14 July 2025, Monday
KSFE Galaxy Chits Banner 2

വീഴ്ചയില്‍ നിന്ന് ഇന്ത്യക്ക് ഉയര്‍ത്തെഴുന്നേല്‍ക്കണം

പന്ന്യൻ രവീന്ദ്രൻ
കളിയെഴുത്ത്
June 15, 2025 9:29 pm

2030ൽ നടക്കുന്ന ലോകകപ്പിൽ ഇന്ത്യയും ഉണ്ടാകുമെന്ന മധുരമുള്ള സ്വപ്നം നുണഞ്ഞു കഴിയുകയാണ് ഇന്ത്യയിലെ ജനകോടികളായ നമ്മളെല്ലാം. കാരണം, അപ്പോഴേക്കും ടീമുകളുടെ എണ്ണം 64 ആയി വർധിക്കും. ഇതോടെ നമുക്കും ഒരിടം കാണും എന്നാണ് പാവപ്പെട്ട നമ്മളുടെ വിചാരം. അപ്പോഴും ഏഷ്യൻ ക്വാളിഫയറിൽ നമ്മൾ കടന്നു വന്നാലേ പറ്റുകയുള്ളു. കഴിഞ്ഞ ആഴ്ചയിൽ ഉത്കണ്ഠപ്പെട്ടത് പോലെ നമ്മുടെ യാത്ര വീണ്ടും പിറകിലോട്ടായി. ഏറ്റവും ഒടുവിൽ നമ്മുടെ റാങ്ക് 133ലാണ്. കഴിഞ്ഞ ഏഷ്യൻ കപ്പ് യോഗ്യതയിൽ ഹോങ്കോങ്ങിനോട് ഇഞ്ചുറി ടൈമിൽ വാങ്ങിയ പെനാൽറ്റി ഗോളിന് തോറ്റു പോയി. തോൽവി പ്രശ്നമായിരുന്നില്ല. ഫുട്‌ബോളിൽ ജയവും പരാജയവും മാറിമാറി വരാം. ഇതിനെ അങ്ങനെ കാണാവുന്നതല്ല. നമ്മളെക്കാൾ 16 റാങ്ക് താഴെയുള്ളവരാണ് ഹോങ്കോങ്. ഇനിയും ഏഷ്യൻ കപ്പിൽ നമുക്ക് നാല് കളിയുണ്ട്. നാലും ജയിച്ചാൽ ഏഷ്യൻ കപ്പിൽ ഫൈനൽ റൗണ്ടിൽ കടക്കാം. ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് ഇതെല്ലാം കേട്ടു ദുഃഖിച്ചിരിക്കുകയല്ലേ ചെയ്യാനാകുകയുള്ള. ഇതേ സമയത്താണ് ലാറ്റിനമേരിക്കൻ ക്വാളിഫയറിൽ അർജന്റീനയും, ബ്രസീലും കളിച്ചത്. അർജന്റീന നേരത്തെ തന്നെ യോഗ്യത നേടിയിരുന്നു. പരാഗ്വെയെ മറികടന്നതോടെ ബ്രസീലും യോഗ്യത നേടി. അർജന്റീന മെസിയില്ലാതെ കളിച്ചു. കൊളംബിയ നല്ല ടീമാണ്. ഒരു ഗോളിന് പിന്നിൽ നിന്ന അർജന്റീന 10 കളിക്കാരുമായി പോരാടി തുല്യത പാലിച്ചു. വീരോചിതമായ പോരാട്ടമാണ് അവർ നടത്തിയത്. ഓരോ രാജ്യവും അവരുടെ പ്രസ്റ്റീജ് ആയി ഫുട്‌ബോൾ കളിയെകാണുന്നു. അർജന്റീനയോട് 1–4ന് ബ്രസീൽ തോറ്റപ്പോൾ ആ രാജ്യം എത്രമാത്രം വിഷമത്തിലായെന്ന് വാർത്തകളിൽ കണ്ടതാണ്. ഓരോ രാജ്യവും, ഫുട്‌ബോൾ ജയം രാജ്യത്തിന്റെ അന്തസും ജനതയുടെ ഉയർച്ചയുമായി കാണുന്നത്കൊണ്ട് തന്നെയാണ് ഇപ്പോൾ പുതിയ കോച്ച് ആഞ്ചലോട്ടിയുടെ നിയമനം ബ്രസീലിന് ആവേശവും ആത്മവിശ്വാസവും. അവരെല്ലാം അടുത്തവര്‍ഷത്തേക്ക് സജ്ജമാവുന്നു.

