യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശന വേളയിൽ ഹസ്വകാല വ്യാപാര കരാറിൽ ഒപ്പിടാനൊരുങ്ങി ഇന്ത്യ. ഇതിന്റ ഭാഗമായി അമേരിക്കയ്ക്കു വേണ്ടി പൗള്‍ട്രി- ഡയറി വിപണികള്‍ ഇന്ത്യ ഭാഗീകമായി തുറന്നുകൊടുക്കാനൊരുങ്ങുകയാണ്. നേരത്തെ ഹസ്വകാല വ്യാപാര കരാറിൽ ഒപ്പിടാനുള്ള സാധ്യത ഇരു രാജ്യങ്ങളും മുന്നോട്ട് വെച്ചിരുന്നു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ഷീരോത്പാദന രാജ്യമാണ് ഇന്ത്യ. അതിനാൽ സാധാരണഗതിയില്‍ ക്ഷീര ഉല്പന്നങ്ങളുടെ ഇറക്കുമതിക്ക് വിപണി തുറന്നു നല്‍കാറില്ല. അതുകൊണ്ട് തന്നെ ട്രംപിന്റെ ഇന്ത്യാ സന്ദർശന വേളയിൽ അമേരിക്കയുമായി ഏര്‍പ്പെടാന്‍ പോകുന്ന കരാറിലൂടെ പുതിയ മാറ്റങ്ങൾ സംഭവിച്ചേക്കാം.
അതേസമയം കരാറിൽ ഒപ്പിടുന്നതോടെ ചൈനയ്ക്കുശേഷം ഇന്ത്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാകും യുഎസ്. ചിക്കന്‍ ലെഗ്, ടര്‍ക്കി, ബ്ലൂബറീസ് ചെറീസ് തുടങ്ങിയ ഉല്പന്നങ്ങള്ക്കും ഇന്ത്യ അമേരിക്കയ്ക്ക് വിപണി വാഗ്ദാനം ചെയ്തിട്ടുണ്ട്. ചിക്കന്ലെഗ്ഗിനു മേലുള്ള താരിഫ് 100 ശതമാനത്തിൽ നിന്ന് 25 ശതമാനമായി കുറയ്ക്കാനും വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഫെബ്രുവരി 24, 25 തീയതികളിലായിട്ടാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. ആദ്യമായിട്ടാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. സന്ദര്‍ശനത്തില്‍ ഇന്ത്യയുമായി വ്യാപാരക്കരാര്‍ ഒപ്പിടാനാകുമെന്നാണ് പ്രതീക്ഷയെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. അതേസമയം ട്രംപിന്റെ ഇന്ത്യ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തിരുന്നു.
വളരെ സവിശേഷമായ സന്ദർശനമായിരിക്കും അമേരിക്കൻ പ്രസിഡന്റിന്റേത്. ഇന്ത്യ- അമേരിക്ക സൗഹൃദം ഈ സന്ദർശനത്തിലൂടെ കൂടുതൽ ഊട്ടി ഉറപ്പിക്കും. ജനാധിപത്യത്തോടും ബഹുസ്വരതയോടും പൊതുവായ പ്രതിബദ്ധത പുലർത്തുന്നവരാണ് ഇന്ത്യയും അമേരിക്കയും. വിവിധ വിഷയങ്ങളിൽ ഇരു രാഷ്ട്രങ്ങളും തമ്മിൽ പരസ്പരം സഹകരിക്കുന്നുണ്ട്. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ശക്തമായ സൗഹൃദം നമ്മുടെ പൗരൻമാരിൽ മാത്രമല്ല ലോകമെമ്പാടും വ്യാപിക്കുന്നുണ്ടെന്നും മോദി ട്വീറ്റ് ചെയ്തിരുന്നു.
English Summary: India offer to open its dairy poultry market for US during Trump’s visit