രാജ്യസുരക്ഷ തുകയുടെ പട്ടികയില്‍ റഷ്യയെ മറികടന്ന് ഇന്ത്യ

Web Desk
Posted on May 03, 2019, 1:01 pm

സ്റ്റോക്‌ഹോം : സൈനികച്ചിലവില്‍ ഇന്ത്യ റഷ്യയേയും കടത്തിവെട്ടി.   രാജ്യസുരക്ഷയ്ക്ക് വേണ്ടി ചെലവാക്കുന്ന തുകയുടെ പട്ടികയില്‍ റഷ്യയെ മറികടന്ന് ഇന്ത്യ നാലാമത്. അമേരിക്ക,ചൈന,സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളാണ് സൈനിക ചെലവുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയ്ക്ക് മുന്നിലുള്ളത്.  കഴിഞ്ഞ വര്‍ഷം പ്രതിരോധ മേഖലയ്ക്കായി 66.5 ബില്യണ്‍ ഡോളറാണ് ഇന്ത്യ ചെലവഴിച്ചത്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 3.1 ശതമാനം അധികമാണ്.

സൈനിക ചെലവുകളുടെ അടിസ്ഥാനത്തില്‍ ലോകത്ത് പ്രതിരോധ മേഖലയ്ക്കായി ചെലവഴിക്കുന്ന തുക കണക്കാക്കി നാല്‍പ്പത് രാജ്യങ്ങളുടെ പട്ടികയാണ് സ്റ്റോക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ട് തയ്യാറാക്കിയത്. പട്ടികയില്‍ ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ ചൈനയും പാകിസ്ഥാനും യഥാക്രമം രണ്ടാമതും ഇരുപതാമത്തെയും സ്ഥാനത്താണ്.

ലോകത്തെ സാമ്ബത്തികമായി മുന്നിട്ട് നില്‍ക്കുന്ന രാജ്യങ്ങളടക്കം പ്രതിരോധ മേഖലയ്ക്കായി കൂടുതല്‍ തുക വകയിരുത്തുന്നതായി പഠനം വ്യക്തമാക്കുന്നു. പട്ടികയിലെ ആദ്യ പതിനഞ്ച് രാജ്യങ്ങളും ചേര്‍ന്ന് സൈനികാവശ്യത്തിനായി ചെലവാക്കുന്നത് 1470 ബില്യണ്‍ ഡോളറാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇന്ത്യയുടെ പ്രതിരോധ ചെലവില്‍ 29ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. കാലഹരണപ്പെട്ട യുദ്ധോപകരണങ്ങളടക്കം മാറ്റുന്നതിനാണ് ഇന്ത്യ മുന്‍തൂക്കം നല്‍കുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ സാമിപ്യം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ നേവിയേയും അടിമുടി പരിഷ്‌കരിക്കാനും ലോകത്തെ നാലാമത്തെ നാവിക ശക്തിയാക്കുവാനും വേണ്ട റിപ്പോര്‍ട്ടുകളും അടുത്തിടെ തയ്യാറാക്കിയിരുന്നു.