രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി സമ്മതിച്ച് ആര്‍ബിഐ

Web Desk
Posted on August 22, 2019, 3:44 pm

ന്യൂഡല്‍ഹി: രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി സമ്മതിച്ച് ആര്‍ബിഐ. കഴിഞ്ഞ സാമ്പത്തിക അവലോകന സമിതി യോഗത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കഴിഞ്ഞ യോഗത്തിന്റെ മിനിട്‌സില്‍ രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് സമിതി അംഗമായ ചേതന്‍ ഗഥേ ഫ്‌ളോസിനോസിലിഫിലിഫിക്കേഷന്‍ എന്ന പദമാണ് ഉപയോഗിച്ചത്. ഒരു കാര്യം സംബന്ധിച്ച വിലയിരുത്തല്‍ അര്‍ഥശൂന്യമെന്നാണ് ഈ പദത്തിന് ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലിഷ് നിഘണ്ടു നല്‍കുന്ന അര്‍ഥം. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ചുള്ള ഇപ്പോഴത്തെ വിലയിരുത്തല്‍ നിരര്‍ഥകമെന്നാണ് ചേതന്‍ ഗഥേ യോഗമിനിട്‌സില്‍ കുറിച്ചത്. പാംഗ്ലോസിയന്‍ ധാരണയോടെ സമ്പദ് വ്യവസ്ഥ വിലയിരുത്തല്‍ നടപടികളാണ് ഇപ്പോള്‍ തുടരുന്നതെന്നും ചേതന്‍ ഗഥേ കുറിച്ചു.

ഫ്രഞ്ച് ചിന്തകനായ വോള്‍ട്ടയറിന്റെ കാന്‍ഡിഡ് എന്ന പുസ്തകത്തിലെ കഥാപാത്രമാണ് പ്രൊഫ പാംഗ്ലോസ്. ശുഭാപ്തി വിശ്വാസത്തോടെ ജീവിക്കുന്നവനാണ് പ്രൊഫ പാംഗ്ലോസ്. പിന്നീട് പാംഗ്ലോസ് എന്ന പദത്തിന് പ്രതികൂല സാഹചര്യത്തിലും ശുഭാപ്തി വിശ്വാസം സൂക്ഷിക്കുന്നവനെന്ന അര്‍ഥം ലഭിച്ചു. സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിന് വായ്പാനിരക്കുകള്‍ വീണ്ടും കുറയ്‌ക്കേണ്ടി വരുമെന്ന് യോഗത്തില്‍ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കിയിരുന്നു. വായ്പാ നിരക്കുകള്‍ നിരന്തരം കുറയ്ക്കുന്നതിന് പണപ്പെരുപ്പത്തിന് കാരണമാകുമെന്ന് യോഗത്തില്‍ ചേതന്‍ ഗഥേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഭൂരിപക്ഷം അംഗങ്ങളും ചേതന്റെ നിലപാടിനോട് യോജിച്ചില്ല. ഇതിലുള്ള പ്രതിഷേധം കൂടിയാണ് ബോര്‍ഡ് തീരുമാനത്തെ രൂക്ഷമായ ഭാഷയില്‍ അഥവാ ആലങ്കാരികമായ ഭാഷയില്‍ ചേതന്‍ വിമര്‍ശിച്ചത്.