September 28, 2022 Wednesday

Related news

September 27, 2022
September 27, 2022
September 26, 2022
September 24, 2022
September 23, 2022
September 23, 2022
September 23, 2022
September 21, 2022
September 21, 2022
September 21, 2022

മോഡി ഭരണത്തിൽ ഇന്ത്യയ്ക്ക് ജനാധിപത്യപദവി നഷ്ടമായി

Janayugom Webdesk
ന്യൂഡൽഹി:
October 29, 2020 10:20 pm

മോഡി ഭരണത്തിൽ ജനാധിപത്യ രാജ്യമെന്ന പദവി ഇന്ത്യയ്ക്ക് നഷ്ടപ്പെടുന്നുവെന്ന് ആഗോള ഏജൻസിയുടെ പഠനം. ബിജെപി ഭരണത്തിൽ മാധ്യമങ്ങൾക്കും പ്രതിപക്ഷ പാർട്ടികൾക്കും അടിച്ചമർത്തൽ നേരിടേണ്ടി വരുന്നുവെന്ന് വി-ഡെം (വെറൈറ്റീസ് ഓഫ് ഡെമോക്രസി) ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട ‘ഡെമോക്രസി റിപ്പോർട്ടി’ ൽ പറയുന്നു.

ബ്രസീൽ, പോളണ്ട്, അമേരിക്ക, ഹംഗറി തുടങ്ങിയ ഏകാധിപത്യ ഭരണത്തിലേക്ക് നീങ്ങുന്ന വിഭാഗത്തിലേക്കാണ് ഇന്ത്യയുടെ പോക്കെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നിലവിൽ ജനാധിപത്യ സൂചികയിലാണെങ്കിലും, ജനസംഖ്യാ അടിസ്ഥാനത്തിൽ ഏറ്റവും വേഗത്തിൽ സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങുന്ന രാജ്യമായാണ് ഇന്ത്യയെ വിലയിരുത്തിയിരിക്കുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിന്റെയും സിവിൽ സൊസൈറ്റികളുടെയും മേലുള്ള അടിച്ചമർത്തലുകളാണ് ഇന്ത്യയുടെ ജനാധിപത്യ പദവിക്ക് തിരിച്ചടിയായതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ആഗോളതലത്തിൽ രാജ്യങ്ങളുടെ ജനാധിപത്യ നില തകർന്നുകൊണ്ടിരിക്കുകയാണെന്ന് ഈ വർഷം പ്രസിദ്ധീകരിച്ച സ്വേഛാധിപത്യത്തിന്റെ മുന്നേറ്റം, പ്രതിരോധത്തിന്റെ വളർച്ച എന്ന റിപ്പോർട്ടിൽ പറയുന്നു. 2001നു ശേഷം ആദ്യമായി ലോകത്തെ ആകെ ജനസംഖ്യയുടെ 54 ശതമാനവും ഉൾപ്പെടുന്ന 92 രാജ്യങ്ങളും സ്വേച്ഛാധിപത്യ ഭരണത്തെ നേരിടേണ്ടിവന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ജി20യിലെ പ്രധാന രാജ്യങ്ങൾ മൂന്നാംഘട്ട സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങുകയാണ്. ഇത് ഇന്ത്യ, ബ്രസീൽ, യുഎസ്, തുർക്കി തുടങ്ങിയ ജനസംഖ്യ കൂടിയ രാജ്യങ്ങളുടെ സമ്പദ്‌ഘടനയേയും തകർക്കുന്നു.

ജനാധിപത്യവ്യവസ്ഥയിൽ ഇന്ത്യയുടെ സ്ഥാനം വളരെ താഴോട്ട് പോയികൊണ്ടിരിക്കുകയാണ്. ജനാധിപത്യ രാജ്യമെന്ന പദവി ഇന്ത്യക്ക് ഏതാണ്ട് നഷ്ടമായെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അഭിപ്രായ, മാധ്യമ സ്വാതന്ത്ര്യത്തിനെതിരെ 31 രാജ്യങ്ങളിൽ കടുത്ത അക്രമങ്ങൾ നടക്കുന്നു. രണ്ടു വർഷം മുമ്പ് ഇത് 19 രാജ്യങ്ങളിൽ ആയിരുന്നു. സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങുന്ന രാജ്യങ്ങളിൽ അക്കാദമിക് സ്വാതന്ത്ര്യത്തിൽ 13 ശതമാനം ഇടിവുണ്ടായി. ഇതിൽ പ്രമുഖമായത് ഇന്ത്യയാണ്.

കഴിഞ്ഞ പത്ത് വർഷമായി ഈ രാജ്യങ്ങളിൽ സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം 14 ശതമാനമായി ചുരുങ്ങി. സബ് സഹാറൻ ആഫ്രിക്ക മാത്രമാണ് ഇതിൽ നിന്ന് വ്യത്യസ്തമെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. തെരഞ്ഞെടുപ്പ്, വോട്ടവകാശം, അഭിപ്രായ, മാധ്യമ സ്വാതന്ത്ര്യം, സംഘടനാ സ്വാതന്ത്ര്യം, നിയമ നിർവഹണം തുടങ്ങിയ ഘടകങ്ങളെ വിലയിരുത്തിയാണ് പഠനം നടത്തിയത്.

വി-ഡെം ആഗോള ഗവേഷക സ്ഥാപനം

രാജ്യങ്ങളിലെ ജനാധിപത്യനില പരിശോധിക്കുന്ന സ്വതന്ത്ര ഗവേഷക സ്ഥാപനമാണ് വി-ഡെം. സ്വീഡൻ ആസ്ഥാനമായുള്ള സ്ഥാപനം ഗോഥൻബർഗ് സർവകലാശാലയ്ക്കു കീഴിലാണ് പ്രവർത്തിക്കുന്നത്. തെരഞ്ഞെടുപ്പ്, പുരോഗമനം, പങ്കാളിത്തം, അഭിപ്രായ സ്വാതന്ത്ര്യം, സമത്വം തുടങ്ങി ജനാധിപത്യത്തിന്റെ ഉന്നത തത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള വിവരങ്ങൾ ശേഖരിക്കുകയും റിപ്പോർട്ട് തയ്യാറാക്കുകയുമാണ് വി-ഡെം ചെയ്യുന്നത്. ജനാധിപത്യ വിവരങ്ങൾ ശേഖരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഗവേഷക സ്ഥാപനമെന്നാണ് വി ഡെമ്മിനെ വിശേഷിപ്പിക്കുന്നത്.

ENGLISH SUMMARY: India lost demo­c­ra­t­ic sta­tus under modi rule

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.