കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ആഗോളതലത്തില്‍ ഇന്ത്യ അഞ്ചാമത്

India Now Ranks Fifth Globally on Active COVID-19 Cases
Web Desk
Posted on June 01, 2020, 6:02 pm

ന്യൂഡല്‍ഹി: കൊവിഡ് 19 ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 5,394 ആയി. രോഗബാധിതരുടെ എണ്ണം 1,90535 ആയി.

തിങ്കളാഴ്ച രാവിലെ എട്ടുമണി വരെ മാത്രം രാജ്യത്ത് കൊറോണ വൈറസ് ബാധമൂലം 230 പേരാണ് മരിച്ചത്. ഒറ്റദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും വലിയ സംഖ്യയാണിത്. ഇതോടെ മരണസംഖ്യ 8,392 ആയി.

മൊത്തം രോഗികളുടെ കണക്കില്‍ ഇന്ത്യ ഇപ്പോള്‍ ഏഴാം സ്ഥാനത്താണുള്ളത്. എന്നാല്‍ സജീവ കൊറോണ ബാധിതരുടെ എണ്ണത്തില്‍ ഫ്രാന്‍സിനെയും ജര്‍മ്മനിയെയും പിന്തള്ളി ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തി. അമേരിക്ക, ബ്രസീല്‍, ബ്രിട്ടന്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍.

രാജ്യത്തെ സജീവ കൊറോണ രോഗികളുടെ എണ്ണം 93,322ആണ്. 91,818 പേര്‍ രോഗമുക്തരായി. ഒരാള്‍ മറ്റൊരു രാജ്യത്തേക്ക് കുടിയേറിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇതുവരെ 48.19 ശതമാനം പേര്‍ രോഗമുക്തരായെന്ന് ആരോഗ്യമന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. രാജ്യത്ത് രോഗം ഭേദമായവരുടെ കണക്കുകള്‍ അധികൃതര്‍ ഉയര്‍ത്തിക്കാട്ടുമ്പോഴും ആഗോള നിരക്കിനെ കുറിച്ച് ഇവര്‍ മൗനം പാലിക്കുകയാണ്. ആഗോളതലത്തില്‍ കാര്യങ്ങള്‍ ഇന്ത്യയെക്കാള്‍ ഭേദമാണോ അല്ലയോ എന്ന് പോലും ഇവര്‍ സൂചിപ്പിക്കുന്നില്ല.

അതിതീവ്രമേഖലകളിലൊഴികെ രാജ്യത്ത് ഇന്നലെ മുതല്‍ വന്‍ തോതില്‍ അടച്ചിടല്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത 230 മരണങ്ങളില്‍ 89 എണ്ണം മഹാരാഷ്ട്രയില്‍ നിന്നും 57 എണ്ണം ഡല്‍ഹിയില്‍ നിന്നുമാണ്. ഗുജറാത്തില്‍ 31 പേര്‍ മരിച്ചു. തമിഴ്നാട്ടില്‍ 13ഉം ഉത്തര്‍പ്രദേശില്‍ 12 ഉം പേര്‍ വീതമാണ് മരിച്ചത്. പശ്ചിമബംഗാളില്‍ എട്ട്, മധ്യപ്രദേശില്‍ ഏഴ്, തെലങ്കാനയില്‍ അഞ്ച്, കര്‍ണാടകയില്‍ മൂന്ന്, ആന്ധ്രാപ്രദേശില്‍ രണ്ട്, ബിഹാര്‍, പഞ്ചാബ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഓരോരുത്തരും മരിച്ചു. കര്‍ണാടകയില്‍ മൊത്തം മരണസംഖ്യ 51ആണ്. പഞ്ചാബില്‍ 45 പേരാണ് ആകെ മരിച്ചത്.

ജമ്മുകശ്മീരില്‍ 28 പേര്‍ മരിച്ചു. ബിഹാറില്‍ 21, ഹരിയാന 20, കേരളം ഒന്‍പത്, ഒഡിഷ ഏഴ് എന്നിങ്ങനെയാണ് ഇതുവരെ ഔദ്യോഗികമായി പുറത്ത് വന്നിട്ടുള്ള കണക്കുകള്‍.

ഹിമാചല്‍ പ്രദേശ്, ഝാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ അഞ്ച് പേര്‍ വീതം മരിച്ചു. ചണ്ഡിഗഡിലും അസമിലും നാല് പേരാണ് ഇതുവരെ മരിച്ചത്. മേഘാലയ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ ഓരോരുത്തരും മരിച്ചതായി മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു.

എഴുപത് ശതമാനം രോഗവും കൊറോണ ബാധയോടൊപ്പം മറ്റ് അസുഖങ്ങളും ഉണ്ടായത് മൂലമാണ്.

തിങ്കളാഴ്ച രാവിലെ വരെയുള്ള കണക്കുകള്‍ പ്രകാരം ലോകമെമ്പാടുമായി 6,171,182 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരം ലോകത്ത് മരിച്ചവരുടെ എണ്ണം 372,116 ആയി.

മിക്ക രാജ്യങ്ങളുടെയും മരണക്കണക്കുകള്‍ ആശുപത്രികളിലെ മരണങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയാണ് തയാറാക്കിയിട്ടുള്ളത്. വീടുകളിലും നഴ്സിങ് ഹോമുകളിലും മരിച്ചവരുടെ എണ്ണം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

അമേരിക്കയില്‍ ഇതുവരെ 1,790,191 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ 514,849 രോഗികളുണ്ട്. 405,843 രോഗികളാണ് മൂന്നാം സ്ഥാനത്തുള്ള റഷ്യയിലുള്ളത്. ബ്രിട്ടനില്‍ 276,156 ആണ് രോഗികളുടെ എണ്ണം.