Monday
25 Mar 2019

അസഹിഷ്ണുതയിലൂടെ ഇന്ത്യ ഛിന്നഭിന്നമാകരുതെന്ന് രാഹുല്‍

By: Web Desk | Saturday 12 January 2019 9:58 PM IST


പ്രത്യേക ലേഖകന്‍

ദുബായ്: ഭരണകൂടത്തിന്റെ അസഹിഷ്ണുതമൂലം മഹത്തായ ഇന്ത്യയും ഇന്ത്യന്‍ ജനതയും ഛിന്നഭിന്നമാകരുതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. നാടിന്റെ ബഹുസ്വരതയും നാനാത്വത്തിലെ ഏകത്വവും നിലനിര്‍ത്താന്‍ പ്രവാസി വിദ്യാര്‍ഥി സമൂഹമടക്കമുള്ള ഇന്ത്യന്‍ യുവാക്കളുടെ പങ്ക് വളരെ വലുതാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ഗള്‍ഫ് നാടുകളുടെ മാത്രമല്ല ഇന്ത്യയുടേയും ഭാവി രൂപപ്പെടുത്തുന്നതില്‍ ഇന്ത്യന്‍ പ്രവാസി വിദ്യാര്‍ഥികളുടെ പങ്ക് നിര്‍ണായകമാണെന്നും ഇവിടെ ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് മാനേജ്‌മെന്റ് ടെക്‌നോളജിയിലെ വിദ്യാര്‍ഥികളുമായി ആശയസംവാദം നടത്തിയ രാഹുല്‍ അഭിപ്രായപ്പെട്ടു. തൊഴില്‍ദാനരംഗത്തും കാര്‍ഷികമേഖലയിലും ഇന്ത്യ മഹാപ്രതിസന്ധികളാണ് നേരിടുന്നത്. പ്രവാസി വിദ്യാര്‍ഥികളടക്കമുള്ളവരുടെ സേവനം കൊണ്ടുകൂടി പരിഹരിക്കാവുന്ന വിഷയങ്ങളാണിവ.

അസഹിഷ്ണുതയുടെ അന്തരീക്ഷത്തില്‍ ജനങ്ങള്‍ ഭിന്നിപ്പിക്കപ്പെടുന്നു. മാധ്യമപ്രവര്‍ത്തകരടക്കമുള്ളവര്‍ അരുംകൊല ചെയ്യപ്പെടുന്നു. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലൂടെ ഈ അന്തരീക്ഷം മാറ്റിയെഴുതാനാവുമെന്ന പ്രതീക്ഷയും രാഹുല്‍ പ്രകടിപ്പിച്ചു. ദുബായിലെ സന്ദര്‍ശന പരിപാടികള്‍ക്കുശേഷം യുഎഇ തലസ്ഥാനമായ അബുദാബി സന്ദര്‍ശനം തുടങ്ങിയ അദ്ദേഹം യുഎഇ സഹിഷ്ണുതാകാര്യമന്ത്രി ഷേയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനുമൊത്ത് ഉച്ചഭക്ഷണം കഴിക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ഊഷ്മള ബന്ധത്തെക്കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്തു. പിന്നീട് ഇന്ത്യന്‍ പ്രവാസി ബിസിനസ് പ്രമുഖരുടെ സംഘടനാ നേതാക്കളുമായും രാഹുല്‍ ചര്‍ച്ച നടത്തി. ബിസിനസ് ഗ്രൂപ്പുമായുള്ള ചര്‍ച്ചകള്‍ക്കുശേഷം ഷെയ്ഖ് സയേദ് വലിയ പള്ളി സന്ദര്‍ശിച്ച അദ്ദേഹം ദുബായ് കിരീടാവകാശിയും ഉപസര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയേദ് അല്‍ നഹ്യാനുമായും, നേരത്തേ യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് റാഷിദ് അല്‍ മക്തുമുമായും ചര്‍ച്ച നടത്തിയിരുന്നു.