June 30, 2022 Thursday

Latest News

June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022

ആഗോള രംഗത്ത് ഇന്ത്യ കടുത്ത ഒറ്റപ്പെടലിലേക്ക്

By Janayugom Webdesk
March 5, 2020

പൗരത്വ ഭേദഗതി നിയമം ഒരു ആധുനിക മതേതര ജനാധിപത്യ രാഷ്ട്രം എന്ന നിലയില്‍ ഇന്ത്യയുടെ പ്രതിഛായക്ക് എത്രത്തോളം മങ്ങലേല്‍പ്പിച്ചിരിക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് ആ നിയമത്തിനെതിരെ സുപ്രീം കോടതിയില്‍ കക്ഷി ചേരാനുള്ള ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കമ്മീഷണറുടെ ഓഫീസിന്റെ തീരുമാനം. അത് അന്താരാഷ്ട്ര രംഗത്ത് ഇന്ത്യ അഭിമുഖീകരിക്കുന്ന ഒറ്റപ്പെടലിനെ കൂടിയാണ് അടയാളപ്പെടുത്തുന്നത്. തീവ്ര ജൂത യാഥാസ്ഥിതികത്വത്തെ പ്രതിനിധാനം ചെയ്യുന്ന സയണിസം, വര്‍ണ്ണ വിവേചനത്തിന്റെ ക്രൂരരൂപമായിരുന്ന അപ്പാര്‍ത്തെെഡ് തുടങ്ങി മനുഷ്യരാശി ഏറെ വെറുപ്പോടെ നോക്കിക്കാണുന്ന പദസമുച്ചയങ്ങളില്‍ സ്ഥാനം പിടിക്കുകയാണ് ‘ഹിന്ദുത്വ’വും.

ബിജെപി നേതൃത്വം നല്‍കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിലെ ഘടകക്ഷികള്‍ അടക്കം രാജ്യത്തെ മഹാഭൂരിപക്ഷം രാഷ്ട്രീയ പാര്‍ട്ടികളും കക്ഷി രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കുന്ന വിദ്യാര്‍ത്ഥികളും യുവാക്കളും സ്ത്രീകളുമടക്കം ജനസാമാന്യവും നിഷ്പക്ഷമതികളായ ബുദ്ധിജീവികളും ഒരുപോലെ എതിര്‍ക്കുന്ന ഒരു നിയമം രക്തംചിന്തിയും നടപ്പാക്കുമെന്ന ദുര്‍വാശിയിലാണ് നരേന്ദ്രമോഡി സര്‍ക്കാര്‍. രാഷ്ട്രീയ വിവേകരാഹിത്യത്തിന്റെ ആഗോള പ്രതീകമായ ഡൊണാള്‍ഡ് ട്രംപ് എന്തെല്ലാം മുഖസ്തുതികള്‍ നിരത്തിയാലും പൗരത്വ ഭേദഗതി നിയമത്തോടുള്ള തത്വാധിഷ്ഠിത വിയോജിപ്പ് കക്ഷിരാഷ്ട്രീയത്തിന് അതീതമായി യുഎസ് രാഷ്ട്രീയത്തില്‍ പ്രകടമാണ്. യൂറോപ്യന്‍ രാജ്യങ്ങള്‍ ഏതാണ്ട് എല്ലാം തന്നെ വിവേചനപരമായ നിയമത്തിനെതിരെ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ മതേതര ജനാധിപത്യത്തെ എക്കാലത്തും പിന്തുണയ്ക്കുകയും ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് തൊഴിലും മാന്യമായ ജീവിതവും പ്രദാനം ചെയ്യുന്നതുമായ ഇസ്‌ലാമിക രാഷ്ട്രങ്ങളും പ്രസ്തുത നിയമത്തോടുള്ള എതിര്‍പ്പ് മറച്ചുവയ്ക്കുന്നില്ല.

