വിക്രം ലാന്‍ഡറുമായി ബന്ധം നഷ്ടമായി : ചന്ദ്രയാന്‍ ലാന്‍ഡിങ് പരാജയം

Web Desk
Posted on September 07, 2019, 2:42 am

ബംഗളുരു: ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം ചന്ദ്രയാന്‍ രണ്ടിന്‍റെ സോഫ്റ്റ് ലാന്‍ഡിങ് പരാജയപ്പെട്ടു. ലാന്‍ഡിങിനിടെ വിക്രം ലാന്‍ഡറുമായുള്ള ബന്ധം ഐഎസ്ആര്‍ഒയ്ക്ക് നഷ്ടമാവുകയായിരുന്നു. 2.1 കിലോമീറ്റര്‍ ദൂരം ബാക്കിയുള്ളപ്പോഴാണ് ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായത്.

ലാന്‍ഡിങിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടിട്ടില്ല. ലഭിച്ച വിവരങ്ങള്‍ പഠിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. മൂന്ന് ഭാഗങ്ങളടങ്ങിയ ചാന്ദ്രദൗത്യത്തിന്‍റെ ആറ് പേലോഡുകളടങ്ങിയ ഓര്‍ബിറ്റര്‍ ചന്ദ്രനെ ഭ്രമണം ചെയ്യുന്നുണ്ട്.

2.15 വരെ ആശയവിനിമയ സിഗ്നലുകള്‍ ലഭ്യമായിരുന്നുവെങ്കിലും പിന്നീട് അത് നഷ്ടമായതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ ശിവന്‍ നിരാശയോടെ അറിയിക്കുന്നു. 2.1 കിലോ മീറ്റര്‍ വരെ സിഗ്നലുകള്‍ കൃത്യമായി ലഭിച്ചിരുന്നു. പിന്നീട് വിക്രം ലാന്ററുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.
വിശദാംശങ്ങള്‍ പരിശോധിച്ചശേഷം കാരണങ്ങള്‍ കണ്ടെത്തുമെന്നും ദൗത്യവുമായി മുന്നോട്ടുപോകുമെന്നും ഡോ. കെ ശിവന്‍ അറിയിച്ചു. ചന്ദ്രയാന്‍ ‑2 ദൗത്യത്തിന്റെ ഭാഗമായുള്ള ഓര്‍ബിറ്റര്‍ ചന്ദ്രനെ വലം വയ്ക്കുന്നുണ്ട്. ഇതിന് ഒരു വര്‍ഷപ്രവര്‍ത്തന ശേഷിയുമുണ്ട്.

നേരത്തെ ജൂലൈ 15 ന് പുലര്‍ച്ചെ 2.50 ന് വിക്ഷേപണം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിക്ഷേപണം 22 ലേക്ക് മാറ്റുകയായിരുന്നു. ചന്ദ്രയാന്‍ 2 ദൗത്യ പേടകങ്ങള്‍ക്ക് 603 കോടി രൂപയും വിക്ഷേപണ വാഹനമായ ജിഎസ്എല്‍വി മാര്‍ക്ക് മൂന്ന് റോക്കറ്റിന് 375 കോടി രൂപയുമാണ് ചെലവായത്.

ലാന്‍ഡിങിന് സാക്ഷ്യം വഹിക്കാനായി പ്രധാനമന്ത്രി അടക്കമുള്ളവര്‍  ബംഗളുരു ഐഎസ്ആര്‍ഒയിലെത്തിയിരുന്നു. രാജ്യം നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നുവെന്നും ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി ശാസ്ത്രജ്ഞന്മാരോട് പറഞ്ഞു. എട്ടുമണിയോടെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. ഐഎസ്ആര്‍ഒയില്‍ നിന്ന് കൂടുതല്‍ വിശദീകരണങ്ങളുണ്ടാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.