ക്രിസ്റ്റ്യാനോ റോണാൾഡോയുടെ പോർച്ചുഗൽ ജയക്കൊടിയുമായി വരുന്നതിന് തയ്യാറെടുപ്പിലാണ്. സ്പെയിൻ പെനാൽറ്റി ഷൂട്ടൗട്ടിൽ വന്ന തോൽവി അതിജീവിക്കാൻ മാനസികമായി തയ്യാറെടുക്കുന്നു. എംബാപ്പെയുടെ ഫ്രാൻസ് മൂന്നാം സ്ഥാനവുമായി ലോക മത്സരത്തിന് പടച്ചട്ടയണിയുന്നു. നാലാം സ്ഥാനക്കാരായ ജർമ്മനിയും ഇനിവരുന്ന മാസങ്ങൾ വിജയവഴിതേടും. നമ്മുടെ ഇന്ത്യ ദയനീയമായി നിൽക്കുന്ന അവസ്ഥ ലജ്ജാവഹമല്ലേ. നാഥനില്ലാകളരിയായി ഇന്ത്യൻ ഫുട്‌ബോൾ മാറുന്നോ. ഒരിക്കൽ ബ്രസീൽ തോറ്റപ്പോൾ സ്പോർട്സ് മന്ത്രി സ്വയം രാജിവച്ചു. ബാഴ്സലോണ ലാലിഗയിൽ തകർന്നു പോയപ്പോൾ പതിനായിരക്കണക്കിന് അംഗങ്ങൾ സമരപ്രഖ്യാപനം നടത്തി. തുടർന്ന് പ്രസിഡന്റ് മാറി ഇലക്ഷൻ വന്നു പുതിയ സിസ്റ്റം ഉണ്ടായി. കാരണം ജനങ്ങൾ കളിയെ ലഹരിയായി കാണുകയാണ്. പിഎസ്ജി ചാമ്പ്യൻസ് ആയപ്പോൾ ആരാധകർ ഒന്നായി പറഞ്ഞു. ഏതൊക്കെ കളിക്കാരനെ എടുത്താലും ജയിക്കണം. ബ്രസീലിന്റെ ജയത്തിന് ഒരുപാട് കാലത്തെ കളിയിലെ പാരമ്പര്യ തുടർച്ചയുണ്ട്. അവർ ഇതോടെ 23-ാം തവണയാണ് ലോകകപ്പിലേക്ക് യോഗ്യത നേടുന്നത്. എന്ന്‌വച്ചാൽ ലോകകപ്പ് മത്സരങ്ങളിൽ എല്ലാത്തിലും മത്സരിച്ച ഏകടീമാണവർ. അതിൽ അഞ്ച് തവണ കപ്പുമായി നാട്ടിലെത്തിയിട്ടുണ്ട്. ഇപ്പോൾ അവർ പുതിയ ചൈതന്യം വീണ്ടെടുത്താണ് വരവ്. പുതിയ കോച്ച് ഒരു പ്രചോദനമാണ്. 2002ന് ശേഷം ബ്രസീലിന് എന്ത് പറ്റിയെന്ന് ആശങ്കയിൽ കഴിയുന്നവർക്ക് മറുപടിയായിരിക്കും ഇത്തവണത്തെ ലോകകപ്പ് എന്നാണ് ആഞ്ചലോട്ടിയുടെ പ്രഖ്യാപനം. 2006ലും 2010ലും, 2014ലും 2018ലും 2022ലും ക്വാർട്ടർ ഫൈനൽ എന്ന കടമ്പ കടക്കാൻ സാധിക്കാതെ ദുഃഖിതരാണവർ. ടീമിലെ കളിക്കാരെല്ലാം പ്രമുഖരാണ്. പക്ഷെ സന്ദർഭം പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ഇൻഡിവിജ്വൽ ടീമുകളിൽ കാണിക്കുന്ന കളി നാഷണൽ ടീമിൽ നടക്കുന്നില്ല. മറ്റൊന്ന് ഡിഫൻസിലെ പിഴവുകളാണ്. എന്തായാലും പുതിയ ചിത്രം രചിക്കാൻ മഞ്ഞപ്പടയ്ക്ക് കഴിയുമെന്നണ് കോച്ച് ദൃഢമായി വിശ്വസിക്കുന്നത്.

