രാജ്യം ഭരിക്കുന്നവര്‍ ചിന്തിക്കുന്നത് മാത്രം ജനങ്ങളും ചിന്തിക്കേണ്ട സാഹചര്യത്തിലേക്കാണ് ഇന്ത്യ പോകുന്നത്

Web Desk
Posted on January 13, 2019, 9:08 pm
യുവകലാസാഹിതി സാംസ്‌ക്കാരിക യാത്രയ്ക്ക് കോഴിക്കോട് മൊഫ്യൂസല്‍ ബസ്സ്റ്റാന്‍ഡില്‍ നല്‍കിയ സ്വീകരണ പരിപാടി എം പി വീരേന്ദ്രകുമാര്‍ എം പി ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: രാജ്യം ഭരിക്കുന്നവര്‍ ചിന്തിക്കുന്നത് മാത്രം ജനങ്ങളും ചിന്തിക്കേണ്ട സാഹചര്യത്തിലേക്കാണ് ഇന്ത്യ പോകുന്നതെന്ന് വീരേന്ദ്രകുമാര്‍ എം പി. ‘ദേശീയത, മാനവികത, ബഹുസ്വരത’ എന്ന മുദ്രാവാക്യമുയര്‍ത്തി യുവകലാസാഹിതി സംഘടിപ്പിച്ച സാംസ്കാരിക യാത്രയ്ക്ക് കോഴിക്കോട് മൊഫ്യൂസല്‍ ബസ്സ്റ്റാന്‍ഡില്‍ നല്‍കിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വകാര്യതയിലേക്ക് കടന്നു കയറുന്ന നിയമങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ അഭിപ്രായ സ്വാതന്ത്രത്തിന് കൂച്ചുവിലങ്ങിടുകയാണ്. ഇന്ന് മനുഷ്യര്‍ എന്ന് പറയുന്നത് ഏതോ ചില അധികാര കേന്ദ്രങ്ങള്‍ തീരുമാനിക്കുന്നതിനനുസരിച്ച് പ്രവര്‍ത്തിക്കുന്നവരായി മാറുന്നു. നമ്മള്‍ എന്ത് ഭക്ഷിക്കണം, ഏത് വസ്ത്രം ധരിക്കണം, എങ്ങിനെ ചിന്തിക്കണം എന്നുപോലും തീരുമാനിക്കപ്പെട്ടു കഴിഞ്ഞ അവസ്ഥയാണ്. ഒട്ടേറെ രാമായണങ്ങളുള്ള രാജ്യത്ത് രാമനെക്കുറിച്ച് ഇന്നതു മാത്രമേ പറയാവൂ എന്നാണ് ചിലര്‍ വിവക്ഷിക്കുന്നത്. വിശക്കുന്നവന് മതമില്ല. അവന് വേണ്ടത് ഭക്ഷണമാണ്.

പട്ടിണികിടക്കുന്നവനാണ് ദൈവമെന്നും രാജ്യത്ത് ശൂദ്രന്റെ ഭരണം വരുമെന്നുമാണ് സ്വാമി വിവേകാന്ദന്‍ പറഞ്ഞത്. സ്വാമി വിവേകാനന്ദനാണ് തനിക്ക് പ്രചോദനമെന്ന് പറയുന്ന മോഡിക്ക് എങ്ങനെയാണ് ഇങ്ങനെ പ്രവര്‍ത്തിക്കാനാവുന്നതെന്നും അദ്ദേഹം ചോദിച്ചു. പ്രതിഷേധത്തിലൂടെ മാത്രമേ ഫാസിസത്തെ ചെറുക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ യു കെ കുമാരന്‍ മുഖ്യാതിഥിയായി. ഇത്രമേല്‍ ജീര്‍ണ്ണിച്ച ഒരു കാലഘട്ടം മുമ്പെങ്ങും ഉണ്ടായിട്ടില്ലെന്നും സമൂഹം ഓരോ ദിവസവും പലവിധത്തില്‍ വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ചവിട്ടി താഴ്ത്തപ്പെട്ട പല തരം സമൂഹങ്ങളെ മുഖ്യധാരയിലെത്തിക്കുകയാണ് കലയിലെ നവോത്ഥാനമെന്ന് ജാഥാക്യാപ്ടന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ പറഞ്ഞു. തെരുവിലെ കലാപങ്ങള്‍ നമ്മെ ഹിന്ദുവായും മുസ്ലീമായും കൃസ്ത്യാനിയായും വേര്‍തിരിക്കാനിടയാക്കിയാല്‍, നമ്മുടെ സ്വസ്ഥമായ മണിമന്ദിരങ്ങള്‍ തകര്‍ക്കപ്പെടും. തെരുവില്‍ നിന്ന് അന്ധകാരത്തിന്റെ തിമിരം ബാധിച്ച പേപ്പട്ടികള്‍ വളഞ്ഞിട്ട് ആക്രമിച്ച് നമ്മെ പ്രാകൃതയുഗത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നു. നമുക്ക് മാത്രമല്ല വരും തലമുറക്കും ഇവിടെ സ്‌നേഹത്തോടെയും സമാധാനത്തോടെയും ജീവിക്കാന്‍ കഴിയണമെന്നും അദ്ദേഹം വ്യക്തമാക്കി. യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് ഡോ. ശരത് മണ്ണൂര്‍ അധ്യക്ഷത വഹിച്ചു. ഇപ്റ്റ ദേശീയ വൈസ് പ്രസിഡന്റ് ടി വി ബാലന്‍, കവി പി പി ശ്രീധരനുണ്ണി, യു ഹേമന്ത് കുമാര്‍, ജയശ്രീ കിഷോര്‍, പൂനൂര്‍ കെ കരുണാകരന്‍, സി എം കേശവന്‍, ടി പി മമ്മുമാസ്റ്റര്‍, ചേളന്നൂര്‍ പ്രേമന്‍, സി പി സദാനന്ദന്‍, കെ ജി പങ്കജാക്ഷന്‍ എന്നിവര്‍ സംസാരിച്ചു. പി വി മാധവന്‍ സ്വാഗതവും എം എം ബഷീര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. ജാഥയ്ക്ക് ജില്ലയിലെ വടകര, കൊയിലാണ്ടി, നടുവണ്ണൂര്‍ എന്നീ കേന്ദ്രങ്ങളിലും സ്വീകരണം നല്‍കി. വിവിധ കേന്ദ്രങ്ങളില്‍ ജാഥാക്യാപ്ടനു പുറമെ ജാഥാ വൈസ് ക്യാപ്റ്റന്‍ ഇ എം സതീശന്‍, ഡയറക്ടര്‍ ടി യു ഡോണ്‍സണ്‍, ജാഥാംഗങ്ങള്‍ എന്നിവരും സംസാരിച്ചു.