Web Desk

ന്യൂഡൽഹി:

December 09, 2020, 11:09 pm

കോഴയുടെ കാര്യത്തിൽ ഏഷ്യൻ രാജ്യങ്ങളിൽ ഇന്ത്യ ഒന്നാമത്

Janayugom Online

കോഴയുടെ കാര്യത്തിലും ഏഷ്യൻ രാജ്യങ്ങളിൽ ഇന്ത്യ ഒന്നാമതെന്ന് ആഗോള റിപ്പോർട്ട്. ജർമനി ആസ്ഥാനമായുള്ള ട്രാൻസ്‌പരൻസി ഇന്റർനാഷണൽ എന്ന അഴിമതിക്കെതിരായ ആഗോള കൂട്ടായ്മയുടെ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. അഴിമതി വിരുദ്ധ ദിനമായ ഇന്നലെയാണ് റിപ്പോർട്ട് പുറത്തിറക്കിയത്. ഇന്ത്യയിൽ നടത്തിയ സർവേയിൽ പങ്കെടുത്ത 50 ശതമാനം പേരും കോഴ നൽകേണ്ടി വരുന്നു, 32 ശതമാനം പേരും കോഴ നൽകുന്നില്ലെങ്കിൽ പല സേവനങ്ങളും ലഭിക്കുന്നില്ലെന്നുമാണ് അഭിപ്രായപ്പെട്ടതെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. വ്യക്തിഗത തിരിച്ചറിയൽകാർഡ് ഉൾപ്പെടെയുള്ള സർക്കാർ രേഖകൾ ലഭിക്കുന്നതിന്പോലും കോഴ നൽകേണ്ടിവരുന്നുവെന്നാണ് സർവേയിൽ പങ്കെടുത്തവരിൽ 41 ശതമാനം പേരും രേഖപ്പെടുത്തിയത്. 41 ശതമാനം പേരും പൊലീസുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് കോഴ നൽകേണ്ടി വന്നവരാണ്.

അഴിമതി പുറത്തുകൊണ്ടുവരുന്നതിനും സുതാര്യത ഉറപ്പുവരുത്തുന്നതിനും ഉദ്ദേശിച്ച് 15 വർഷങ്ങൾക്ക് മുമ്പ് കൊണ്ടുവന്ന വിവരാവകാശ നിയമം ദുർബലമാക്കിയത് സേവനങ്ങൾ ലഭിക്കുന്നതിന് കോഴ അനിവാര്യമാക്കി. വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ തേടിയതിന് 2018 ൽ മാത്രം രാജ്യത്ത് 18 പേരാണ് കൊല്ലപ്പെട്ടത്. സേവനങ്ങൾ സുതാര്യമാക്കുന്നതിനും കോഴ ഇല്ലാതാക്കുന്നതിനുമെന്ന പേരിൽ നടപ്പിലാക്കപ്പെട്ട ആധാർ അടിസ്ഥാനത്തിലുള്ള സേവനങ്ങൾ പോലും ഇന്ത്യയിൽ കോഴയ്ക്കുപയോഗിക്കുന്നു. ഝാർഖണ്ഡിൽ സ്കോളർഷിപ്പ് തുക തട്ടിയെടുക്കുന്നതിന് ഈ സംവിധാനം ഉപയോഗിക്കപ്പെട്ടു. അഴിമതി രഹിത ഇന്ത്യയെന്ന ബിജെപി സർക്കാരിന്റെ അവകാശവാദം കപടമാണെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തലുകൾ വ്യക്തമാക്കുന്നത്.

Eng­lish sum­ma­ry: India ranks first among Asian coun­tries in bribery

You may also like this video: