രാജ്യം അതിരൂക്ഷ വരള്‍ച്ചയില്‍

Web Desk
Posted on June 02, 2019, 10:26 pm

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: താങ്ങാനാവാത്ത കൊടും ചൂടും വരള്‍ച്ചയും നേരിട്ട് രാജ്യത്തെ പകുതിയോളം ഭൂപ്രദേശങ്ങള്‍. കുടിവെള്ളം പോലുമില്ലാതെ ദശലക്ഷക്കണക്കിനാളുകളാണ് ദുരിതമനുഭവിക്കുന്നത്. ന്യൂഡല്‍ഹി, ആന്ധ്രാ പ്രദേശ്, തെലങ്കാന, ബിഹാര്‍, ഗുജറാത്ത്, ജാര്‍ക്കണ്ഡ്, കര്‍ണാടക, മഹാരാഷ്ട്ര, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍, രാജസ്ഥാന്‍, തമിഴ്‌നാട്, എന്നീ സംസ്ഥാനങ്ങളാണ് വരള്‍ച്ചയുടെയും ചൂടിന്റെയും പിടിയിലമര്‍ന്നിരിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ 500 ദശലക്ഷം പേര്‍ക്ക് കുടിവെള്ളം പോലും കിട്ടാത്ത അവസ്ഥയാണ്. ഏത് ഉഷ്ണമായ കാലാവസ്ഥയിലും തണുപ്പ് അനുഭവപ്പെടുന്ന ഊട്ടി, കുളു, മണാലി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പോലും രൂക്ഷമായ ചൂടാണ് അനുഭവപ്പെടുന്നത്.

വരള്‍ച്ചയുടെ കാഠിന്യത്തിന്റെ അടിസ്ഥാനത്തില്‍ ഭൂപ്രദേശങ്ങളെ അഞ്ച് വിഭാഗങ്ങളായാണ് കാലാവസ്ഥാ വിദഗ്ധര്‍ തരംതരിക്കുന്നത്. ഇതില്‍ രാജ്യത്തെ ആറുശതമാനം പ്രദേശം ആദ്യത്തെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തു. ഈ സംസ്ഥാനങ്ങളില്‍ താപനില 50 ഡിഗ്രിയോളമായി ഉയരും. ഡല്‍ഹി, തെലങ്കാന എന്നിവിടങ്ങളില്‍ ഇതിനകം തന്നെ താപനില 50 ആയി ഉയരുമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

രാജ്യത്തെ 241 ജില്ലകളിലെ ജനങ്ങള്‍ വരള്‍ച്ചയും ചൂടും താങ്ങാന്‍ കഴിയാതെ മറ്റ് പ്രദേശങ്ങളിലേയ്ക്ക് പലായനം തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിലെ താപനില ഇനിയും ഉയരുമെന്ന് ഇന്‍ഡോര്‍ ഐഐടിയിലെ വിദഗ്ധര്‍ വ്യക്തമാക്കുന്നു. ഇപ്പോഴത്തെ വരള്‍ച്ചയെ പ്രതിരോധിക്കാന്‍ പ്രാപ്തിയുള്ളത് കുറച്ചുപേര്‍ക്ക് മാത്രമാണ്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ ജനങ്ങളുടെ ജീവന്‍പോലും അപകടത്തിലാകുന്ന സ്ഥിതി സംജാതമാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മണ്‍സൂണിന് മുന്നോടിയായി ലഭിക്കേണ്ട വേനല്‍മഴ ജനുവരി-ഫെബ്രുവരി മാസത്തില്‍ രാജ്യത്തെ 23 ശതമാനം പ്രദേശങ്ങളിലും ലഭിച്ചില്ല. മാര്‍ച്ചില്‍ 46 ശതമാനം കുറവ് മഴയാണ് ലഭിച്ചത്. ഇതിന്റെ ഭാഗമായി ഡാമുകളിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞു. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ജലനിരപ്പും വന്‍തോലില്‍ താഴ്ന്നിരിക്കുന്നു. പല ഡാമുകളും വറ്റിവരണ്ടു. തെക്കന്‍ സംസ്ഥാനങ്ങളിലെ ഡാമുകളിലെ ജലനിരപ്പ് 25 ശതമാനമായി കുറഞ്ഞതും ഗുരുതരമായ ആശങ്കയാണ് സൃഷ്ടിക്കുന്നത്. തെക്കന്‍ സംസ്ഥാനങ്ങളില്‍ മഴയുടെ അളവ് 49 ശതമാനം കുറഞ്ഞു. കഴിഞ്ഞ വര്‍ഷം സംഭരണ ശേഷിയുടെ 67 ശതമാനം വെള്ളം ഉണ്ടായിരുന്നു. ഇതാണ് ഇപ്പോള്‍ 25 ശതമാനമോ അതില്‍ കുറവോ ആയത്.

വരള്‍ച്ചയുടെ തുടര്‍ന്ന് കാര്‍ഷിക മേഖലെ ആകെ താറുമാറായി. ഇക്കുറി വരുമാസങ്ങളില്‍ ഭക്ഷ്യസാധനങ്ങളുടെ വില ഗണ്യമായി വര്‍ധിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. വിദര്‍ഭ, മറാത്ത്‌വാഡ മേഖലകളിലെ കാര്‍ഷിക മേഖല ആകെ തകര്‍ന്നു. ഉത്തര്‍പ്രേദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ കന്നുകാലികള്‍ വെള്ളമില്ലാതെ ചത്തൊടുങ്ങുന്നു.
രാജ്യത്ത് കാര്‍ഷിക ഭൂമിയില്‍ 34 ശതമാനം പ്രദേശങ്ങളില്‍ മാത്രമാണ് ജലസേചന സൗകര്യങ്ങളുള്ളത്. ബാക്കിയുള്ള 66 ശതമാനവും കാലവര്‍ഷത്തെ അപേക്ഷിച്ചാണ് കൃഷി ചെയ്യുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തെ 74 ശതമാനം കാര്‍ഷിക മേഖലയും ഗുരുതരമായ പ്രതിസന്ധി നേരിടുന്നതായാണ് റിപ്പോര്‍ട്ട്. ഇപ്പോഴത്തെ കാലവര്‍ഷത്തിന്റെ കുറവ് കാരണം കാര്‍ഷികോല്‍പ്പാദനത്തില്‍ 34.7 ശതമാനം കുറവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ ഭരണാധികാരികള്‍ ശീതികരിച്ച മുറിയിലിരുന്ന വരള്‍ച്ച ചര്‍ച്ച ചെയ്യുമ്പോള്‍ പാവപ്പെട്ട ജനങ്ങള്‍ കുടിവെള്ളം പോലുമില്ലാതെ കൊടും ചൂടില്‍ മരിച്ച് വീഴുന്ന അവസ്ഥ.