശോധനയില്‍ പരാജയപ്പെട്ടതെന്ന് തോമാര്‍ പറഞ്ഞു. പ്രാഥമികാംഗത്വം സസ്‌പെന്‍ഡ് ചെയ്തത് ചോദ്യം ചെയ്ത് നിയമ നടപടികളുമായി മുന്നോട്ട് പോകാന്‍ താരത്തിന് അവസരമുണ്ട്. എന്നാല്‍ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ അതുകൊണ്ട് സാധിക്കുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

ENGLISH SUMMARY:India got set­back ahead of Olympics; Sum­it Malik suspended
You may also like this video