ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസിലൻഡിന് 51 റൺസിന്റെ ലീഡ‍്. രണ്ടാം ദിനം കളിയവസാനിക്കുമ്പോൾ കിവീസ് അഞ്ചു വിക്കറ്റിന് 216 റണ്‍സെടുത്തിട്ടുണ്ട്. ബി ജെ വാട്‌ലിങും (14*) കോളിന്‍ ഡി ഗ്രാന്‍ഡോമുമാണ് (4*) ക്രീസില്‍. 15 ഓവറില്‍ ആറ് മെയ്‌ഡന്‍ അടക്കം 31 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ഇഷാന്ത് ശര്‍മ്മ ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങി. ഷമിയും അശ്വിനും ഓരോ വിക്കറ്റ് സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിൽ ന്യൂസിലൻഡിന് തുടക്കത്തിലേ വിക്കറ്റുകൾ നഷ്ടമായി. 11 റണ്‍സെടുത്ത ടോം ലാഥമിനെ ഇഷാന്ത് ശര്‍മ്മ പുറത്താക്കി. സഹ ഓപ്പണര്‍ ടോം ബ്ലെന്‍ഡലിനെ 30 റണ്‍സിലും ഇഷാന്ത് പറഞ്ഞയച്ചു. മൂന്നാം വിക്കറ്റില്‍ വില്യംസണ്‍-ടെയ്‌ലര്‍ സഖ്യം 93 റണ്‍സ് ചേര്‍ത്തു. തന്റെ നൂറാം ടെസ്റ്റില്‍ 44 റണ്‍സെടുത്ത ടെയ്‌ലറെ 52-ാം ഓവറിലെ ആദ്യ പന്തില്‍ ഇഷാന്ത് പുറത്താക്കിയതോടെ ഇന്ത്യക്ക് അടുത്ത ബ്രേക്ക് ത്രൂ ലഭിച്ചു. ഇതിനുശേഷം ന്യൂസിലന്‍ഡ് സ്‌കോറിന് തടയിടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായി. 153 പന്തില്‍ 89 റണ്‍സെടുത്ത വില്യംസണെ മുഹമ്മദ് ഷമി ജഡേജയുടെ കൈകളിലെത്തിച്ചതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തി. വൈകാതെ ഹെന്‍റി നിക്കോള്‍സിനെ 17ല്‍നില്‍ക്കേ അശ്വിനും പുറത്താക്കി. ഇഷാന്തിനെ കൂടാതെ മുഹമ്മദ് ഷമിക്കും ആര്‍ അശ്വിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു. കരിയറിലെ മോശം സമയത്തിലൂടെ കടന്നുപോവുന്ന സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു ഒരു വിക്കറ്റ് പോലും നേടാനായില്ല.
നേരത്തേ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് 165 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. 46 റണ്‍സെടുത്ത വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. 138 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ അഞ്ചു ബൗണ്ടറികളുണ്ടായിരുന്നു. മായങ്ക് അഗര്‍വാള്‍ (34), മുഹമ്മദ് ഷമി (21), റിഷഭ് പന്ത് (19), പൃഥ്വി ഷാ (16), ചേതേശ്വര്‍ പുജാര (11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. നാലു വിക്കറ്റ് വീതമെടുത്ത ടിം സോത്തിയും അരങ്ങേറ്റക്കാരനായ കൈല്‍ ജാമിസണും ചേര്‍ന്നാണ് ഇന്ത്യയെ തകര്‍ത്തത്. ട്രെന്റ് ബോള്‍ട്ടിനു ഒരു വിക്കറ്റ് ലഭിച്ചു. ഒന്നാം ദിനം മഴയെ തുടര്‍ന്ന് നേരത്തേ കളി അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ അഞ്ചു വിക്കറ്റിന് 122 റണ്‍സെന്ന നിലയിലായിരുന്നു. ടീം സ്‌കോറിലേക്കു 43 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ ശേഷിച്ച അഞ്ചു വിക്കറ്റുകള്‍ കൂടി ഇന്ത്യക്ക് നഷ്ടമായി.
ENGLISH SUMMARY: India New Zealand test
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.