കർഷകരെ തുടച്ചനീക്കുന്ന ആർസിഇപി കരാറിൽ നിന്ന് ഇന്ത്യ പൂർണ്ണമായി പിന്മാറണം: മന്ത്രി കെ രാജു

Web Desk
Posted on December 02, 2019, 10:21 pm

കോഴിക്കോട്: രാജ്യത്തെ കർഷകരെ പൂർണ്ണമായി തുടച്ചു നീക്കുന്ന ആർസിഇപി കരാറിൽ നിന്ന് ഇന്ത്യ പൂർണ്ണമായി പിന്മാറണമെന്ന് വനം-വന്യജീവി, ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ രാജു പറഞ്ഞു. ശക്തമായ പ്രക്ഷോഭങ്ങളുടെയും മറ്റും ഫലമായി ആർസിഇപി കരാറിൽ നിന്ന് ഇന്ത്യ താത്ക്കാലികമായി പിൻമാറിയിട്ടുണ്ട്. എന്നാൽ കരാറിൽ തുടരാൻ ജപ്പാൻ അടക്കമുള്ള രാജ്യങ്ങൾ സമ്മർദ്ദം തുടരുന്നുണ്ട്. കരാറിൽ തുടരുന്നത് കാർഷിക‑ക്ഷീര മേഖയെ പൂർണ്ണമായും തകർക്കുന്ന നടപടിയായിരിക്കും. രാജ്യ താത്പര്യങ്ങൾക്ക് എതിരായതുകൊണ്ട് തന്നെ കരാറിനെ ഇന്ത്യ പൂർണ്ണമായി തള്ളിക്കളയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

മിൽമ, മലബാർ മേഖലാ യൂണിയന്റെ മുപ്പതാം വാർഷികാഘോഷ പരിപാടികളുടെ മേഖലാതല ഉദ്ഘാടനവും പുതിയ പാലുൽപ്പന്നങ്ങളുടെ വിപണനോദ്ഘാടനവും നവീകരിച്ച വെബ് സൈറ്റിന്റെ ഉദ്ഘാടനവും നളന്ദ ഓഡിറ്റോറിയത്തിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ക്ഷീരോത്പാദന രംഗത്ത് അടുത്ത് തന്നെ കേരളം സ്വയം പര്യാപ്തത കൈവരിക്കും. ക്ഷീര സംഘങ്ങളിലെ ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണ നടപടികൾ ആരംഭിച്ചുകഴിഞ്ഞു. മേഖലയിലെ കുടുംബ പെൻഷൻ 150 രൂപയിൽ നിന്ന് 550 രൂപയാക്കി വർധിപ്പിച്ച് ഉത്തരവിട്ടതായും മന്ത്രി പറഞ്ഞു.
മിൽമ, മലബാർ മേഖലാ യൂണിയൻ പുതിയ ആറ് വിവിധ തരം ഉത്പന്നങ്ങൾ കൂടി വിപണിയിലിറക്കി. മന്ത്രി കെ രാജു വിപണനോദ്ഘാടനം നിർവ്വഹിച്ചു.

ഐസ്ക്രീം ഇനങ്ങളായ ബ്ലൂബറ, ചോക്കോ സ്റ്റിക്ക്, കുൽഫി സ്റ്റിക്ക് എന്നിവയും വീറ്റ് അട ഇൻസ്റ്റന്റ് പായസം മിക്സ്, ഗീ ബിസ്ക്കറ്റ്, പാസ്ചുറൈസ്ഡ് ടെണ്ടർ കോക്കനട്ട് വാട്ടർ തുടങ്ങിയവയുമാണ് പുതിയ ഉത്പന്നങ്ങൾ. പ്രകൃതി ദത്തമായ ബ്ലൂബറി പഴത്തിൽ നിന്നാണ് ബ്ലൂബറി ഐസ്ക്രീം തയ്യാറാക്കുന്നത്. കുട്ടികൾക്ക് ഏറെ പ്രിയങ്കരമാകുന്ന തരത്തിലുള്ള പ്രകൃതി ദത്ത ചേരുവകളോടെയാണ് ചോക്കോ സ്റ്റിക്ക്, കുൽഫി സ്റ്റിക്ക് ഐസ്ക്രീമുകൾ തയ്യാറാക്കിയിട്ടുള്ളത്. ഒന്നര ലിറ്റർ മിൽമ പാലും 250 ഗ്രാം വീറ്റ് അട ഇൻസ്റ്റൻ്റ് പായസം മിക്സും ചേർത്ത് 20 മിനുട്ടിനുളളിൽ രുചികരമായ ഗോതമ്പ് പായസം തയ്യാറാക്കാം. ബ്ലൂബറി ഐസ്ക്രീം കന്ദമംഗലത്തിനടുത്ത് പെരിങ്ങളത്തുളള മിൽമയുടെ കോഴിക്കോട് ഡെയറിയിൽ നിന്നും, ചോക്കോ സ്റ്റിക്ക്, കുൽഫി സ്റ്റിക്ക്, വീറ്റ് അട എന്നിവ കൽപ്പറ്റയിൽ പ്രവർത്തിക്കുന്ന വയനാട് ഡെയറിയിൽ നിന്നും, ഗീ ബിസ്ക്കറ്റ്, ടെണ്ടർ കോക്കനട്ട് വാട്ടർ എന്നിവ ബേപ്പൂരിനടുത്ത നടുവട്ടത്തുളള സെൻട്രൽ പ്രൊഡക്ട് ഡെയറിയിൽ നിന്നുമാണ് പുറത്തിറങ്ങുന്നത്.

പുതിയ ഉൽപ്പന്നങ്ങളെല്ലാം ഡിസംബർ 10 നകം എല്ലാ മിൽമ സ്റ്റാളുകളിലും ലഭ്യമാവുമെന്ന് മലബാർ മേഖല യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി കൺവീനർ യൂസഫ് കോറോത്ത് അറിയിച്ചു. ചടങ്ങിൽ മലബാർ മിൽമയുടെ മുൻ ചെയർമാൻമാരായ പത്മനാഭക്കുറുപ്പിനെയും പി പി ഗോപിനാഥപ്പിള്ളയെയും മന്ത്രി ആദരിച്ചു. മേയർ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. എ പ്രദീപ് കുമാർ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, മിൽമ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ യൂസഫ് കോറോത്ത്, ക്ഷീര വികസന വകുപ്പ് ഡയരക്ടർ എസ് ശ്രീകുമാർ, ക്ഷീര കർഷക ക്ഷേമനിധി ബോർഡ് സി ഇ ഒ ജോഷി ജോസഫ്, സിപിഐ ജില്ലാ സെക്രട്ടറി ടി വി ബാലൻ തുടങ്ങിയവർ സംബന്ധിച്ചു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി മെമ്പർ കെ എസ് മണി ആമുഖ പ്രഭാഷണം നടത്തി. വിജയകുമാരൻ കെ എം നന്ദി പറഞ്ഞു.  b