വിഭജനകാലത്ത് ഇന്ത്യ വിട്ടവരുടെ ഓഹരികള്‍ വിറ്റഴിക്കുന്നു

Web Desk
Posted on November 09, 2018, 10:49 pm

ന്യൂഡല്‍ഹി: വിഭജനകാലത്ത് ഇന്ത്യ വിട്ട വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുണ്ടായിരുന്ന (എനിമി പ്രോപ്പര്‍ട്ടി) ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഏതാണ്ട് 3,000 കോടി രൂപ മൂല്യമുള്ള ഓഹരികളാണു വിറ്റഴിക്കുന്നത്.
ഇരുപതിനായിരം ഓഹരി ഉടമകളുടേതായി 996 കമ്പനികളിലുള്ള 6.5 കോടി ഓഹരികളാണ് എനിമി പ്രോപ്പര്‍ട്ടി കസ്‌റ്റോഡിയന്റെ പക്കലുള്ളത്. ഇതില്‍ 558 കമ്പനികള്‍ ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നവയാണ്. കേന്ദ്രധനമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതിയാവും ഓഹരി വില്‍പന നിയന്ത്രിക്കുക.

നിലവില്‍ ഓഹരികള്‍ വിറ്റഴിക്കാനാണു സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെങ്കിലും വിഭജനകാലത്ത് ഇന്ത്യ വിട്ടവരുടെ കോടിക്കണക്കിനു രൂപയുടെ സ്വത്തുവകകള്‍ വില്‍ക്കാനുള്ള നീക്കത്തിന്റെ തുടക്കമാണിതെന്നാണു വിലയിരുത്തപ്പെടുന്നത്. ഇതിനായി സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നിരുന്നു. ഇത്തരത്തില്‍ സ്വത്തുള്ളവരുടെ പിന്‍മുറക്കാര്‍ ഇതിനെതിരേ നിയമയുദ്ധം തുടങ്ങിയിട്ടുണ്ട്.

വര്‍ഷങ്ങളായി നിഷ്‌ക്രിയമായി കിടക്കുന്ന ജംഗമ സ്വത്തുക്കള്‍ വിറ്റഴിച്ചു പണമാക്കി മാറ്റുന്നത് ജനക്ഷേമ പദ്ധതികള്‍ക്കു ഉപകാരപ്പെടുമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 10,000 കോടി രൂപ മാത്രമേ ഓഹരി വിറ്റഴിക്കലിലൂടെ സമാഹരിക്കാന്‍ കഴിഞ്ഞിട്ടുള്ളു.