Web Desk

June 04, 2020, 5:16 pm

എട്ടുവര്‍ഷത്തിനിടെ രാജ്യത്ത് ചത്തത് 750കടുവകള്‍

Janayugom Online

ന്യൂ‍ഡല്‍ഹി: കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ രാജ്യത്ത് 750 കടുവകളുടെ ജീവന്‍ പൊലിഞ്ഞതായി റിപ്പോര്‍ട്ട്. വേട്ടയാടല്‍ അടക്കമുള്ള കാരണങ്ങളാണ് ഇവയുടെ ജീവനെടുത്തത്.

മധ്യപ്രദേശിലാണ് ഏറ്റവും കൂടുതല്‍ കടുവകള്‍ക്ക് ജീവഹാനി സംഭവിച്ചത്. 173 കടുവകളാണ് ഇവിടെ മാത്രം ചത്ത് വീണതെന്ന് ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു.

369 കടുവകളുടേത് സ്വഭാവിക മരണമായിരുന്നു. 168 എണ്ണം വേട്ടക്കാരുടെ കയ്യാല്‍ സംഭവിച്ചതാണ്. 70 കടുവകള്‍ ചത്തത് എങ്ങനെയെന്ന് പരിശോധിച്ച് വരികയാണ്. 42 കടുവകളുടേത് അസ്വാഭാവിക മരണമാണ്. അപകടങ്ങളും സംഘട്ടനങ്ങളും അടക്കമുള്ളവയാണ് ഇവയുടെ ജീവന്‍ പൊലിയാന്‍ കാരണം. 101 കടുവകള്‍ വേട്ടയാടപ്പെട്ടു എന്നും ദേശീയ കടുവ സംരക്ഷണ അധികൃതര്‍ വിവരാവകാശ രേഖകള്‍ പ്രകാരമുള്ള ചോദ്യത്തിന് മറുപടി നല്‍കി.

2010മുതല്‍ 2020 വരെ പത്ത് വര്‍ഷത്തെ കടുവ മരണങ്ങളെക്കുറിച്ചാണ് വിവരാവകാശ പ്രകാരം ചോദ്യം ഉന്നയിച്ചത്. എന്നാല്‍ 2012 മുതലുള്ള കണക്കുകള്‍ മാത്രമേ ലഭ്യമായുള്ളൂ.

രാജ്യത്തെ കടുവകളുടെ എണ്ണം കഴിഞ്ഞ നാല് വര്‍ഷത്തിനിടെ വര്‍ദ്ധിച്ചതായി ഡിസംബറില്‍ വനം, പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രി പ്രകാശ് ജവദേക്കര്‍ പറഞ്ഞിരുന്നു. 750 കടുവകള്‍ വര്‍ദ്ധിച്ച് ഇവയുടെ എണ്ണം 2,226ല്‍ നിന്ന് 2,976 ആയെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

മധ്യപ്രദേശില്‍ ചത്ത 173 കടുവകളില്‍ 38 എണ്ണം വേട്ടയാടപ്പെടുകയായിരുന്നു. 94 സ്വഭാവിക മരണങ്ങളും ആറ് എണ്ണം അസ്വഭാവികവുമായിരുന്നു. 19 എണ്ണം പരിശോധിച്ച് വരികയാണ്. 16 കടുവകള്‍ പിടികൂടപ്പെട്ടതായും കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കടുവകള്‍ ഉള്ളതും മധ്യപ്രദേശിലാണ്. 526 കടുവകളാണ് ഇവിടെയുള്ളത്.

മഹാരാഷ്ട്രയാണ് കടുവകളുടെ മരണനിരക്കില്‍ രണ്ടാം സ്ഥാനത്തുള്ളത്. ഈ കാലയളവില്‍ 125 കടുവകള്‍ സംസ്ഥാനത്ത് ചത്തു. തൊട്ടുപിന്നാലെ കര്‍ണാടകയുമുണ്ട്. 111 കടുവകള്‍ക്കാണ് ഇവിടെ ജീവഹാനിയുണ്ടായത്. ഉത്തരാഖണ്ഡില്‍ 88ഉം തമിഴ്നാട്, അസം സംസ്ഥാനങ്ങളില്‍ 54ഉം വീതം കടുവകള്‍ ചത്തു. കേരളത്തിലും ഉത്തര്‍പ്രദേശിലും 35 കടുവകള്‍ വീതം ചത്തപ്പോള്‍ രാജസ്ഥാനില്‍ ഇത് പതിനേഴും ബിഹാറില്‍ പതിനൊന്നും പശ്ചിമബംഗാള്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ പത്ത് വീതവുമായിരുന്നു കടുവകളുടെ മരണനിരക്ക്.

