തൊഴിലന്വേഷകരുടെ എണ്ണം കുറയുന്നു

Web Desk
Posted on February 03, 2019, 11:04 pm

യു വിക്രമന്‍

തിരുവനന്തപുരം: കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലെ സജീവ രജിസ്റ്ററുകളിലെ കണക്കുകളനുസരിച്ച് 2012 ഡിസംബര്‍ 31ന് 44.99 ലക്ഷം തൊഴിലനേ്വഷകരാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇത് 2018 ഒക്‌ടോബര്‍ 31 ആയപ്പോഴേക്കും 6.24 ലക്ഷം കുറഞ്ഞ് 38.75 ലക്ഷമായിട്ടുണ്ട്.

2010ല്‍ 43.1 ലക്ഷം തൊഴിലനേ്വഷകരാണ് കേരളത്തിലുണ്ടായിരുന്നത്. 2010ല്‍ 41.60 ലക്ഷം പൊതു തൊഴിലനേ്വഷകരും 1.50 ലക്ഷം സാങ്കേതിക‑പ്രൊഫഷണല്‍ തൊഴിലനേ്വഷകരും ഉണ്ടായിരുന്നു. 2018 ല്‍ പൊതുതൊഴിലനേ്വഷകര്‍ 35.88 ലക്ഷമായും സാങ്കേതിക‑പ്രൊഫഷണല്‍ തൊഴിലനേ്വഷകര്‍ 2.87 ലക്ഷമായും കുറഞ്ഞു.

അഖിലേന്ത്യാ തലത്തിലെ സാഹചര്യത്തില്‍ നിന്നും വ്യത്യസ്തമായി കേരളത്തിലെ ഒരു പ്രധാന സവിശേഷത എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലെ സജീവരജിസ്റ്ററുകളിലെ തൊഴിലനേ്വഷകരില്‍ ഭൂരിഭാഗവും സ്ത്രീകളാണെന്നുള്ളതാണ്. ആകെയുള്ള തൊഴില്‍ അനേ്വഷകരില്‍ 62 ശതമാനവും സ്ത്രീകളാണ്. സജീവ രജിസ്റ്ററുകളില്‍ നിരക്ഷരരായ ആളുകളുടെ എണ്ണം 899 ആണ്. തൊഴിലനേ്വഷകരുടെ വിദ്യാഭ്യാസ യോഗ്യതയെ അടിസ്ഥാനത്തിലാക്കിയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത് എസ്എസ്എല്‍സിക്ക് താഴെ യോഗ്യതയുള്ളവര്‍ ഒമ്പത് ശതമാനം മാത്രമേയുള്ളു എന്നാണ്. ഏകദേശം 90.6 ശതമാനം തൊഴിലനേ്വഷകരും എസ്എസ്എല്‍സിയും അതിനുമുകളിലും യോഗ്യതയുള്ളവരുടെ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്.

എസ്എസ്എല്‍സിക്ക് താഴെ യോഗ്യതയുള്ള തൊഴിലനേ്വഷകരുടെ എണ്ണം 2010ല്‍ 5.44 ലക്ഷമായിരുന്നു. 2018 ഒക്‌ടോബര്‍ 31ന് അത് 3.38 ലക്ഷമായി കുറഞ്ഞു. എസ്എസ്എല്‍സി പാസായ തൊഴിലനേ്വഷകരുടെ എണ്ണം 2010ല്‍ 26.90 ലക്ഷം ആയിരുന്നത് 2018 ഒക്‌ടോബര്‍ 31ന് 20.0 ലക്ഷമായി കുറഞ്ഞു. ഹയര്‍സെക്കന്‍ഡറി പാസായ തൊഴിലനേ്വഷകര്‍ 2010ല്‍ 7.18 ലക്ഷമായിരുന്നു. 2018 ഒക്‌ടോബര്‍ 31ന് അത് 8.43 ലക്ഷമായി ഉയര്‍ന്നു. ബിരുദം നേടിയ തൊഴിലനേ്വഷകര്‍ 2010ല്‍ 2.61 ലക്ഷമായിരുന്നത് 2018 ഒക്‌ടോബര്‍ 31ന് 3.21 ലക്ഷമായി. ബിരുദാനന്തരബിരുദം നേടിയ തൊഴിലനേ്വഷകര്‍ 2010ല്‍ 0.47 ലക്ഷമായിരുന്നത് 2018 ഒക്‌ടോബര്‍ 31ന് 0.78 ലക്ഷമായി. എസ്എസ്എല്‍സിയും അതിന് മുകളിലും യോഗ്യത നേടിയ തൊഴിലനേ്വഷകരുടെ എണ്ണം 2010ല്‍ 37.16 ലക്ഷമായിരുന്നു. 2018 ഒക്‌ടോബര്‍ 31ന് അത് 32.50 ലക്ഷമായി കുറഞ്ഞു.

2018 ജൂലൈ 31 വരെ പൊതു തൊഴിലനേ്വഷകര്‍ സംസ്ഥാനത്ത് 13,19,839 പുരുഷന്‍മാരും 22,68,714 സ്ത്രീകളുമാണ്. സാങ്കേതിക പ്രൊഫഷണല്‍ തൊഴിലനേ്വഷകര്‍ 1,30,805 പുരുഷന്‍മാരും 1,47,923 സ്ത്രീകളുമാണ്. ആകെ തൊഴിലനേ്വഷകര്‍ പുരുഷന്‍മാര്‍ 1 കോടി 45 ലക്ഷമാണ്. സ്ത്രീകള്‍ 24.16 ലക്ഷമാണ്.

2018 ജൂലൈ 31 വരെയുള്ള കണക്കുകള്‍ പ്രകാരം പൊതുവിഭാഗത്തിലെയും പ്രൊഫഷണല്‍-സാങ്കേതിക വിഭാഗത്തിലെയും തൊഴിലനേ്വഷകരുടെ എണ്ണത്തില്‍ തിരുവനന്തപുരം ജില്ല ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ജില്ലയില്‍ ആകെ 6.03 ലക്ഷം തൊഴിലനേ്വഷകരുള്ളതില്‍ 3.80 ലക്ഷം പേര്‍ സ്ത്രീകളും 2.22 ലക്ഷം പേര്‍ പുരുഷന്‍മാരുമാണ്. തൊഴിലനേ്വഷകരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് കോഴിക്കോട് ജില്ലയാണ്. ഇവിടെ 4.26 ലക്ഷം തൊഴിലനേ്വഷകരാണുള്ളത്. ഏറ്റവും കുറവ് തൊഴിലനേ്വഷകരുള്ളത് കാസര്‍ഗോഡ് ജില്ലയിലാണ്. ഇവിടെയുള്ള തൊഴിലനേ്വഷകരുടെ എണ്ണം 95,358 മാത്രമാണ്. 1,00,823 തൊഴിലനേ്വഷകരുള്ള വയനാട് ജില്ലയാണ് കാസര്‍ഗോഡിന് തൊട്ടുമുന്നിലുള്ളത്.