ജയിച്ചേ മതിയാവൂ..

Web Desk
Posted on February 27, 2019, 8:24 am

വിരാട് കോലി, എം എസ് ധോണി പരിശീലനത്തില്‍

ബെംഗളൂരു: ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ട്വന്റി-20 യ്ക്ക് ഇറങ്ങുന്ന ഇന്ത്യ ഇന്നത്തെ മത്സരത്തില്‍ ജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ആദ്യത്തെ മത്സരത്തില്‍ പരാജയപ്പെട്ട ഇന്ത്യയ്ക്ക് ഇന്നത്തേതിലും തോറ്റാല്‍ പരമ്പര നഷ്ടമാകും. വലിയ സ്‌കോറിന്റെ ഭാരം ഇല്ലാതിരുന്നിട്ടും ഓസ്‌ട്രേലിയയെ അനായാസ ജയത്തിലേക്ക് വിടാതിരുന്നതിന്റെ ആത്മവിശ്വാസമാവും രണ്ടാം ട്വന്റി20യില്‍ ഇന്ത്യയ്ക്ക് തുണയാവുക. രാത്രി 7 മണിക്കാണ് മത്സരം നടക്കുക.

ഓപ്പണിംഗില്‍ രോഹിത് ശര്‍മയും ലോകേഷ് രാഹുലും തന്നെ തുടരാനാണ് സാധ്യത. രോഹിത് ഫോമിലായിട്ടില്ല എന്നതാണ് ഇന്ത്യയെ വലയ്ക്കുന്നത്. രാഹുല്‍ ആദ്യ മത്സരത്തിലെ അര്‍ധസെഞ്ചുറിയോടെ ടീമിലെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. വേഗക്രിക്കറ്റായതു കൊണ്ടു തന്നെ റിഷഭ് പന്തിന് ഒരു അവസരം കൂടി നല്‍കാനാണ് സാധ്യത. ആദ്യ മത്സരത്തില്‍ ചെറിയ സ്‌കോര്‍ എടുത്തിട്ടും ഇന്ത്യയുടെ ബൗളിങ് കരുത്തില്‍ അവസാന പന്ത് വരെ വേണ്ടി വന്നു ഓസ്‌ട്രേലിയക്ക് ജയിക്കാന്‍. മത്സരത്തില്‍ മൂന്ന് വിക്കറ്റിന് പരാജയപെട്ടെങ്കിലും തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ കാഴ്ച്ചവെച്ചത്. 16 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയുടെ 17 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ ക്രൂനാല്‍ പാണ്ഡ്യയും ചേര്‍ന്നാണ് അനായാസ വിജയം പ്രതീക്ഷിച്ച ഓസ്‌ട്രേലിയന്‍ ടീമിനെ ഞെട്ടിച്ചത്. പേസ് ബൗളിംഗിലാണ് മറ്റൊരു മാറ്റം പ്രതീക്ഷിക്കുന്നത്. ഓസ്‌ട്രേലിയന്‍ വാലറ്റക്കാരാണ് ക്രീസിലുണ്ടായത് എങ്കിലും അവസാന ഓവറില്‍ 14 റണ്‍സ് പ്രതിരോധിക്കാന്‍ ഉമേഷ് യാദവിനായില്ല. ആദ്യ മത്സരത്തിലെ തോല്‍വിക്ക് ഏറെ പഴി കേട്ട ഉമേഷ് യാദവിന് പകരം സിദ്ധാര്‍ഥ് കൗള്‍ അന്തിമ ഇലവനിലെത്താന്‍ സാധ്യതയുണ്ട്.

എംഎസ് ധോണി തുടരുമ്പോള്‍ ദിനേശ് കാര്‍ത്തിക്കിന് പകരം ബൗളിംഗ് കൂടി കണക്കിലെടുത്ത് കേദാര്‍ ജാദവിന് അവസരം നല്‍കാനുള്ള സാധ്യതയുണ്ട്. ആദ്യ ട്വന്റി20യില്‍ നിരുത്തരവാദപരമായി വിക്കറ്റ് കളഞ്ഞ പന്തിന് ബംഗളൂരുവില്‍ മികച്ച കളി പുറത്തെടുക്കണം. ദിനേശ് കാര്‍ത്തിക്കിനാണെങ്കില്‍ ലോക കപ്പിന് മുന്‍പ് കഴിവ് തെളിയിക്കുവാനുള്ള അവസാന അവസരവുമാണ് മുന്നിലുള്ളത്. ആദ്യ മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും ക്രുനാല്‍ പാണ്ഡ്യക്കോ പകരം വിജയ് ശങ്കറും യുസ്‌വേന്ദ്ര ചാഹലിന് പകരം കുല്‍ദീപ് യാദവും അന്തിമ ഇലവനില്‍ എത്താനുള്ള സാധ്യതയുണ്ട്. ഇന്നത്തെ മത്സരത്തില്‍ ജയിച്ചാല്‍ രണ്ട് മത്സരങ്ങളുളള ട്വന്റി-20പരമ്പര ഇന്ത്യക്ക് സമനില പിടിക്കാം.