ഇന്ത്യ നേപ്പാൾ ബന്ധം ദൃഡമാക്കുന്നതിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും വിദേശകാര്യമന്ത്രാലയം

Web Desk

ന്യൂഡൽഹി

Posted on July 03, 2020, 3:20 pm

ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം ഏറെ പൗരാണികമാണെന്നും അത് കൂടുതൽ ദൃഡമാക്കുന്നതിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും വിദേശകാര്യമന്ത്രാലയം. ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളെ കൂടി ഉൾപ്പെടുത്തി പുതിയ മാപ്പ് പുറത്തിറക്കിയ നേപ്പാളിന്റെ നീക്കത്തിന് ശേഷമുള്ള ഇന്തോ-നേപ്പാൾ ബന്ധത്തിലെ പ്രതിസന്ധിയെക്കുറിച്ച് പ്രതികരിക്കവെയാണ് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ ഇക്കാര്യം പറഞ്ഞത്.

മാപ്പ് വിഷയത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ തന്നെ പദവിയിൽ പുറത്താക്കാൻ ശ്രമം നടത്തുന്നു എന്ന നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലിയുടെ ആരോപണത്തിന് പിന്നാലെയായിരുന്നു ശ്രീവാസ്തവയുടെ പ്രതികരണം. “ഇന്ത്യയ്ക്കും നേപ്പാളിനും ഇടയിൽ കാലങ്ങളായി പഴക്കമുള്ള ബന്ധമുണ്ട്. സാംസ്കാരികവും സാമൂഹികവുമായ ആ ബന്ധം ആഴങ്ങളിൽ വേരൂന്നിയതാണ്. അത് ശക്തിപ്പെടുത്തുന്നതിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്” ശ്രീവാസ്തവ പറഞ്ഞു.

ചില രാഷ്ട്രീയ നേതാക്കളുടെ പിന്തുണയോടെ തന്നെ പുറത്താക്കാൻ ഇന്ത്യ ശ്രമിക്കുന്നതായി നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഒലിയുടെ പരാമർശത്തിനെതിരെ സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ രൂക്ഷ വിമർശനം ഉയർന്നിട്ടുണ്ട്. സൗഹൃദ രാജ്യത്തിനെതിരായി നിരുത്തവാദപരമായിട്ടാണ് ഒലി പരാമർശങ്ങൾ നടത്തിയതെന്നും ഒന്നുകിൽ ആരോപണം തെളിയിക്കുകയോ രാജിവെക്കുകയോ വേണമെന്നും പാർട്ടി ആവശ്യപ്പെട്ടിരുന്നു.

നേപ്പാളിലെ ഭൂപട നീക്കത്തെ അംഗീകരിക്കാനാവില്ല എന്ന് വിഷയത്തിൽ പ്രതികരിക്കവെ ശ്രീവാസ്തവ വ്യക്തമാക്കി. എന്നാൽ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരബന്ധം കൂടുതൽ സുഗമമാക്കാൻ ഇരുപക്ഷവും ഏറെ ഉത്സാഹത്തോടെ പ്രവർത്തിച്ചു വരികയാണെന്നും കോവിഡ് പ്രതിസന്ധിയെ തുടർന്ന് രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചവേളയിൽ പോലും ആ ബന്ധത്തിൽ തകർച്ച ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്തോ-നേപ്പാൾ അതിർത്തിയിൽ വെള്ളപ്പൊക്ക പ്രതിരോധവുമായി ബന്ധപ്പെട്ട് നടക്കുന്ന നിർമാണ പ്രവർത്തികൾ തടസപ്പെട്ടത് സംബന്ധിച്ച് പുറത്തു വന്ന റിപ്പോർട്ടുകൾ ശരിയല്ലെന്നും മുൻകൂട്ടി തയാറാക്കിയ പദ്ധതി പ്രകാരം തന്നെ ബന്ധപ്പെട്ട സർക്കാരുകളുമായി സഹകരിച്ച് കായലുകളുടെയുൾപ്പെടെയുള്ള അറ്റകുറ്റപ്പണികളും മറ്റും കൃത്യമായി തുടരുന്നുണ്ടെന്ന് ശ്രീവാസ്തവ പറഞ്ഞു.

you may also like this video