സാമ്പത്തിക മാന്ദ്യം: കടുത്ത പരിഷ്‌കാരങ്ങള്‍ വേണമെന്ന് മോഡിയുടെ ഉപദേശക

Web Desk
Posted on August 23, 2019, 12:58 pm

ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന കടുത്ത സാമ്പത്തികമാന്ദ്യം ശരിവച്ച് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം. ബ്രൂക്കിങ് ഇന്ത്യ റിസര്‍ച്ച് ഡയറക്ടര്‍ കൂടിയായ ഷമിക രവിയാണ് ഏറ്റവുമൊടുവില്‍ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി അംഗീകരിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ചെറിയ സൂത്രപ്പണികള്‍ കൊണ്ട് ഇപ്പോഴുള്ള പ്രതിസന്ധി പരിഹരിക്കാന്‍ കഴിയില്ലെന്ന് അവര്‍ ട്വിറ്ററില്‍ പറഞ്ഞു. സമ്പദ്ഘടനയിലെ പ്രശ്‌നങ്ങള്‍ ധനമന്ത്രാലയത്തിന് മാത്രം പരിഹരിക്കാന്‍ കഴിയില്ലെന്നും കടുത്ത പരിഷ്‌കാരങ്ങള്‍ ഇതിന് വേണ്ടിവരുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രതിസന്ധി മറികടക്കുന്നതിനുള്ള സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഭാഗമായി ജനങ്ങളുടെ മേല്‍ അധികഭാരം ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടിയായിരുന്നു പരാമര്‍ശങ്ങള്‍. നേരത്തെ നിതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ രാജ്യം 70 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് തുറന്നുസമ്മതിച്ചിരുന്നു.

കാര്യങ്ങള്‍ ഇങ്ങിനെയാണെങ്കില്‍ അസാധാരണമായ നടപടികളിലേക്ക് പോകേണ്ടി വന്നേക്കുമെന്നും നീതി ആയോഗ് വൈസ് ചെയര്‍മാന്‍ വ്യക്തമാക്കിയിരുന്നു.
പരിഹാരം കാണാന്‍ സ്വകാര്യമേഖലയിലെ നിക്ഷേപകരുടെ മനസ്സിലെ ഭയം ഇല്ലാതാക്കുകയും നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ സ്വകാര്യ നിക്ഷേപം വര്‍ധിച്ചാല്‍ ഇന്ത്യയെ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിയില്‍ നിന്ന് പുറത്ത് കടക്കാന്‍ പ്രേരിപ്പിക്കും. അതിലേക്കായി ധനകാര്യമേഖലയിലെ സമ്മര്‍ദ്ദം പരിഹരിക്കുന്നതിനും സാമ്പത്തിക വളര്‍ച്ചയ്ക്ക് പ്രേരണ നല്‍കുന്നതിനുമായി കേന്ദ്ര ബജറ്റില്‍ ചില നടപടികള്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രവൃത്തി 2018–19 ല്‍ അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 6.8 ശതമാനത്തിലെത്തിയ വളര്‍ച്ച മുരടിപ്പ് മറികടിക്കാന്‍ സഹായകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ 2009–14 ലാണ് വിവേചനരഹിതമായ വായ്പ നയം ആരംഭിച്ചതെന്നും ഇത് 2014 ന് ശേഷം നിഷ്‌ക്രിയ ആസ്തി വര്‍ദ്ധിക്കുന്നതിലേക്ക് നയിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.