Sunday
21 Apr 2019

പാകിസ്ഥാന് വെറുതെ കൊടുക്കണോ ആ രണ്ട് പോയിന്‍റ്

By: Web Desk | Thursday 21 February 2019 11:48 AM IST


ന്യൂഡല്‍ഹി: 2019 ക്രിക്കറ്റ് ലോകകപ്പില്‍ കിരീടം ചൂടാന്‍ സാധ്യത കല്‍പ്പിക്കുന്ന ടീമുകളില്‍ ഒന്നാണ് ഇന്ത്യ. ഇതില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ക്രിക്കറ്റ് പ്രേമികള്‍ കാത്തിരുന്ന  മത്സരമാണ് ഇന്ത്യയും പാകിസ്ഥാനുമായുള്ളത്. എന്നാല്‍ ഈ മത്സരത്തിനു മേല്‍ കരി നിഷല്‍ വീണിരിക്കുകയാണ്.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ലോകകപ്പില്‍ പാകിസ്ഥാനുമായുള്ള മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്മാറുമെന്നുള്ള കാര്യം ബിസിസിഐ വ്യക്തമാക്കി കഴിഞ്ഞു. എന്നാല്‍ അങ്ങനെ പിന്‍മാറുമ്പോള്‍ ഓരോ പോയിന്‍റും നിര്‍ണ്ണായകമായ ലോകകപ്പില്‍ തങ്ങളുടെ എതിരാളികള്‍ക്ക് ഇന്ത്യ വെറഉതെ നല്‍കുന്നത് രണ്ട് പോയിന്‍റാണ്. അത് മാത്രമല്ല ഒരു പക്ഷേ ഫൈനലില്‍ ഇന്ത്യയും പാകിസ്ഥാനും വന്നാല്‍ കളത്തിലിറങ്ങാതെ തന്നെ പാകിസ്ഥാന് കിരീടം നേടുകയും ചെയ്യാം.

എന്നാല്‍ മത്സരം ബഹിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് ബിസിസിഐ ഇതുവരെയും രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിനെ (ഐസിസി) സമീപിച്ചിട്ടില്ല. ‘ലോകകപ്പിലെ ഇന്ത്യ–പാക്കിസ്ഥാന്‍ മല്‍സരത്തിന്റെ കാര്യത്തില്‍ കുറച്ചുകൂടി കഴിഞ്ഞേ വ്യക്തത വരൂ. ലോകകപ്പ് ആരംഭിക്കാന്‍ ഇനിയും രണ്ടു മാസത്തിലേറെയുണ്ടല്ലോ. ഇക്കാര്യത്തില്‍ ഐസിസിക്കു പ്രത്യേകിച്ചൊന്നും ചെയ്യാനില്ല’ – ബിസിസിഐ ഉന്നതന്‍ ചൂണ്ടിക്കാട്ടി.

ഈ മാസം 27 മുതല്‍ ദുബായില്‍ ഐസിസിയുടെ യോഗം നടക്കുന്നുണ്ട്. ഇന്ത്യ–പാക്കിസ്ഥാന്‍ മല്‍സരത്തിന്റെ കാര്യം അവിടെ ചര്‍ച്ചയ്ക്കു വരാന്‍ സാധ്യതയേറെയാണ്. ഇന്ത്യ–പാക്കിസ്ഥാന്‍ സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ ഐസിസി കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ഐസിസി സിഇഒ ഡേവിഡ് റിച്ചാര്‍ഡ്‌സന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.