ഗിൽഗിത്-ബാൾട്ടിസ്ഥാനിൽ പൊതുതെരഞ്ഞെടുപ്പ്; പാക് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

Web Desk

ന്യൂഡൽഹി

Posted on July 03, 2020, 3:28 pm

ഗിൽഗിത്-ബാൾട്ടിസ്ഥാനിൽ പൊതുതെരഞ്ഞെടുപ്പ് നടത്താനുള്ള പാക് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഇത്തരം അഭ്യാസങ്ങൾ ഇന്ത്യയിലേക്കുളള ഇസ്ലാമാബാദിന്റെ നിയമവിരുദ്ധ അധിനിവേശത്തെ മറച്ചുവെക്കാനാണെന്ന് ഇന്ത്യ ആരോപിച്ചു.

ഇന്ത്യൻ പ്രദേശങ്ങളായ ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിൽ ഭൗതിക മാറ്റങ്ങൾ വരുത്താനുള്ള പാകിസ്ഥാൻ ശ്രമങ്ങളെ ഇന്ത്യ പൂർണ്ണമായും നിരാകരിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. പാകിസ്ഥാന്റെ ഈ നീക്കം കൂടുതല്‍ ഇന്ത്യൻ പ്രദേശങ്ങൾ അനധികൃതമായി കൈവശപ്പെടുത്തുന്നതിനാണെന്നും അദ്ദേഹം പ്രതികരിച്ചു.

പാകിസ്ഥാന്‍ നിയമവിരുദ്ധമായി അധിനിവേശം നടത്തിയിട്ടുള്ള എല്ലാ ഇന്ത്യൻ പ്രദേശങ്ങളില്‍ നിന്നും പിന്മാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഗിൽഗിത്-ബാൾട്ടിസ്ഥാനിൽ ഓഗസ്റ്റ് 18 ന് പൊതുതിരഞ്ഞെടുപ്പ് നടത്തുമെന്ന് കഴിഞ്ഞ ആഴ്ചയാണ് പാകിസ്ഥാൻ പ്രഖ്യാപിച്ചത്. മേഖലയിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിന് 2018 ലെ ഭരണപരമായ ഉത്തരവിൽ ഭേദഗതി വരുത്താൻ പാകിസ്ഥാൻ സുപ്രീം കോടതി സര്‍ക്കാരിന് അനുവാദം നല്‍കിയിരുന്നു.

വിധിക്കുനേരെ ശക്തമായ പ്രതിഷേധമാണ് ഇന്ത്യ ഉയർത്തിയത്. ഗിൽഗിത് ബാൾട്ടിസ്ഥാൻ ഉൾപ്പെടെ ജമ്മുകശ്മീരിലെയും ലഡാക്കിലെയും മുഴുവൻ പ്രദേശങ്ങളും തങ്ങളുടെ ഭാഗമാണെന്ന് ഇന്ത്യ പാകിസ്ഥാനെ അറിയിച്ചിരുന്നു. നിയമവിരുദ്ധമായി കരസ്ഥമാക്കിയ പ്രദേശങ്ങളുടെ അധികാരത്തിൽ ഇടപെടാൻ പാകിസ്ഥാനാകില്ലെന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞു.

കറാച്ചിയിൽ പാകിസ്ഥാൻ സ്റ്റോക്ക് എക്സ്ചേഞ്ചിന് നേരെ തിങ്കളാഴ്ച നടന്ന ഭീകരാക്രമണവുമായി ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്ന പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയുടെ ആരോപണവും ശ്രീവാസ്തവ തള്ളി. സ്റ്റോക്ക് എക്സ്ചേഞ്ചിൽ തോക്കുധാരികൾ ആക്രമണം നടത്തിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് പാകിസ്ഥാന്‍ ആരോപണം ഉന്നയിച്ചത്. ലഭ്യമാകുന്ന സൂചനകള്‍ അനുസരിച്ച് ഇന്ത്യ സജീവമാക്കിയ സ്ലീപ്പർ സെല്ലുകളിലേക്കാണ് സംശയം നീളുന്നതെന്നായിരുന്നു ഖുറേഷിയുടെ ആരോപണം.

Eng­lish summary;India Slams Pak­istan’s Announce­ment of Hold­ing Polls in Gilgit-Baltistan

You may also like this video: