Tuesday
12 Nov 2019

വിശപ്പുരഹിത ലോകത്തിലേക്കുള്ള പ്രയാണത്തില്‍ ഇന്ത്യയ്ക്ക് കാലിടറുമ്പോള്‍

By: Web Desk | Tuesday 16 October 2018 10:52 PM IST


manaveeyam

ഗോളതലത്തില്‍ ദാരിദ്ര്യത്തിനും പട്ടിണിക്കും കാരണമായ ഒട്ടേറെ പ്രശ്‌നങ്ങളെ കുറിച്ച് ചിന്തിക്കാനും പരിഹാരം കാണാനുമുള്ള നിരവധി ശ്രമങ്ങളാണ് വിവിധ തലങ്ങളില്‍ നടക്കുന്നത്. പ്രശസ്ത റോമന്‍ ചിന്തകനായ സെനേക്കയുടെ അഭിപ്രായത്തില്‍ ‘വിശപ്പ് വാഴുന്നിടത്ത് സമാധാനം നിലനില്‍ക്കുകയില്ല, വിശക്കുന്നവനു മുമ്പില്‍ യുക്തിയും മതവും പ്രാര്‍ത്ഥനയും ഒന്നും വിലപ്പോവുകയുമില്ല’ എന്നാണ്. ഈ ചിന്താശകലത്തിന് ഇന്ത്യയില്‍ സമകാലീന പ്രസക്തി വളരെയേറെയാണ്. ഈയൊരു ഘട്ടത്തിലാണ് വിശപ്പും ദാരിദ്ര്യവും ലോകത്തുനിന്ന് തുടച്ചു നീക്കുകയെന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്രസംഘടനയുടെ ഭക്ഷ്യ കാര്‍ഷിക സംഘടന(എഫ്എഒ) ഒക്‌ടോബര്‍ 16-ാം തീയതി ലോക ഭക്ഷ്യദിനമായും, ഒക്‌ടോബര്‍ 17-ാം തീയതി ആഗോള ദാരിദ്ര്യ നിര്‍മാര്‍ജന ദിനവുമായി ആചരിക്കുന്നത്. ഈയൊരു സാഹചര്യത്തില്‍ ഇന്ത്യ സാമ്പത്തികരംഗത്ത് വന്‍ശക്തിയായെന്ന് അവകാശപ്പെടുമ്പോഴും മാനവിക വികസനത്തിന്റെ ഏത് അളവുകോലുകള്‍ എടുത്ത് പരിശോധിച്ചാലും വളരെ പിന്നോക്ക നിലയിലാണെന്ന് കാണാന്‍ സാധിക്കും. സാമ്പത്തിക വളര്‍ച്ച നേടിയെന്ന് കൊട്ടിഘോഷിക്കുന്ന ഭരണാധികാരികള്‍ മാനവിക വികസന രംഗത്തുള്ള പോരായ്മകള്‍ കാണാതെ കോര്‍പറേറ്റ് സാമ്പത്തിക ശക്തികളുടെ വക്താക്കളായി മാറി ഇന്ത്യയിലെ പൊതുജനത്തെ പരിഹസിക്കുന്നു. ആധുനിക ഇന്ത്യയിലെ അസാധാരണമായ ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം മൂലം സാധാരണക്കാരുടെ ജീവിതം നരകതുല്യമാണ്. ഇന്ത്യപോലുള്ള ഒരു രാജ്യത്ത് കൊട്ടിഘോഷിക്കുന്ന സാമ്പത്തിക വികസന ലക്ഷ്യങ്ങളെക്കാളും മുന്‍ഗണന നല്‍കേണ്ടത് മുഴുവന്‍ ജനതയുടെയും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തിക്കൊണ്ടുള്ള പൂര്‍ണമായ ദാരിദ്ര്യനിര്‍മാര്‍ജനമാണ്.