ഫുട്ബോള്‍ മഹാമേളയ്ക്ക് തുടക്കം

ലോക ഫുട്‌ബോളിൽ മറ്റൊരു മഹാമേളയ്ക്ക് അരങ്ങൊരുങ്ങിയിരിക്കുകയാണ്. ആകെയുള്ള 211 രാജ്യങ്ങളെയും പ്രതിനിധീകരിക്കുന്ന 32 ടീമുകളാണ് പരസ്പരം കൊമ്പുകോർക്കുന്നത്. ഫിഫാകപ്പിന്റെ ഘടനപോലെ രാജ്യങ്ങളുടെ പ്രാതിനിധ്യമല്ല. പകരം ടീമുകളുടെ പ്രാതിനിധ്യമാണ് മത്സരങ്ങളിൽ വരുന്നത്. നേഷന്‍സ് ലീഗില്‍ കിരീടം നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരത്തിന്റെ ഭാഗമല്ല. പക്ഷെ, ലോകം ശ്രദ്ധിക്കുന്ന താരകേസരി മെസി ഇന്റർ മിയാമിയുടെ ജേഴ്സിയിൽ രംഗത്തിറങ്ങുന്നു. അടുത്ത മാസം 14നാണ് കലാശക്കൊട്ട്. ലോകം ശ്രദ്ധിക്കുന്ന പ്രധാന ടീമുകൾ പലതും മത്സരത്തിൽ പങ്കെടുക്കാനില്ല. ബാഴ്സലോണ, ലിവർപൂൾ, ഇന്റർമിലാൻ ‚ആഴ്സണൽ, എസി മിലാൻ എന്നിവയൊന്നും മത്സരരംഗത്തില്ല. ലെവൻഡോവ്സ്കി, ലാമിൻ യമാൽ തുടങ്ങി ഈ സീസണിൽ ജനപ്രിയരായ പലരും കളിക്കളത്തിലില്ല. പക്ഷേ മത്സരം കനക്കും. ടീമുകളുടെ അന്തസും ആഭിജാത്യവും ലോകമൂല്യവും ശ്രദ്ധിക്കുന്നതുമാണ് ഇവിടെ നടക്കുന്ന മത്സരങ്ങൾ. മേഖലാതലത്തിൽ നടക്കുന്ന മത്സരങ്ങളിലാണ് ഇവയെല്ലാം അർഹതതേടിയെത്തിയത്.  ഇത്തവണ ട്രാൻസ്ഫർ പീരിയഡിലാണ് കളിയെന്നത് പ്രയാസമാകുമെന്ന വിമർശനങ്ങൾ ഫിഫ അംഗീകരിച്ചില്ല. കളിയുടെ വീറും വാശിയും താളമേളങ്ങളും നടക്കുമ്പോൾ ലോകമാകെയുള്ള ജനകോടികൾ ഒരു മാസം ആവേശത്തിലായിരിക്കും.

