23 April 2024, Tuesday

ഇന്ത്യയില്‍ പ്രമേഹരോഗികളില്‍ മൂന്ന് പതിറ്റാണ്ടിനിടെ 150 ശതമാനം വര്‍ധന

Janayugom Webdesk
June 8, 2022 4:20 pm

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ രാജ്യത്തെ പ്രമേഹരോഗികളുടെ എണ്ണത്തില്‍ 150 ശതമാനം വര്‍ധന. കുട്ടികളിലും കൗമാരക്കാരിലും കണ്ടുവരുന്ന ടൈപ്പ് 1 പ്രമേഹം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗം നിയന്ത്രിക്കാനും തടയാനും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെ‍ഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.

കോവിഡ് രോഗമുക്തി നേടിയവരില്‍ വ്യാപകമായി പ്രമേഹരോഗബാധ പിടികൂടുകയും ഗുരുതരമായ രോഗാവസ്ഥയിലേക്കും മരണത്തിലേക്കും വരെ പോകുന്ന സാഹചര്യത്തിലാണ് ഐസിഎംആറിന്റെ നീക്കം. ആഗോളതലത്തില്‍ 2019ല്‍ മാത്രം നാല്പത് ലക്ഷം പേരാണ് പ്രമേഹം ബാധിച്ച് മരിച്ചത്. കരള്‍ രോഗം, അന്ധത, ഹൃദയസംബന്ധമായ രോഗങ്ങള്‍ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളാണ് പ്രമേഹബാധിതരെ പിടികൂടുക.

യുവാക്കളിലെ പ്രമേഹരോഗബാധിതരില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യക്ക്. ലോകത്തെ ആറ് പ്രമേഹരോഗികളെയെടുത്താല്‍ അതില്‍ ഒരാള്‍ ഇന്ത്യാക്കാരനാണെന്നും ഐസിഎംആറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രമേഹരോഗത്തിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പുള്ള അവസ്ഥയിലെത്തി നില്‍ക്കുന്നവരുടെ എണ്ണം കൂടുന്നത് ഭാവിയില്‍ പ്രമേഹരോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന് കാരണമാകുമെന്നും ഐസിഎംആര്‍ ഡിജി ബല്‍റാം ഭാര്‍ഗവ പറഞ്ഞു. ഉന്നത വിഭാഗക്കാരില്‍ നിന്ന് ഇടത്തരം കുടുംബങ്ങളിലേക്കും അടിസ്ഥാന സൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട ജനവിഭാഗങ്ങളിലേക്കും പ്രമേഹരോഗബാധ പടര്‍ന്നു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

രോഗബാധിതർ കൃത്യമായ വ്യായാമം, നിശ്ചിതയളവിലുള്ള പോഷകാഹാരം എന്നിവ ഉറപ്പാക്കണം. രക്തസമ്മർദം, ഭാരം എന്നിവ സാധാരണ നിലയിൽ നിലനിർത്തണം, പ്രതിദിനം ആകെ കഴിക്കുന്ന ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റിന്റെ അളവ് 50–55 ശതമാനത്തിനുള്ളിലാകണം. 30 ശതമാനം കൊഴുപ്പുള്ള ഭക്ഷണം ഉൾപ്പെടുത്താം. 14 ഗ്രാം നാരുള്ള ഭക്ഷണമായിരിക്കണം. 15–20 ശതമാനംവരെ പ്രോട്ടീൻ ഉൾപ്പെടുത്താം. വിറ്റാമിനുകളുടെയും ധാതുക്കളുടെയും ആവശ്യകത ആരോഗ്യമുള്ള മറ്റ് കുട്ടികളിലെ പോലെതന്നെ. പതിവായി വിറ്റാമിൻ അല്ലെങ്കിൽ മിനറൽ സപ്ലിമെന്റുകൾ നൽകാം.

Eng­lish Sum­ma­ry: India has seen a 150 per cent increase in the num­ber of dia­bet­ics in three decades

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.