അത്തരം ആശങ്കകള്‍ക്ക് വ്യക്തമായ രൂപം നല്‍കുകയാണ് ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കമ്മീഷന്‍ ഓഫീസ്. ഐക്യരാഷ്ട്രസഭ ­സെക്രട്ടറി ­ജനറല്‍ നേരത്തെ തന്നെ പൗരത്വ ഭേദഗതി നിയമത്തില്‍ തനിക്കും സംഘടനയ്ക്കുമുള്ള ഉല്‍ക്കണ്ഠ രേഖപ്പെടുത്തിയിരുന്നു. മനുഷ്യാവകാശ കമ്മീഷന്‍ പൗരത്വ ഭേദഗതി നിയമവിഷയത്തില്‍ കക്ഷി ചേരുന്നതിനെതിരെ വിദേശകാര്യ മന്ത്രാലയ വക്താവ് രംഗത്തുവരികയുണ്ടായി. പ്രസ്തുത ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന വാദമാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്. അത് പരസ്പരം ആശ്രയിച്ചുമാത്രം നിലനില്‍ക്കാന്‍ കഴിയുന്ന ഇന്നത്തെ ലോക യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കുന്നതല്ല. ഐക്യരാഷ്ട്രസഭയുമായി ബന്ധപ്പെട്ട നിരവധി ഉടമ്പടികളിലും കരാറുകളിലും ഒപ്പുവച്ചിട്ടുള്ള രാജ്യമാണ് ഇന്ത്യ. സാര്‍വത്രിക മനുഷ്യാവകാശ പ്രഖ്യാപനം അതിന്റെ അര്‍ത്ഥത്തിലും അന്തസത്തയിലും ഉള്‍ക്കൊള്ളാത്ത ഒരു രാഷ്ട്രത്തിനും ഐക്യരാഷ്ട്രസഭയില്‍ അംഗമായി തുടരാനാവില്ല. മനുഷ്യാവകാശ പ്രഖ്യാപനവും പൗരത്വം, അഭയാര്‍ത്ഥികളുടെ അവകാശം എന്നിവ സംബന്ധിച്ച പൗരത്വ, രാഷ്ട്രീയ അവകാശങ്ങള്‍ സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടി (ഐസിഡിപിആര്‍); സാമ്പത്തിക, സാമൂഹിക, സാംസ്കാരിക അവകാശങ്ങള്‍ സംബന്ധിച്ച അന്താരാഷ്ട്ര കരാര്‍ (ഐസിഇഎസ്‌സിആര്‍); കുട്ടികളുടെ അവകാശം സംബന്ധിച്ച യുനിസെഫ് ഉടമ്പടി (സിആര്‍ഡി) എന്നിവയിലെല്ലാം ഇന്ത്യ ഒപ്പുവച്ചിട്ടുണ്ട്. അവയാകട്ടെ ഐക്യരാഷ്ട്രസഭയുടെ അടിസ്ഥാന പ്രമാണമായ സാര്‍വത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തില്‍ അധിഷ്ഠിതവുമാണ്. അവയുടെ നഗ്നമായ ലംഘനവും തികച്ചും വിവേചനപരവുമാണ് പൗരത്വ ഭേദഗതി നിയമം. അത്തരം മനുഷ്യാവകാശ ലംഘനങ്ങളുമായി ഐക്യരാഷ്ട്രസഭ ഉള്‍ക്കൊള്ളുന്ന ആഗോളരാഷ്ട്ര സമുച്ചയത്തില്‍ തുടരാനുള്ള ഇന്ത്യയുടെ യോഗ്യതയാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.

നൂറ്റിമുപ്പത് കോടിയില്‍പരം ജനങ്ങളെ ഉള്‍ക്കൊള്ളുന്ന ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്ന നിലയിലും ആഗോളതലത്തില്‍ പ്രമുഖ രാഷ്ട്രീയ, സാമ്പത്തിക, സെെനിക ശക്തിയെന്ന നിലയിലും ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിലേക്കുള്ള ഇന്ത്യയുടെ അവകാശവാദത്തിനുതന്നെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉയര്‍ന്നുവരുന്ന ആഗോള പ്രതിഷേധം വിലങ്ങുതടിയായി മാറുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ ജനകീയ പ്രതിഷേധങ്ങളും അതിനെതിരെ ഫാസിസ്റ്റ് ഹിന്ദുത്വ ശക്തികള്‍ ഭരണകൂട, പൊലീസ് പിന്തുണയോടെ അഴിച്ചുവിടുന്ന ഹിംസയും അതിക്രമങ്ങളും ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രതിഛായക്ക് കളങ്കമായി മാറിയിരിക്കുന്നു. വിഷയത്തെപ്പറ്റി പാര്‍ലമെന്റില്‍ പോലും ചര്‍ച്ചയ്ക്കും പുനര്‍വിചിന്തനത്തിലും മോഡി ഭരണകൂടം വിസമ്മതിക്കുന്നു. തീവ്ര ഹിന്ദുത്വവാദത്തില്‍ അധിഷ്ടിതമായ ഭരണകൂട നിലപാട് രാഷ്ട്രീയമായും സാമ്പത്തികമായും ഇന്ത്യക്ക് കനത്ത വെല്ലുവിളിയായി മാറുകയാണ്. തീവ്രഹിന്ദുത്വവാദം സമൂഹത്തില്‍ സൃഷ്ടിക്കുന്ന ഭിന്നത ബിജെപിയുടെ അധികാര രാഷ്ട്രീയത്തിന് മുതല്‍ക്കൂട്ടാവുമെന്ന കണക്കുകൂട്ടല്‍ ഒരുപക്ഷെ ശരിയായേക്കാം. പക്ഷെ അത് ഇന്ത്യയെ പ്രാകൃതവും ദരിദ്രവുമാക്കി ആഗോള രാഷ്ട്രസമുച്ചയത്തില്‍ ഒറ്റപ്പെടുത്തും.

ENGLISH SUMMARY:India has become increas­ing­ly iso­lat­ed in the glob­al arena


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.