എല്ലാ ജനങ്ങള്‍ക്കും എല്ലാ കാലത്തും ആരോഗ്യകരവും ഊര്‍ജ്ജസ്വലവുമായ ജീവിതം നയിക്കുന്നതിനുള്ള സുരക്ഷിതവും, പോഷകസമൃദ്ധവുമായ ഭക്ഷണം ആവശ്യമായ അളവില്‍ ലഭിക്കുന്ന അവസ്ഥയാണ് ഭക്ഷ്യസുരക്ഷയെന്ന് യുഎന്‍ വിവക്ഷിക്കുന്നത്. 2030ല്‍ നേടിയെടുക്കേണ്ട സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ ആദ്യ പരിഗണന പൂര്‍ണമായ ദാരിദ്ര്യനിര്‍മാര്‍ജനത്തിനാണ് നല്‍കിയത്. 2000 മുതല്‍ ആഗോള ദാരിദ്ര്യ നിരക്ക് പകുതിയായി കുറഞ്ഞുവെങ്കിലും വികസ്വരരാജ്യങ്ങള്‍ക്കിടയില്‍ പത്ത് പേരില്‍ ഒരാള്‍ തങ്ങളുടെ കുടുംബത്തോടൊപ്പം അന്തര്‍ദേശീയ ദാരിദ്ര്യരേഖയ്ക്ക് താഴെ നരകതുല്യമായ ജീവിതം നയിക്കുന്നു. ഇന്ത്യയുടെ സ്ഥിതിയും ഇതില്‍ നിന്ന് വിഭിന്നമല്ല. സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ രണ്ടാമത്തെ പരിഗണന വിശപ്പുരഹിത സമൂഹം സൃഷ്ടിക്കുകയെന്നതാണ്. ആഗോള തലത്തില്‍ പട്ടിണിയും, പോഷകാഹാരക്കുറവും മൂലം കുട്ടികള്‍ ഉള്‍പ്പെടുന്ന സാധാരണ ജനത അതിജീവനത്തിനായി കഷ്ടപ്പെടുന്നു. പോഷകാഹാരകുറവില്‍ നിന്നുള്ള മോചനം പ്രാഥമികമായി ഒരു മനുഷ്യാവകാശമാണ്. ഇന്ത്യയിലെ ജനത പട്ടിണിയും, പോഷകാഹാരകുറവും മൂലം ഘടനാപരമായ ദാരിദ്ര്യവും, ഉയര്‍ന്ന തലത്തിലുള്ള സാമ്പത്തിക അസമത്വവും നേരിടുന്നു.
2018 ഒക്‌ടോബര്‍ 10-ാം തീയതി പ്രസിദ്ധീകരിച്ച ആഗോള പട്ടിണി സൂചിക റിപ്പോര്‍ട്ട് (ഗ്ലോബല്‍ ഹങ്കര്‍ ഇന്‍ഡക്‌സ് റിപ്പോര്‍ട്ട്- ജിഎച്ച്‌ഐ) ഇന്ത്യയുടെ അതിദയനീയമായ ചിത്രമാണ് വരച്ചുകാട്ടുന്നത്. ആഗോളതലത്തില്‍ ഏറ്റവുമധികം പട്ടിണി അനുഭവിക്കുന്ന തെക്കന്‍ സുഡാന്റെ അടുത്താണ് ഇന്ത്യയുടെ സ്ഥാനം. 119 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 103 ലേക്ക് താഴ്ന്നു. കഴിഞ്ഞവര്‍ഷം ഇന്ത്യ 100-ാം സ്ഥാനത്തായിരുന്നു. ആഗോള പട്ടിണി സൂചിക (ജിഎച്ച്‌ഐ) ആഗോള, ദേശീയ, പ്രാദേശിക തലങ്ങളില്‍ പട്ടിണി അളക്കുകയോ നിരീക്ഷിക്കുകയോ ചെയ്യുന്ന ഒരു ബോധന രീതിയാണ്. ഓരോ വര്‍ഷവും പട്ടിണിയെ നേരിടുന്നതില്‍ നേടിയ പുരോഗതിയും തിരിച്ചടിയും വിലയിരുത്തുന്നതിനാണ് ജിഎച്ച്‌ഐ സ്‌കോര്‍ ഉപയോഗിക്കുന്നത്. കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ഘടകങ്ങളായ പോഷകാഹാരകുറവ്, കുട്ടികളിലെ വളര്‍ച്ചാമുരടിപ്പ്, ഭാരക്കുറവ്, ശിശുമരണ നിരക്ക് എന്നിവ മാനദണ്ഡമാക്കിയാണ് ജിഎച്ച്‌ഐ തയ്യാറാക്കിയത്. ജിഎച്ച്‌ഐ റിപ്പോര്‍ട്ട് പ്രകാരം അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ പോഷകാഹാരകുറവ് 2010ല്‍ 18.2 ശതമാനത്തില്‍ നിന്നും 2018ല്‍ 14.8 ശതമാനമായി കുറഞ്ഞിട്ടുണ്ട്. കുട്ടികളിലെ വളര്‍ച്ചാമുരടിപ്പ് 9.2ശതമാനത്തില്‍ നിന്നും 4.3 ശതമാനമായി കുറവ് രേഖപ്പെടുത്തി. എന്നാല്‍ കുട്ടികളിലെ ഭാരക്കുറവ് 17.1 ശതമാനത്തില്‍ നിന്നും 20.1 ശതമാനമായി വര്‍ധിക്കുന്നതായാണ് 2000 മുതല്‍ 2018 വരെയുള്ള കാലയളവില്‍ ദൃശ്യമായത്. 2000-ല്‍ പട്ടിണിമൂലമുള്ള കുട്ടികളുടെ പോഷകാഹാരകുറവ് 29.2 ശതമാനത്തില്‍ നിന്നും 2018ല്‍ 20.9 ശതമാനമായി കുറഞ്ഞെങ്കിലും ഇന്ത്യന്‍ കുട്ടികളിലെ ഭാരക്കുറവും, പോഷകാഹാരക്കുറവും ഗുരുതരമായ പൊതുജനാരോഗ്യവെല്ലുവിളിയായി മാറുകയും മൊത്തം ജിഎച്ച്‌ഐ റാങ്കില്‍ ഇന്ത്യ പിന്നോട്ടുപോവുകയും, ഒട്ടുമിക്ക വികസ്വരരാജ്യങ്ങളും അവരുടെ നില മെച്ചപ്പെടുത്തുകയും ചെയ്തു. ലോകത്ത് അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയെന്ന ഖ്യാതി നിലനില്‍ക്കുമ്പോഴാണ് ആഗോള പട്ടിണി സൂചികയിലെ പരിതാപകരമായ അവസ്ഥയില്‍ ഇന്ത്യ നില്‍ക്കുന്നത്.
ഇന്ത്യയുടെ നിലവിലുള്ള പരിതാപകരമായ അവസ്ഥ പൂര്‍ണമായി മനസിലാക്കണമെങ്കില്‍ 2018ലെ ലോക പട്ടിണി സൂചികയിലെ വിവരങ്ങള്‍ മാത്രം പരിശോധിച്ചാല്‍ സാധ്യമല്ല. 2018 സെപ്തംബറില്‍ യുഎന്‍ പ്രസിദ്ധീകരിച്ച ആഗോള മാനവിക വികസന റിപ്പോര്‍ട്ട് പ്രകാരം മാനവിക വികസന സൂചികയില്‍ 189 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 130-ാം സ്ഥാനത്താണ്. ആരോഗ്യ നിലവാരം, വിദ്യാഭ്യാസ നിലവാരം, ജീവിത നിലവാരം എന്നീ മൂന്ന് ഘടകങ്ങളെ ആധാരമാക്കിയാണ് മാനവിക വികസന സൂചിക തയ്യാറാക്കുന്നത്. ഈ മൂന്ന് ഘടകങ്ങളിലും ഇന്ത്യയുടെ സ്ഥിതി മെച്ചപ്പെട്ട നിലയിലല്ല എന്നത് ഈ റാങ്കിങിലൂടെ വെളിവാകുന്നു. 2018 ഒക്‌ടോബറില്‍ ലോക ബാങ്കിന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ച ആഗോള മാനവിക മൂലധന സൂചിക റിപ്പോര്‍ട്ട് (ഹ്യുമന്‍ കാപ്പിറ്റല്‍ ഇന്‍ഡക്‌സ് റിപ്പോര്‍ട്ട്) പ്രകാരം ശ്രീലങ്ക, മ്യാന്‍മര്‍, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ക്ക് പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. 