
ഏഷ്യ കപ്പ് ടി20 ടൂര്‍ണമെന്റില്‍ ഇന്ത്യ ഇനി സൂപ്പര്‍ പോരിലേക്ക്. സൂപ്പര്‍ ഫോറില്‍ കടുപ്പമേറിയ മൂന്നു മത്സരങ്ങളാണ് ടീം ഇന്ത്യക്ക് മുന്നിലുള്ളത്. ഇവയിലെല്ലാം ജയിച്ച് അടുത്ത ഞായറാഴ്ച നടക്കാനിരിക്കുന്ന കലാശപ്പോരിന് യോഗ്യത നേടുകയാണ് ഇനിയുള്ള ലക്ഷ്യം. ഇന്ന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ചിരവൈരികളായ പാകിസ്ഥാനുമായിട്ടാണ് സൂപ്പര്‍ ഫോറിലെ ഇന്ത്യയുടെ ആദ്യ മത്സരം. ബുധനാഴ്ച ബംഗ്ലാദേശുമായി ഇന്ത്യ കൊമ്പുകോര്‍ക്കും. വെള്ളിയാഴ്ച ശ്രീലങ്കയുമായി അവസാന മത്സരം.
സൂപ്പര്‍ ഫോറിലെ മൂന്നു മത്സരങ്ങളില്‍ രണ്ടെണ്ണമെങ്കിലും ജയിച്ചാല്‍ ഇന്ത്യക്ക് ഫൈനല്‍ ഉറപ്പിക്കാം. ഏഷ്യാ കപ്പില്‍ ഏറ്റവുമധികം ചാമ്പ്യന്മാരായ ഇന്ത്യ തന്നെയാണ് ഇത്തവണയും കിരീട ഫേവറിറ്റുകളില്‍ ഏറ്റവും മുന്നിലുള്ളത്. അതു ശരി വയ്ക്കുന്ന പ്രകടനമാണ് ടീം ഇതിനകം കാഴ്ചവച്ചിരിക്കുന്നത്. ബാറ്റിങ്ങും ബൗളിങ്ങുമെല്ലാം ഒരുപോലെ ശക്തമാണ്. സ്ഥിരതയാർന്ന പ്രകടനവും എട്ടാം നമ്പര്‍ വരെ നീളുന്ന ബാറ്റിങിലെ ആഴവും ലോകോത്തര ബൗളര്‍മാരുള്‍പ്പെടുന്ന ബൗളിങ് നിരയും സൂപ്പര്‍ ഫോറില്‍ അതി ശക്തമായ ടീമാക്കി ഇന്ത്യയെ മാറ്റുന്നു. സൂപ്പര്‍ ഫോറിലെ ടീമുകളായ പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവര്‍യ്ക്കെതിരായ നേര്‍ക്കനേര്‍ റെക്കോഡുകളിലും ഇന്ത്യ ഒരുപടി മുന്നിലാണ്. നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനെ ഇന്ത്യ ഏഴ് വിക്കറ്റിന് തോല്പിച്ചിരുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യന്‍ താരങ്ങള്‍ക്ക് എതിരാളിയാവാന്‍ പാകിസ്ഥാന് കഴിഞ്ഞിരുന്നില്ല. പഹല്‍ഗാം ഭീകരാക്രമണത്തിനും സൈനിക സംഘര്‍ഷത്തിനും ശേഷം ഇരു രാജ്യങ്ങളും ക്രിക്കറ്റ് ലോകത്ത് ഏറ്റുമുട്ടിയ ആദ്യ മത്സരമായിരുന്നു ഇത്. അതിനാല്‍ രാഷ്ട്രീയമായ കാരണത്താലും മത്സരം ഏറെ ശ്രദ്ധേയവും ഏറെ വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.
സമീപകാലത്തു ടി20യില്‍ ഏറ്റുമുട്ടിയപ്പോഴെല്ലാം ബംഗ്ലാദേശിനെ വളരെ ആധികാരികമായി പരാജയപ്പെടുത്താന്‍ ഇന്ത്യക്കായിട്ടുണ്ട്. എന്നാല്‍ ശ്രീലങ്കയെ ഇന്ത്യ അല്പം സൂക്ഷിക്കേണ്ടതായി വരും. ശക്തമായ സ്പിന്‍ ലൈനപ്പുള്ള ലങ്കയ്ക്കു ദുബായിലെ പിച്ചുകളില്‍ ഇന്ത്യക്ക് കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞേക്കും. ഗ്രൂപ്പ് ഘട്ടത്തില്‍ പരാജയം അറിയാതെ ഇന്ത്യ ഗ്രൂപ്പ് ജേതാക്കളായിരുന്നു. അതേസമയം ഇന്നത്തെ മത്സരത്തില്‍ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലിന്റെ പങ്കാളിത്തം അനിശ്ചിതത്വത്തിലാണ്. ഒമാനെതിരെ നടന്ന അവസാന ഗ്രൂപ്പ് മത്സരത്തിനിടെയാണ് അക്‌സറിന്റെ തലയ്‌ക്ക് പരിക്കേറ്റത്. ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ അക്‌സര്‍ തലയിടിച്ച് മൈതാനത്ത് വീഴുകയായിരുന്നു. അക്‌സര്‍ കളിക്കാനിറങ്ങിയില്ലെങ്കില്‍ കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നീ സ്‌പിന്നര്‍മാരുമായി ഇന്ത്യക്ക് കളിക്കേണ്ടി വന്നേക്കും. താരത്തിന് പകരം ഒരു പേസര്‍ ടീമിലേക്ക് എത്താനാണ് സാധ്യത. ആവശ്യമെങ്കിൽ അക്‌സറിന് പകരക്കാരായി റിയാൻ പരാഗും വാഷിങ്‌ടണ്‍ സുന്ദറും ടീമിലുണ്ട്. ഏഷ്യ കപ്പ് ഇന്ത്യന്‍ സ്‌ക്വാഡ്: സൂര്യകുമാർ യാദവ് (ക്യാപ്റ്റന്‍), ശുഭ്‌മാൻ ഗിൽ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശർമ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശർമ, അക്‌സർ പട്ടേൽ, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, അർഷ്‌ദീപ് സിങ്, കുൽദീപ് യാദവ്, സഞ്ജു സാംസൺ, ഹർഷിത് റാണ, റിങ്കു സിങ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.