ഇന്ത്യ റഷ്യ സഹകരണം വർധിപ്പിക്കാൻ മോഡി പുടിൻ കൂടിക്കാഴ്ചയിൽ ധാരണ; 25 കരാറുകളില്‍ ഒപ്പുവച്ചു

Web Desk
Posted on September 04, 2019, 5:15 pm

മോസ്‌കോ: ഇന്ത്യ റഷ്യ സഹകരണം വർധിപ്പിക്കാൻ ഇന്ത്യൻ  പ്രധാനമന്ത്രി നരേന്ദ്ര മോഡി- റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിൻ കൂടിക്കാഴ്ചയിൽ ധാരണ. 25 കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു.  കൂടിക്കാഴ്ചയിൽ ആണവോര്‍ജം, ബഹിരാകാശം, സാങ്കേതികവിദ്യ തുടങ്ങി വിവിധ രംഗങ്ങളില്‍ സഹകരണം മെച്ചപ്പെടുത്താന്‍ ധാരണയായതായി ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.

ഉഭയകക്ഷി സഹകരണത്തില്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കും. ആണവായുധ സാങ്കേതിക മേഖലയില്‍ സഹകരണം കൂട്ടാനും ധാരണയായി. ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടില്ലെന്ന് ധാരണയായെന്ന് മോദി പറഞ്ഞു. ബഹിരാകാശ സഞ്ചാരികളെ റഷ്യയില്‍ അയച്ച് പരിശീലിപ്പിക്കാനും ധാരണയായി. പരസ്പര സഹകരണത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിലാണ് ഇരുരാജ്യങ്ങളും കൈകോര്‍ത്ത് മുന്നോട്ടുപോകുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ കൂടുതല്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കുമെന്ന് പുടിന്‍ അറിയിച്ചു. അടുത്ത 20 വര്‍ഷത്തിനകം ഇന്ത്യയില്‍ 20 ആണവ റിയാക്ടറുകള്‍ സ്ഥാപിക്കും. നിലവില്‍ തന്നെ സഹകരണം തുടരുന്ന കൂടങ്കുളത്ത് കൂടുതല്‍ റിയാക്ടറുകള്‍ സ്ഥാപിക്കുമെന്നും പുടിന്‍ അറിയിച്ചു.