കൊറോണ വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചെങ്കിലും രോഗവ്യാപനം കണ്ടെത്തുന്ന കാര്യത്തിൽ ഇന്ത്യ ഏറെ പിന്നിലെന്ന് റിപ്പോർട്ട്. രാജ്യത്തെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ കാര്യക്ഷമതയുടെ മേന്മയുടെ അടിസ്ഥാനത്തിലാണ് കേരളം ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിൽ രോഗ വ്യാപനം തടയാൻ കഴിയുന്നത്. എന്നാൽ മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇതിന് കഴിയുന്നില്ല. സാമൂഹ്യ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്നകാര്യത്തിൽ ചില ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണ് സാമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയവും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ) പറയുന്നത്. രോഗികളുടെ കണക്കുകളുടെ എണ്ണത്തിലും ഇരുവരുടേയും കണക്കുകളിൽ പൊരുത്തക്കേടുണ്ട്. കൂടാതെ രോഗത്തിന്റെ സാമൂഹ്യ വ്യാപനം നിർണയിക്കുന്നതിനുള്ള വ്യാപക പരിശോധനകൾ ഇനിയും രാജ്യത്ത് നടത്തിയിട്ടില്ല. ഇതിന്റെ ഫലമായാണ് പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധന രേഖപ്പെടുത്തുന്നത്.
ഇന്ത്യയിലെ പല സംസ്ഥാനങ്ങളും സാമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ലെന്ന് പറയുന്നത് കുരുടൻ ആനയെ കണ്ടതുപോലെയാണെന്ന് കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടനയും ആരോപിച്ചിരുന്നു. സമൂഹത്തിൽ ആർക്കൊക്കെ രോഗം ബാധിച്ചു, രോഗ വ്യാപനത്തിന്റെ തോത് എന്നിവ നിർണയിക്കുന്നതിന് വ്യാപകമായ പരിശോധനകളാണ് ആവശ്യം. ഇതിലൂടെ മാത്രമേ ഒരു മഹാമാരിയെ പിടിച്ചുകെട്ടാൻ കഴിയുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. മാഹാമാരി തടയാനെന്ന പേരിൽ രാജ്യങ്ങൾ ഏർപ്പെടുത്തുന്ന ലോക്ഡൗണുകൾ ഭരണാധികാരികളുടെ ഒളിച്ചോടൽ നയമാണ് സൂചിപ്പിക്കുന്നതെന്ന് അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഡീസിസ് ഡൈനമിക്സ് ഇക്കണോമിക്സ് ആന്റ് പോളിസി പറയുന്നു. സമ്പദ് വ്യവസ്ഥയുടെ തകർച്ച, പട്ടിണി തുടങ്ങിയ കാര്യങ്ങൾ വർധിക്കാൻ ലോക്ഡൗൺ കാരണമാകും. രോഗവ്യാപനം കണ്ടെത്തുന്നതിന് വ്യാപകമായ പരിശോധനകളാണ് ആവശ്യമെന്നും റിപ്പോർട്ട് പറയുന്നു. രോഗവ്യാപനം തടയുന്നതിനായി രാജ്യത്ത് ലോക്ഡൗൺ ഏർപ്പെടുത്തി വിശ്രമിക്കുക എന്നത് കാട് അടച്ച് വെടിവയ്ക്കുന്നതിന് തുല്യമാണെന്ന് ആരോഗ്യ വിദഗ്ധനും ജൻ സ്വാസ്ഥ്യ അഭ്യാൻ കൺവീനറുമായ അഭയ് ശുക്ല പറയുന്നു.
കുറഞ്ഞ സമയത്തേയ്ക്ക് ലോക്ഡൗൺ ഏർപ്പെടുത്തിയശേഷം വ്യാപകമായ പരിശോധനകളാണ് നടത്തേണ്ടത്. ഇതേ മാർഗമാണ് കൊറോണ വ്യാപനം തടയുന്നതിൽ വിജയിച്ച സൗത്ത് കൊറിയ, തായ്വാൻ, ഹോങ്കോങ് എന്നീ രാജ്യങ്ങൾ സ്വീകരിച്ചത്. എന്നാൽ ഇത്തരത്തിലുള്ള പരിശോധന സംവിധാനങ്ങൾ ഇന്ത്യയിൽ ഇപ്പോഴും നടപ്പാക്കിയിട്ടില്ല. രണ്ട് തരത്തിലുള്ള രോഗനിർണയ സംവിധാനങ്ങളാണ് ഇന്ത്യയിൽ നടപ്പാക്കേണ്ടതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. കൊറോണ വൈറസുകളുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന പോളിമറൈസ് ചെയിൻ റിയാക്ഷൻ ( ആർടി പിസിആർ), വൈറസിന്റെ ആന്റിബോഡികൾ സ്ഥിരീകരിക്കുന്ന സെറോളജിക്കൽ ടെസ്റ്റ് എന്നിവയാണ് രാജ്യ വ്യാപകമായി നടപ്പാക്കേണ്ടത്. ഇന്നലെ വൈകിട്ട് വരെയുള്ള കണക്കുകൾ പ്രകാരം 4,01,586 പേരിലാണ് പരിശോധന നടത്തിയത്. ഇതിൽ 17,615 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്ത്യയെപോലെ ജനസംഖ്യ കൂടുതലായ രാജ്യത്ത് ഈ തോതിൽ പരിശോധന നടന്നാൽ മതിയാവില്ല. യുഎസിൽ ഒരു ദിവസം 1,41,041 പേരിലാണ് പരിശോധനകൾ നടത്തുന്നത്. ജനസംഖ്യയുടെ അനുപാതത്തിൽ ഇന്ത്യയിലെ പരിശോധനാ നിരക്ക് 0.27 ശതമാനം മാത്രമാണ്. തുർക്കി 7.14, സൗത്ത് ആഫ്രിക്ക 1.84, വിയറ്റ്നാം 2.1 ശതമാനവുമാണ് പരിശോധനാ നിരക്കുകൾ. പരിശോധനാ കിറ്റുകൾ ലഭ്യമാക്കുന്നതിലും മേയ്ക്ക് ഇൻ ഇന്ത്യാ പദ്ധതി പ്രകാരം വിവധ സ്ഥാപനങ്ങൾ നിർമ്മിച്ച കിറ്റുകൾ ലഭ്യമാക്കാനും കേന്ദ്ര സർക്കാരിന് ഇനിയും കഴിഞ്ഞിട്ടില്ല. പരിശോധനാ കിറ്റുകളുടെ കുറവാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കുള്ള മുഖ്യകാരണം. ആവശ്യമായ കിറ്റുകൾ ലഭ്യമാക്കുന്നതിലും ലാബുകൾ സജ്ജീകരിക്കുന്നതിലും ഐസിഎംആറിന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ച്ചയാണ് ഉണ്ടാകുന്നതെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു.
ENGLISH SUMMARY: India lags behind in detecting coronal expansion
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.