Monday
18 Feb 2019

സമാധാന ചര്‍ച്ചകള്‍ക്കുള്ള വാതില്‍ കൊട്ടിയടയ്ക്കരുത്

By: Web Desk | Friday 30 November 2018 11:10 PM IST

ഇന്ത്യാ-പാകിസ്ഥാന്‍ ബന്ധങ്ങളിലെ പിരിമുറുക്കത്തിനും സംഘര്‍ഷങ്ങള്‍ക്കും അയവുവരുത്താന്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ അനിവാര്യമാണ്. ഇരുരാജ്യങ്ങളുടെയും സമാധാനപൂര്‍ണമായ പുരോഗതിക്ക് അത് കൂടിയേ തീരൂ. അത്തരം ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ആഗ്രഹ പ്രകടനം ഉടന്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍തന്നെയും മുന്തിയ പരിഗണന അര്‍ഹിക്കുന്നു. ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയില്‍ ആരംഭിക്കുന്ന കര്‍ത്താര്‍പൂര്‍ റയില്‍ ഇടനാഴിയുടെ നിര്‍മാണോദ്ഘാടന വേളയില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ അതേപ്പറ്റി വ്യക്തമായ സൂചന നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ മാധ്യമ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിലും ഇമ്രാന്‍ഖാന്‍ സമാധാന ചര്‍ച്ചകള്‍ക്കുള്ള സന്നദ്ധത ആവര്‍ത്തിക്കുകയുണ്ടായി. പാക് സൈനികമേധാവി ജനറല്‍ ഖ്വമര്‍ ബജ്‌വയുടെയും ഇന്ത്യയെ പ്രതിനിധീകരിച്ച് ചടങ്ങില്‍ പങ്കെടുത്ത കേന്ദ്ര മന്ത്രിമാരായ ഹര്‍സിമ്രത്ത് കൗര്‍ ബാദല്‍, ഹര്‍ദീപ് പുരി എന്നിവരുടെയും ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള മാധ്യമ പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് പാക് പ്രധാനമന്ത്രി ചര്‍ച്ചകള്‍ക്കുള്ള സന്നദ്ധത പ്രകടിപ്പിച്ചത്. ഖാന്‍ സിഖ് മത സ്ഥാപകനായ ഗുരുനാനാക്കിന്റെ ജന്‍മനാടായ കര്‍ത്താര്‍പൂരില്‍ നിന്നും ഇന്ത്യയെ ബന്ധിപ്പിക്കുന്ന റയില്‍ ഇടനാഴിയുടെ നിര്‍മാണോദ്ഘാടന ചടങ്ങില്‍ മുന്നോട്ടുവച്ച നിര്‍ദേശത്തോട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം തണുത്തതായിരുന്നു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന പിരിമുറുക്കത്തിന്റെ പശ്ചാത്തലത്തില്‍ അത് മനസിലാക്കാവുന്നതാണ്. എന്നാല്‍ ഖാന്റെ വാഗ്ദാനം ‘ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള, ശ്രമമായി വ്യാഖ്യാനിക്കുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ സാധാരണനിലയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന് എത്രത്തോളം സഹായകമാവുമെന്ന സംശയം അവശേഷിപ്പിക്കുന്നു. അത്തരം പ്രതികരണങ്ങള്‍ക്കു പിന്നില്‍ നയതന്ത്ര ചാതുര്യത്തെക്കാളേറെ ഹ്രസ്വ രാഷ്ട്രീയ ദൃഷ്ടിയെയാണ് തുറന്നുകാട്ടുന്നതെന്ന സംശയത്തിനും ഇടനല്‍കുന്നു.
ഇന്ത്യാ പാകിസ്ഥാന്‍ ബന്ധങ്ങളിലെ പിരിമുറുക്കം ഇരു രാജ്യങ്ങളുടെയും രൂപീകരണത്തിനും അപ്പുറം ആഴത്തില്‍ വേരോട്ടമുള്ള രാഷ്ട്രീയവും ചരിത്രപരവുമായ പ്രശ്‌നങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. അവയ്‌ക്കെല്ലാം അന്തിമ പരിഹാരം കണ്ടതിനുശേഷമെ സമാധാനവും പരസ്പര സഹകരണത്തില്‍ അധിഷ്ഠിതമായ അയല്‍ബന്ധങ്ങളുടെ പുനഃസ്ഥാപനവും സാധ്യമാവൂ എന്ന് ശഠിക്കുന്നത് ആധുനിക നയതന്ത്ര തത്വങ്ങള്‍ക്കും സമീപനങ്ങള്‍ക്കും നിരക്കുന്നതല്ല. ഇന്ത്യയുമായുള്ള നിരന്തര ശത്രുതയാണ് പാകിസ്ഥാന്‍ രാഷ്ട്രീയത്തിന്റെ ചുക്കാന്‍ പിടിക്കുന്ന സൈനിക സംവിധാനത്തിന്റെ നിലനില്‍പിന്റെ ആധാരശില. അതിന്റെ നീരാളിപിടിത്തത്തില്‍ നിന്നും ആ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെയും പൊതുസമൂഹത്തെയും സംരക്ഷിച്ചു നിലനിര്‍ത്താനായാലെ അതിര്‍ത്തിയില്‍ സമാധാനവും അതിര്‍ത്തി കടന്നുള്ള സൈനിക-ഭീകര ആക്രമണങ്ങള്‍ക്കും തടയിടാനാവൂ. ഏഴു പതിറ്റാണ്ടായി ഇന്ത്യ-പാകിസ്ഥാന്‍ ബന്ധത്തിലെ ഏറ്റവും വലിയ പ്രതിബന്ധമാണ് കശ്മീര്‍ സംബന്ധിച്ച ഇരു രാജ്യങ്ങളുടെയും നിലപാട്. അതിനും സമാധാനപൂര്‍ണമായ ചര്‍ച്ചകളിലൂടെയെ പരിഹാരം കാണാനാവൂ. അത്തരമൊരു പരിഹാരത്തിന് ഇരു രാജ്യങ്ങളും ജനതകളും ഇനിയും ഏറെനാള്‍ ക്ഷമാപൂര്‍വം കാത്തിരിക്കേണ്ടിവരും. പാകിസ്ഥാന്റെ മണ്ണില്‍ സൈനിക പിന്തുണയോടെ പ്രവര്‍ത്തിച്ചുവരുന്ന ഭീകരസംഘടനകളാണ് ചര്‍ച്ചകള്‍ക്ക് മറ്റൊരു പ്രതിബന്ധം. ഭീകരവാദത്തിനും ഭീകര സംഘടനകള്‍ക്കും എതിരെ ലോകമെങ്ങും വളര്‍ന്നുവരുന്ന വികാരത്തെയും ഐക്യരാഷ്ട്രസഭയും ലോകരാഷ്ട്രങ്ങളും അടുത്തകാലത്തായി അവലംബിച്ചുവരുന്ന ഒട്ടും മൃദുവല്ലാത്ത നിലപാടുകളെയും പ്രയോജനപ്പെടുത്താന്‍ നമുക്ക് കഴിയണം. അതിനാകട്ടെ കര്‍ത്താര്‍പൂര്‍ ഇടനാഴിയടക്കം ജനതകള്‍ തമ്മില്‍ പരസ്പര വിശ്വാസവും പരസ്പര സഹകരണവും വളര്‍ത്താനുതകുന്ന മുന്‍കൈകളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. കര്‍ത്താര്‍പൂര്‍ റയില്‍ ഇടനാഴി ആ ദിശയില്‍ ശ്രദ്ധേയമായ കാല്‍വയ്പാണെന്നതില്‍ സംശയമില്ല.
ചരിത്രത്തിന്റെ വിഴുപ്പുഭാണ്ഡം പേറി ആര്‍ക്കും ഏറെ ദൂരം മുന്നേറാനാവില്ല. ചരിത്ര യാഥാര്‍ഥ്യങ്ങള്‍ അംഗീകരിക്കുന്നതോടൊപ്പം വിഴുപ്പുഭാണ്ഡത്തിന്റെ ദുര്‍വഹഭാരം അവസരോചിതമായി ഉപേക്ഷിക്കേണ്ടത് രാജ്യത്തിന്റെ മുന്നേറ്റത്തിന് അനിവാര്യമാണ്. ബാഹ്യശക്തികളില്‍ നിന്നുള്ള ഭീഷണി കാലാകാലങ്ങളായി രാഷ്ട്രീയാധികാരം നിലനിര്‍ത്താനുള്ള തന്ത്രമായി ഭരണാധികാരികള്‍ ദുരുപയോഗം ചെയ്തുപോന്നിട്ടുണ്ട്. അധികാര കുത്തകയ്ക്ക് ഭീഷണി ഉയരുമ്പോഴെല്ലാം ബാഹ്യഭീഷണിയോടുള്ള നിഴല്‍യുദ്ധം കനക്കുന്നത് ഇന്ത്യയുടെയും ദുരനുഭവമാണ്. രാജ്യം നിര്‍ണായകമായ ഒരു തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയാറെടുക്കുമ്പോള്‍ മോഡി ഭരണകൂടത്തില്‍ നിന്നും ഇപ്പോഴത്തേതില്‍ നിന്നും വ്യത്യസ്തമായ സമീപനം പ്രതീക്ഷിക്കാനാവില്ല. എന്നാല്‍, പാകിസ്ഥാന്‍ ഇപ്പോള്‍ മുന്നോട്ടുവയ്ക്കുന്ന ചര്‍ച്ചാസന്നദ്ധതയുടെ വാതില്‍ കൊട്ടിയടയ്ക്കാതിരിക്കാന്‍ രാഷ്ട്രീയ ഇന്ത്യ ജാഗ്രത പുലര്‍ത്തണം.