പട്ടിണി മാറ്റിയ ജോലിക്കാരിക്ക് ആഡംബര ഹോട്ടല്‍ വാങ്ങി നല്‍കിയ റൊണാള്‍ഡോ

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണ് യുവേഫ ചാമ്പ്യൻഷിപ്പിലെ വിജയം. ചാമ്പ്യന്മാരായിരുന്ന സ്പെയിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നത് അക്ഷരാർത്ഥത്തിൽ ഭാഗ്യകടാക്ഷമായി കണക്കാക്കാം. അൻവാരോ മൊറാത്തയുടെ കിക്ക് ഗോൾവലയത്തിലേക്ക് ചീറിവന്നപ്പോൾ എല്ലാം മറന്നു രക്ഷകനായി വന്ന ഗോൾകീപ്പറാണ് വിജയശില്പി. ഗോളി ഡിയോഗ മൊറാത്തയുടെ അർപ്പണബോധമാണ് പോർച്ചുഗലിന്റെ രക്ഷയ്ക്കെത്തിയത്. മുഴുവൻ സമയവും കളിക്കാനായില്ലെങ്കിലും മനോഹരമായ ഒരു ഗോളിലൂടെ രാജ്യത്തെ മുന്നിലെത്തിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ പുറത്ത് നിന്ന് സഹതാരങ്ങൾക്ക് ഊർജം പകർന്നു. പുതിയകാലത്തെ ജനപ്രിയ താരം ലാമിനെ യമാൽ അക്ഷരാർത്ഥത്തിൽ തടങ്ങലിലായി. കളിയിൽ നിന്ന് മാറിനിന്നു. ഫുട്‌ബോളിന്റെ ശാസ്ത്രീയവും ലളിതവുമായ തന്ത്രങ്ങൾ ഓരോരുത്തരും കഴിവിനനുസരിച്ച് പ്രകടിപ്പിച്ചപ്പോൾ കളിയിലെ രണ്ട് മണിക്കൂർ നേരവും കാണികൾക്ക് നിറഞ്ഞ വിരുന്നായി മാറി. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 40-ാം വയസിലെ ഫുട്‌ബോൾ അങ്കം ജനമനസുകളിൽ മായാതെ നിൽക്കും. 40-ാം വയസിലും പതറാതെ വഴങ്ങാതെ എല്ലത്തരം തടസ്ഥങ്ങളെയും സ്വയം മറികടന്ന് സ്വന്തം വഴി സുഖമമാക്കുന്ന അസാധാരണ സിദ്ധി അദ്ദേഹം സ്വയം ആർജിച്ചെടുത്തതാണ്. സ്വന്തം നാട്ടിലെ ജനഹൃദയങ്ങളിൽ മനസ് അർപ്പിക്കുകയും പട്ടിണികിടക്കുന്ന പോർച്ചുഗൽ ജനതയെ തന്റെ കഴിവിനനുസരിച്ച് സഹായിച്ചും ചൂഷണവ്യവസ്ഥയ്ക്കെതിരായി കിട്ടാവുന്ന വേദികളിൽ പോരാടുകയും ചെയ്യുന്ന ജീവിച്ചിരിക്കുന്ന ഫുട്‌ബോളറാണ് അദ്ദേഹം. പഴയകാര്യങ്ങൾ വലിയവരായാൽ മറക്കുന്നവരാണ് മഹാഭൂരിപക്ഷവും. എന്നാൽ റൊണാൾഡോയുടെ ബാല്യകാലത്തെ കഷ്ടപ്പാടും വിശപ്പ് മാറ്റാൻ ഹോട്ടലിലെ വേസ്റ്റ് കഴിച്ചു വളർന്നതും വേസ്റ്റ് ആർത്തിയോടെ തിന്നുന്ന കുട്ടിയെ പ്രത്യേകം ശ്രദ്ധിച്ച ഹോട്ടൽ ജോലിക്കാരി ബർഗർ മാറ്റിവച്ചു സ്ഥിരമായി നൽകിയതും അദ്ദേഹം വലിയ താരമായി മാറിയപ്പോഴും മറന്നില്ല. അവരെ അന്വേഷിച്ച് കണ്ടുപിടിച്ചു.