157 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 115-ാം സ്ഥാനത്താണ്. ലോക വികസന റിപ്പോര്‍ട്ടിന്റെ ഭാഗമായാണ് മാനവിക മൂലധന സൂചിക വിഭാവനം ചെയ്തത്. ഇതിനായി ബോധവല്‍ക്കരണത്തിനും മാനവിക മൂലധന സൂചിക നിര്‍ണ്ണയത്തിനും വേണ്ട ഇടപെടലുകളുടെ ആവശ്യകത വര്‍ധിപ്പിക്കാനും, കൃത്യമായ രീതിയില്‍ നിലവിലുള്ള അവസ്ഥാവിശകലനത്തിനു വേണ്ടിയുമാണ് ലോകബാങ്ക് മാനവിക മൂലധന പദ്ധതിക്ക് (ഹ്യുമന്‍ കാപ്പിറ്റല്‍ പ്രൊജക്റ്റ്) രൂപം നല്‍കിയത്. ശരാശരി ആയുര്‍ദൈര്‍ഘ്യം, ശിശുമരണ നിരക്ക്, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം എന്നീ ഘടകങ്ങള്‍ പരിഗണിച്ചാണ് മാനവിക മൂലധന സൂചിക തയ്യാറാക്കിയത്. ഈ റിപ്പോര്‍ട്ടാണ് ഇന്ത്യ ഗവണ്‍മെന്റ് തള്ളി കളഞ്ഞത്.
ഓക്‌സ്ഫാം ഇന്റര്‍നാഷണല്‍ തയ്യാറാക്കിയ ആഗോള അസമത്വ സൂചിക റിപ്പോര്‍ട്ട് 2018 ഒക്‌ടോബര്‍ മാസമാണ് പ്രസിദ്ധീകരിച്ചത്. അസമത്വ സൂചിക കുറയ്ക്കുന്നതിനുവേണ്ടി പ്രവര്‍ത്തിച്ച 157 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 147-ാമതാണ്. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ എന്നിവയ്ക്ക് ഇന്ത്യയുടെ നിക്ഷേപം വളരെ കുറവാണെന്ന് ഈ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ലോകത്ത് നിലവിലുള്ള അസമത്വം മൂന്നിലൊന്നായി കുറയ്ക്കുകയാണെങ്കില്‍ 170 മില്യണ്‍ ജനങ്ങള്‍ക്ക് ദാരിദ്ര്യത്തില്‍ നിന്ന് മോചനം ലഭിക്കുമെന്ന് ഓക്‌സ്ഫാം വിലയിരുത്തുന്നു. ഇന്ത്യയിലെ വര്‍ദ്ധിച്ചുവരുന്ന അസമത്വം ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുകയും സാമൂഹ്യബന്ധങ്ങളെ ശിഥിലീകരിക്കുകയും സാമ്പത്തിക വളര്‍ച്ചയെ മന്ദഗതിയിലാക്കുകയും ചെയ്യും. ഇന്ത്യയിലെ മൊത്തം സമ്പത്തിന്റെ 73 ശതമാനത്തോളം ഒരു ശതമാനമുള്ള ശതകോടീശ്വരന്മാര്‍ കൈക്കലാക്കുകയും ചെയ്യുന്നു. ഈ വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക അസമത്വത്തിന്റെ നേര്‍ചിത്രം 2017 ജൂലൈയില്‍ പ്രമുഖ സാമ്പത്തികശാസ്ത്രജ്ഞന്മാരായ ലുക്കാസ് ചാന്‍സലും, തോമസ് പിക്കറ്റിയും നടത്തിയ ‘ഇന്ത്യയിലെ വരുമാനത്തിന്റെ അസന്തുലിതാവസ്ഥ 1922 മുതല്‍ 2015 വരെ – ബ്രിട്ടീഷ് രാജ് മുതല്‍ ബില്യണര്‍ രാജ് വരെ’ എന്ന ഗവേഷണ പ്രബന്ധത്തില്‍ വിശദീകരിക്കുന്നു. ഇന്ത്യ ബ്രിട്ടീഷ് രാജില്‍ നിന്ന് മോചിതമായെങ്കിലും ഇന്ത്യയിലെ ഭരണാധികാരികള്‍ ബില്ല്യണര്‍ രാജിലേക്കാണ് ജനതയെ തള്ളിവിടുന്നത്. അതുമൂലം സാമ്പത്തിക അസമത്വം അതിന്റെ ഉച്ഛസ്ഥായിലെത്തുകയും ചെയ്തു. മുകളില്‍ പ്രതിപാദിച്ച ഏത് റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാലും ഇന്ത്യയിലെ മാനവിക വികസനം അതിഭീകരമായ അവസ്ഥയിലൂടെ കടന്നുപോകുന്നു. ഈയൊരു സാഹചര്യത്തില്‍ ഇന്ത്യയെപോലുള്ള രാജ്യത്തിന് സാമ്പത്തികവളര്‍ച്ചയ്ക്കാണോ പ്രാധാന്യം നല്‍കേണ്ടത് മറിച്ച് മാനവിക വികസനത്തിനാണോ എന്ന പ്രസക്തമായ ചോദ്യം വീണ്ടും ഉയരേണ്ടതുണ്ട്.
ജഗദീഷ് ഭഗവതിയെപോലുള്ള സാമ്പത്തികശാസ്ത്രജ്ഞന്മാര്‍ സാമ്പത്തിക വളര്‍ച്ചയിലൂടെ രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ച സാധ്യമാകുമെന്ന് വാദിച്ചപ്പോള്‍ അമര്‍ത്യാസെന്നിനെ പോലുള്ള വികസന സാമ്പത്തികശാസ്ത്രജ്ഞന്മാര്‍ സമൂഹത്തിലെ താഴെ തട്ടിലുള്ള വികസനം സാമൂഹ്യ നീതിയിലും, സാമൂഹ്യ സുരക്ഷയിലും ആധാരമാക്കി വിദ്യാഭ്യാസം, ആരോഗ്യം, ജീവിതനിലവാരം എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കുന്ന മാനവിക വികസനമാണ് ഇതിന് പോംവഴിയായി നിര്‍ദ്ദേശിച്ചത്. വീണ്ടും സെന്‍-ഭഗവതി വികസന ചര്‍ച്ചകള്‍ ഈയൊരു സാഹചര്യത്തില്‍ പുനരാരംഭിക്കുകയും ഒക്‌ടോബര്‍ 16-ാം തീയതി ലോക ഭക്ഷ്യദിനവും, ഒക്‌ടോബര്‍ 17-ാം തീയതി ലോക ദാരിദ്ര്യനിര്‍മ്മാര്‍ജന ദിനവും സംയുക്തമായി ആചരിച്ചുകൊണ്ട് പട്ടിണി, ദാരിദ്ര്യം, പോഷകാഹാരകുറവ്, കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന ഭീഷണികള്‍ എന്നിവയ്ക്ക് സമഗ്രമായ പ്രശ്‌നപരിഹാരങ്ങള്‍ ആവിഷ്‌ക്കരിക്കുകയും ചെയ്താല്‍ മാത്രമെ വിശപ്പുരഹിത ലോകത്തിലേക്കുള്ള പ്രയാണത്തില്‍ ഇന്ത്യയ്ക്ക് മുന്നോട്ടുപോകാന്‍ സാധിക്കുകയുള്ളൂ. അത്തരത്തിലുള്ള മാനവിക വികസനത്തിലൂന്നിയ നയപരിപാടികള്‍ വിഭാവനം ചെയ്ത് മുന്നേറി 2030ല്‍ സുസ്ഥിര വികസന ലക്ഷ്യ നേട്ടത്തിലേക്ക് കുതിക്കുവാന്‍ ഇന്ത്യയ്ക്ക് കഴിയട്ടെ.

Related News