ഒഡിഷ, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ ഏഴ് വീതം കടുവകള്‍ക്ക് ജീവന്‍ നഷ്ടമായി. തെലങ്കാനയില്‍ അഞ്ചു, ഡല്‍ഹി, നാഗലാന്‍ഡ് സംസ്ഥാനങ്ങളില്‍ രണ്ട് വീതവും കടുവകള്‍ ചത്തു. ഹരിയാന, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ഓരോ കടുവ വീതവും ചത്തു.

മഹാരാഷ്ട്രയിലും കര്‍ണാടകയിലും വേട്ടയാടപ്പെട്ടത് 28 കടുവകള്‍ വീതമാണ്. അസമില്‍ പതിനേഴും ഉത്തരാഖണ്ഡില്‍ പതിനാലും ഉത്തര്‍പ്രദേശില്‍ പന്ത്രണ്ടുമാണിത്. തമിഴ്നാട്ടില്‍ 11ഉം കേരളത്തില്‍ ആറും രാജസ്ഥാനില്‍ മൂന്നും കടുവകള്‍ വീതം വേട്ടയാടപ്പെട്ടു. ഇക്കാര്യത്തില്‍ എന്ത് നടപടിയെടുത്തു എന്ന ചോദ്യത്തോട് ദേശീയ കടുവ സംരക്ഷണ അധികൃതര്‍ പ്രതികരിച്ചിട്ടില്ല. കാണാതായ കടുവകളെക്കുറിച്ചുള്ള ചോദ്യത്തിന് വിവരങ്ങള്‍ ലഭ്യമല്ലെന്നായിരുന്നു മറുപടി. ഇത്തരം വിവരങ്ങള്‍ കടുവ സംരക്ഷണ കേന്ദ്രങ്ങളുള്ള പതിനെട്ട് സംസ്ഥാനങ്ങളിലെ മുഖ്യവനപാലകരോട് തേടാനും നിര്‍ദേശിച്ചു.

എട്ട് വര്‍ഷത്തിനിടെ 750 കടുവകളുടെ ജീവന്‍ നഷ്ടമായതില്‍ വനസംരക്ഷണ പ്രവര്‍ത്തകര്‍ ആശങ്ക പങ്കുവച്ചു. കുറ്റക്കാര്‍ക്ക് ശക്തമായ ശിക്ഷ നല്‍കണമെന്നും അവര്‍ പറഞ്ഞു.

വേട്ടയാടലടക്കമുള്ള കാരണങ്ങളാല്‍ ഇത്രയധികം കടുവകള്‍ ചത്തൊടുങ്ങുന്നത് ആശങ്കാജനകമാണ്. കുറ്റക്കാരെ ശിക്ഷിക്കാന്‍ ശക്തമായ നിയമങ്ങള്‍ ഉണ്ടാകണമെന്നും ഭോപ്പാല്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വനാവകാശ പ്രവര്‍ത്തകന്‍ അജയ് ദുബെ പറഞ്ഞു. വേട്ടക്കാരില്‍ നിന്ന് കടുവകളെ സംരക്ഷിക്കാനുള്ള ശക്തമായ മാര്‍ഗങ്ങള്‍ ആവിഷ്ക്കരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കടുവ വിനോദസ‍ഞ്ചാരത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇവയുടെ സ്വഭാവിക ആവാസവ്യവസ്ഥയ്ക്ക് ഇത് ഭംഗം വരുത്തും. കടുവ സംരക്ഷണ പദ്ധതികള്‍ക്ക് വേഗത കൂട്ടണം. വന്യജീവികളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്ക് കനത്ത ശിക്ഷ നല്‍കാന്‍ സര്‍ക്കാരുകള്‍ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വന്യജീവി കുറ്റത്തിന് ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം തുലോം തുച്ഛമാണെന്ന് രാജസ്ഥാന്‍ വന്യജീവി ബോര്‍ഡംഗം സിമ്രത് സന്ധു ചൂണ്ടിക്കാട്ടി. കടുവകളെ വേട്ടയാടുന്നത് അടക്കമുള്ള വലിയ കുറ്റകൃത്യങ്ങള്‍ക്ക് എങ്കിലും ജീവപര്യന്തം അടക്കമുള്ള ശിക്ഷകള്‍ നല്‍കണം. കാണാതാകുന്ന കടുവകളുടെ കേസുകള്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഗൗരവത്തിലെടുക്കണം. അവയെ കണ്ടെത്താന്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്നും അതിലൂടെ മാത്രമേ ഇവയെ വേട്ടയാടുന്നത് അവസാനിപ്പിക്കാനൂ എന്നും സന്ധു കൂട്ടിച്ചേര്‍ത്തു.

eng­lish summary:India has lost 750 tigers in last eight years, says government
you also may like this video