 

 

പോർച്ചുഗലിലെ ഒരു ആഡംബരഹോട്ടൽ വിലയ്ക്ക് വാങ്ങി അവർക്ക് നൽകിയതും ലോകം ഓർക്കും. എന്നും ചൂഷണത്തിനെതിരെ നിലക്കൊള്ളുന്ന റൊണാൾഡോ തനിക്ക് കിട്ടിയ അവസരങ്ങളിൽ പോരാട്ട മനസ് ഉപയോഗിച്ചിട്ടുണ്ട്. ഒരിക്കൽ യൂറോകപ്പിൽ കളിക്കാൻ ചെന്നപ്പോൾ സംഘാടകർ ഒരുക്കിയ പ്രസ്‌മീറ്റിൽ പങ്കെടുത്തു. ടേബിളിൽ കൊക്കകോള കുപ്പികൾ കണ്ട അദ്ദേഹം അതെല്ലാം എടുത്തു മാറ്റി മിനറൽ വാട്ടർ ബോട്ടിൽ പകരം വച്ചു. ഓഹരി വിപണിയിൽ കോള കമ്പനിയുടെ എട്ട് ശതമാനം വാല്യൂ ഇടിഞ്ഞു പോയി. പറയുന്നതിലും പ്രവർത്തിക്കുന്നതിലും സത്യസന്ധത പുലർത്തുന്ന താരമാണ് റൊണാൾഡോ. അദ്ദേഹത്തിന്റെ രാജ്യമായ പോർച്ചുഗലിന് ഇത്തവണത്തെ ലോകകപ്പിൽ പൊരുതാനുള്ള ഊർജം കൂടിയാണ് യുവേഫ ലീഗ് ചാമ്പ്യൻഷിപ്പ്. ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. ഇത്തവണത്തെ ക്ലബ്ബ് ലോകകപ്പ് വേണ്ടെന്നാണ് തീരുമാനിച്ചത്. ജനിച്ച മണ്ണിന് വേണ്ടി പൊരുതാനാണ് അദ്ദേഹം തയ്യാറെടുക്കുന്നത്. ഫിഫ പലവഴിയിലും ക്രിസ്റ്റ്യാനോയുടെ കളിക്ക് ശ്രമിച്ചിരുന്നു. ഫുട്‌ബോൾ ആരാധകരും മനസിൽ കരുതിയതാണ്. പണത്തിന്റെ കിലുക്കം മാത്രമാണെങ്കിൽ പോകാമായിരുന്നു. എനിക്ക് നിശ്ചയിച്ച കളികൾ മാത്രമേ പറ്റുകയുള്ളൂ, തുടർന്ന് വിശ്രമം വേണം. നിലപാടുകളിൽ ഉറച്ചു നിൽക്കുകയാണ് അദ്ദേഹം. വരുന്ന പന്തിനെ ഉയർന്നു ചാടി വരുതിയിലാക്കി ബൈസിക്കിൾ കിക്കിലൂടെ ഗോൾ നേടി ലോകത്തെ അത്ഭുതപ്പെടുത്തിയ താരമാണ് അദ്ദേഹം. കളിയെന്നത് ഗുരുവിൽ നിന്ന് പഠിക്കുന്ന വിദ്യപോലെ മാത്രം കാണരുത്. സ്വന്തം പരീക്ഷണവും നിരീക്ഷണവും ചേർത്ത് വച്ചു മാത്രം കളിച്ചാൽ യാന്ത്രികമാകും. അതുകൊണ്ടാണ് ബുദ്ധിപരമായ ചിന്തകളും സന്ദർഭവും നോക്കി പ്രയോഗിക്കുന്നത്. അടുത്ത ലോകകപ്പിൽ ഒരു വൻവിജയം കൂടി നേടി രാജ്യത്തിന് വേണ്ടി സ്വന്തം വിജയം സമർപ്പിക്കണം എന്നമോഹമാണ് റൊണാൾഡോയുടെ മനസിൽ കിടക്കുന്നത്. ഒരു കാര്യം ഉറപ്പാണ് ലോകഫുട്ബോളിൽ നിലനിൽക്കുന്ന രണ്ട് താരങ്ങൾ ലയണൽ മെസിയും, ക്രിസ്റ്റ്യാനോ റൊണാൾഡോയുമാണ്. ഇനിയൊരു ലോകകപ്പ് രണ്ടു പേർക്കും അസാധ്യമാണ്. മെസിക്ക് 39ഉം റൊണാൾഡോയ്ക്ക് 40ഉം വയസാകും.

Kerala State - Students Savings Scheme

TOP NEWS

July 14, 2025
July 14, 2025
July 14, 2025
July 14, 2025
July 14, 2025
July 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.