ഗള്‍ഫിലെ സവാള വിപണി ഇന്ത്യയ്ക്കു നഷ്ടമാകുന്നു

Web Desk
Posted on October 02, 2019, 9:54 pm

ദുബായ്: കേന്ദ്രസര്‍ക്കാര്‍ കയറ്റുമതി നിരോധിച്ചതിനെത്തുടര്‍ന്നു ഗള്‍ഫ് രാജ്യങ്ങളിലെ വിപണി ഇന്ത്യയ്ക്കു നഷ്ടമാകുമെന്ന് ആശങ്ക. കയറ്റുമതി നിലച്ചതിനെത്തുടര്‍ന്നു യുഎഇയും മറ്റ് ഗള്‍ഫ് രാജ്യങ്ങളുമടക്കമുള്ള വിപണികളിലെ ഇന്ത്യന്‍ സവാളയുടെ വില കിലോയ്ക്ക് 120 രൂപ വരെയായി. കയറ്റുമതി നിരോധനത്തിനു മുമ്പ് കിലോയ്ക്കു പരമാവധി 60 രൂപയായിരുന്നു സവാളയുടെ വില. ഇന്ത്യന്‍ പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും മറ്റു വിദേശികള്‍ക്കും ഏറെ പ്രിയങ്കരം രുചിയേറുന്ന ഇന്ത്യന്‍ സവാളയാണ്. അതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഇറക്കുമതി ചെയ്യുന്ന സവാളയില്‍ 60 ശതമാനവും ഇന്ത്യയില്‍ നിന്നാണ്.

പെരുമഴയും വ്യാപകമായ പൂഴ്ത്തിവയ്പ് മൂലം ഇന്ത്യയില്‍ സവാളയുടെ വില അനുദിനം കുതിച്ചു കയറിയതോടെയാണ് കയറ്റുമതിക്ക് വിലക്കുവീണത്. കഴിഞ്ഞവര്‍ഷം 4500 കോടിയോളം രൂപയുടെ സവാളയാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്തത്. ഈ വര്‍ഷം സെപ്റ്റംബര്‍ അവസാനം വരെ അത് 5000 കോടി രൂപ കവിഞ്ഞതിനിടെയാണ് വെള്ളിടിപോലെ ഇന്ത്യയുടെ കയറ്റുമതി നിരോധനം. കയറ്റുമതി വില ടണ്ണിന് പരമാവധി അറുപതിനായിരത്തോളം രുപയായി കേന്ദ്രം നിജപ്പെടുത്തിയിട്ടും മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സവാളയെ അപേക്ഷിച്ച് വിലകൂടിയ ഇന്ത്യന്‍ സവാളയുടെ വിപണി ആധിപത്യം നേടിയത് അതിന്റെ പ്രത്യേക രൂചിമൂലമായിരുന്നു.

ഈജിപ്റ്റ്, ഒമാന്‍, ചൈന, മെക്‌സിക്കോ, സ്‌പെയിന്‍, നെതര്‍ലാന്‍ഡ്‌സ് എന്നിവിടങ്ങളില്‍ നിന്നാണ് ഗള്‍ഫിലേയ്ക്കു ഇന്ത്യയ്ക്കു പുറമേ സവാള വരുന്നത്. ഇന്ത്യ സവാളയുടെ വിലയുടെ പകുതിമാത്രമേ ഈ രാജ്യങ്ങളിലെ സവാളയ്ക്കു വിലയുള്ളൂ. എങ്കില്‍ പോലും ഗള്‍ഫില്‍ ജനപ്രിയസവാള ഇന്ത്യയുടേതാണ്. എന്നാല്‍ ഇറക്കുമതി നിലച്ചതോടെ ഗള്‍ഫിലെ കച്ചവടക്കാരുടെ പക്കലുണ്ടായിരുന്ന ഇന്ത്യന്‍ സവാളയുടെ സ്‌റ്റോക്ക് ഏതാണ്ട് തീര്‍ന്നു കഴിഞ്ഞു. 20 കിലോയുടെ ഒരു കാര്‍ട്ടണ്‍ ഇന്ത്യന്‍ സവാള വില 600 രൂപയായിരുന്നത് 141500 രൂപയായിരുന്നു ഇന്നലെ വരെ, ഇപ്പോഴതുകിട്ടാനുമില്ല. ഇന്ത്യന്‍ സവാള വിപണിയില്‍ നിന്ന് അപ്രത്യക്ഷമായതോടെ മറ്റു രാജ്യങ്ങളിലെ സവാള ഗള്‍ഫ് വിപണികള്‍ കയ്യടക്കിക്കഴിഞ്ഞു. ക്രമേണ ഇന്ത്യന്‍ സവാളയുടെ ആധിപത്യം നേര്‍ത്തുനേര്‍ത്തില്ലാതാവുമെന്നാണ് ആശങ്ക. കയറ്റുമതി നിരോധനം പിന്‍വലിച്ചാലും വിപണി തിരിച്ചു പിടിക്കാനാവുമോ എന്ന് കാര്യവും പ്രവചനാതീതം.