കുല്‍ഭൂഷണിന് നയതന്ത്രസഹായം; പാക്കിസ്ഥാന്റെ വ്യവസ്ഥകള്‍ തള്ളി ഇന്ത്യ

Web Desk
Posted on August 02, 2019, 3:05 pm

ന്യൂഡല്‍ഹി: ചാരവൃത്തി ആരോപിച്ച് പാക്കിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷന്‍ ജാദവിനെ കാണാന്‍ പാക്കിസ്ഥാന്‍ മുന്നോട്ടുവച്ച വ്യവസ്ഥകള്‍ ഇന്ത്യ തള്ളി. നയതന്ത്രപ്രതിനിധികള്‍ക്ക് കുല്‍ഭൂഷണ്‍ ജാദവിനെ സ്വതന്ത്രമായി കാണാന്‍ അനുമതി വേണമെന്നാണ് ഇന്ത്യയുടെ ആവശ്യം.

പാക്ക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മാത്രമേ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് കുല്‍ഭൂഷണ്‍ ജാദവിനെ കാണാനാവൂ, കൂടിക്കാഴ്ച്ച റെക്കോര്‍ഡ് ചെയ്യും എന്നീ ഉപാധികളാണ് പാക്കിസ്ഥാന്‍ മുന്നോട്ട് വെച്ചത്. ഈ ഉപാധികളാണ് ഇന്ത്യ ഇപ്പോള്‍ തള്ളിക്കളഞ്ഞിരിക്കുന്നത്.

കുല്‍ഭൂഷന്‍ ജാദവിന് നയതന്ത്ര സഹായം ലഭ്യമാക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ട പശ്ചാത്തലത്തിലായിരുന്നു പാക്കിസ്ഥാന്‍ കുല്‍ഭൂഷന്‍ ജാദവിനെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കിയത്.
ഭയത്തിന്റെ അന്തരീക്ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കുല്‍ഭൂഷണുമായി കൂടിക്കാഴ്ച നടത്താനാവില്ലെന്നാണ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. ഉപാധികളോ ഏതെങ്കിലും തരത്തിലുള്ള തടസ്സമോ കൂടാതെ കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ അനുവദിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.  ഇക്കാര്യത്തില്‍ പാക്കിസ്ഥാന്റെ പ്രതികരണത്തിനായി കാത്തിരിക്കുന്നുവെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. അതേസമയം, കുല്‍ഭൂഷണിനെ ഇന്ത്യന്‍ പ്രതിനിധികള്‍ ഉടന്‍ കണ്ടേക്കില്ലെന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നരയ്ക്ക് കുല്‍ഭൂഷണിനെ കാണാമെന്നാണ് പാകിസ്ഥാന്‍ ഇന്ത്യയെ അറിയിച്ചിരുന്നത്.