കൊല്ലപ്പെട്ടത് മുന്നൂറോളം പേര്‍

Web Desk
Posted on February 26, 2019, 9:30 am

പാക് അധീന കശ്മീരില്‍ മാത്രമല്ല പാകിസ്ഥാന്റെ സ്വന്തം മണ്ണിലും കടന്നുകയറി ഭീകരകേന്ദ്രങ്ങളില്‍ കനത്ത ആക്രമണം തന്നെ ഇന്ത്യ നടത്തി. 200നും മുന്നൂറിനുമിടയില്‍ മരണമുണ്ടായതായി സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സികള്‍ പറയുന്നു. ഫെബ്രുവരി 14ന് പുല്‍വാമ ആക്രമണത്തില്‍ 40 ഇന്ത്യന്‍ സൈനികർ വീരമൃത്യുവരിച്ചതിന്റെ അന്തരീക്ഷത്തിൽ പ്രത്യാക്രമണത്തിന് ഒരുങ്ങിയിരിക്കുകയായിരുന്നു ഇന്ത്യ.

അവസരത്തിനൊത്ത് ആക്രമിക്കാന്‍ സേനയ്ക്ക് ഭരണകൂടം സര്‍വ സ്വാതന്ത്ര്യവും നല്‍കിയിരുന്നു. ഭീകരതയെ വളര്‍ത്തുവെന്ന നിലയില്‍ പാകിസ്ഥാന്‍ ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ ഒറ്റപ്പെടുകയും ചെയ്തു. ഐക്യരാഷ്ട്ര സമിതിയിലടക്കം പാകിസ്ഥാനെതിരെ നയതന്ത്രത്തിന്റെ പോരാട്ടമാണ് ഇന്ത്യ ആദ്യം നടത്തിയത്. അതിനുശേഷം തിരിച്ചടിയിലേയ്ക്ക് ഇന്ത്യ നീങ്ങുമെന്ന് സൂചന ഏതാണ്ട് വ്യക്തമായിരുന്നു.

സേനയ്ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയ പാകിസ്ഥാന്‍ രാജ്യത്തെ ആശുപത്രികളോടുപോലും പരിക്കേറ്റ സൈനികരെ ചികിത്സിക്കുന്നതിനുള്ള തയ്യാറെടുപ്പിന് നിര്‍ദ്ദേശിച്ചിരുന്നു.
അതിര്‍ത്തിക്കിപ്പുറത്തെ ഭീകരരുടെ താവളങ്ങള്‍ കരസേന ഒരാഴ്ചയ്ക്കകം തകര്‍ക്കുകയും പുല്‍വാമ ആക്രമണത്തില്‍ പങ്കെടുത്തവരടക്കമുള്ള ഭീകരരെ നശിപ്പിക്കുകയും ചെയ്തിരുന്നു.

ഇന്നുപുലര്‍ച്ചെ നടത്തിയ പ്രത്യാക്രമണത്തിന് ആകെ 300ല്‍പരം മരണം ഉണ്ടായതായി കണക്കാക്കുന്നു. ബാലാകോട്ട്, മുസാഫറാബാദ്,ചകോത്തി എന്നിവിടങ്ങളിലെ ഭീകരകേന്ദ്രങ്ങളാണ് ആക്രമിക്കപ്പെട്ടത്. 1971നുശേഷം ആദ്യമാമായാണ് ഇന്ത്യ അതിര്‍ത്തികടന്ന് ആക്രമണം നടത്തുന്നത്. ബാലാകോട്ടി് പാക്കിസ്താനിലാണ്. പാക്കിസ്താന്‍ സൈനികകേന്ദ്രങ്ങള്‍ വിവരം അറിയുന്നതിനകം ഇന്ത്യന്‍ വ്യോമസേന ദൗത്യം പൂര്‍ത്തിയാക്കി മടങ്ങിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിരോധമന്ത്രി ധനകാര്യമന്ത്രി എന്നിവരുമായി ചര്‍ച്ച നടത്തുന്നുണ്ട്.
കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി ഇന്ത്യന്‍ എയര്‍ഫോഴ്‌സ് പൈലറ്റുകള്‍ക്ക് സല്യൂട്ട് ട്വിറ്ററില്‍ അറിയിച്ചു.