Web Desk

December 20, 2019, 8:50 am

മലിനീകരണം മൂലമുള്ള മരണങ്ങളിൽ ഇന്ത്യ ലോകത്ത് ഏറ്റവും മുന്നിൽ: റിപ്പോർട്ട് പുറത്ത്

Janayugom Online

വാഷിങ്ടൺ: മലിനീകരണം മൂലമുള്ള മരണങ്ങളിൽ ഇന്ത്യയാണ് ലോകത്ത് മുന്നിൽ നിൽക്കുന്നതെന്ന് പഠന റിപ്പോർട്ട്. തൊട്ടുപിറകെ ചൈനയും നൈജീരിയയുമുണ്ട്. ഗ്ലോബൽ അലയൻസ് ഓൺ ഹെൽത്ത് ആൻഡ് പൊലൂഷൻ (ജിഎഎച്ച്പി) പുറത്ത് വിട്ട റിപ്പോർട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വായു, ജലം, ജോലിസ്ഥലം എന്നിവിടങ്ങളിലെ മലിനീകരണത്തിന്റെ തോതാണ് ആഗോള ആഘാതമായി കണക്കാക്കിയിരിക്കുന്നത്. 2017 ൽ ഏറ്റവും കൂടുതൽ മലിനീകരണമുണ്ടായ പത്ത് രാജ്യങ്ങളിൽ, ലോകത്തിലെ ഏറ്റവും വലുതും സമ്പന്നവുമായ ചില രാജ്യങ്ങളും ചില ദരിദ്ര രാജ്യങ്ങളും ഉൾപ്പെടുന്നു. മലിനീകരണ മരണത്തിൽ ഇന്ത്യയും ചൈനയുമാണ് മുന്നിൽ. ഇന്ത്യയിൽ 23ലക്ഷം പേർ മരിക്കുമ്പോൾ 18 ലക്ഷം പേർക്കാണ് മലിനീകരണം മൂലം ചൈനയിൽ ജീവൻ നഷ്ടമാകുന്നത്. നൈജീരിയ, ഇന്തോനേഷ്യ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിൽ.

3250 ലക്ഷം ജനങ്ങളുള്ള അമേരിക്ക ഏഴാം സ്ഥാനത്താണ്. രണ്ട് ലക്ഷം പേരാണ് അമേരിക്കയിൽ മലിനീകരണം മൂലം മരിക്കുന്നത്. മലിനീകരണം ഒരു ആഗോള പ്രതിസന്ധിയാണെന്ന് ജിഎഎച്ച്പി ആക്ടിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർ റാഫേൽ കുപ്ക പറഞ്ഞു. നിങ്ങൾ എവിടെയാണ് താമസിക്കുന്നതെന്നത് ഒരു പ്രശ്നമല്ല, മലിനീകരണം നിങ്ങളെ കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിലെ ഏറ്റവും ദാരിദ്ര്യമുള്ള രാജ്യങ്ങളിൽ മലിനീകരണവുമായി ബന്ധപ്പെട്ട മരണനിരക്ക് ഏറ്റവും ഉയർന്നതാണ്. മോശം ജല ശുചിത്വവും വീടുകൾക്കുള്ളിലെ മലിനമായ വായുവും പ്രധാന കൊലയാളികളാണ്. നഗരവികസനം മൂലം വ്യാവസായിക, വാഹന മലിനീകരണം വർധിച്ചുവരികയാണെന്നും മോശം ശുചിത്വവും വീടിനകത്തെ മലിനമായ വായുവും താഴ്ന്ന വരുമാനക്കാരായ സമൂഹങ്ങളിൽ നിലനിൽക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അറേബ്യൻ ഉപദ്വീപിലെ അഞ്ചു രാജ്യങ്ങൾ ലോകത്തിലെ 10 രാജ്യങ്ങളിൽ മലിനീകരണത്തിൽ നിന്ന് ഏറ്റവും കുറഞ്ഞ മരണനിരക്ക് രേഖപ്പെടുത്തുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഖത്തറാണ് ഏറ്റവും താഴ്ന്നതെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

you may also like this video

സിയാറ്റിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ സ്ഥാപിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മെട്രിക്സ് ഇവാലുവേഷനിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അപകടസാധ്യത വായു, ജലം, തൊഴിൽ, ഈയം എന്നിങ്ങനെ നാല് വിഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. അന്തരീക്ഷ മലിനീകരണം ഗാർഹിക, ഔട്ട്ഡോർ മലിനീകരണങ്ങളുടെയും ഓസോണിന്റെയും സംയോജനമാണ് പ്രതിനിധീകരിക്കുന്നത്. ജല മലിനീകരണത്തിൽ സുരക്ഷിതമല്ലാത്ത വെള്ളവും മോശം ശുചിത്വവും ഉൾപ്പെടുന്നു. തൊഴിൽപരമായ അപകടസാധ്യതകളിൽ അർബുദം, സെക്കൻഡ് ഹാൻഡ് പുക, കണികകൾ, വാതകങ്ങൾ, പുക എന്നിവയിൽ നിന്നുള്ളവ ഉൾപ്പെടുന്നു. ചൈന, ഇന്ത്യ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നടക്കുന്ന മലിനീകരണവുമായി ബന്ധപ്പെട്ട മരണങ്ങളിൽ 40 ശതമാനവും അന്തരീക്ഷ വായു മലിനീകരണം മൂലമാണെന്ന് റിപ്പോർട്ടിൽ പറയുന്നു പുകയില ഉപയോഗത്തിൽ നിന്നുള്ള മരണം എൺപത് ലക്ഷത്തേക്കാൾ കൂടുതലാണ്. ഇതിൽ കൂടുതൽ മരണം മദ്യം, മയക്കുമരുന്ന്, ഉയർന്ന സോഡിയം ഭക്ഷണക്രമം, എച്ച്ഐവി, മലേറിയ, ടിബി, യുദ്ധം എന്നിവ മൂലമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.