Friday
20 Sep 2019

ജയത്തോടെ തുടങ്ങാന്‍ ഇന്ത്യ ഇന്ന് കളിക്കളത്തില്‍

By: Web Desk | Wednesday 5 June 2019 2:41 PM IST


സതാംപ്ടണ്‍: ലോകകപ്പ് ക്രിക്കറ്റില്‍ ആദ്യ മത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങും. ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളി. സതാംപ്ടണില്‍ വൈകിട്ട് മൂന്ന് മണിക്കാണ് ഇന്ത്യന്‍ ആരാധകര്‍ കാത്തിരുന്ന മത്സരത്തിന് തുടക്കമാകുക. ജയത്തോടെ തുടങ്ങാനാണ് ഇന്ത്യ ഇന്ന് മൈതാനത്ത് കാല്‍ എടുത്ത് വയ്ക്കുന്നത്. എന്നാല്‍, ഇതിനോടകം തന്നെ രണ്ട് മത്സരങ്ങള്‍ കളിച്ച ദക്ഷിണാഫ്രിക്ക രണ്ടിലും തോറ്റു. വിജയവഴിയില്‍ തിരിച്ചെത്താന്‍ ജീവന്‍മരണ പോരാട്ടത്തിനാണ് ഫാഫ് ഡുപ്ലെസിയും സംഘവും കച്ചമുറുക്കുന്നത്.

ദക്ഷിണാഫ്രിക്കയ്ക്ക് മുന്‍തൂക്കം

ഏകദിനത്തിലെ ഇതുവരെയുള്ള കണക്കുകള്‍ നോക്കിയാല്‍ ഇന്ത്യക്കെതിരേ മുന്‍തൂക്കം ദക്ഷിണാഫ്രിക്കയ്ക്കു തന്നെയാണ്. ഇതുവരെ നടന്ന 83 മല്‍സരങ്ങളില്‍ 46 എണ്ണത്തില്‍ ജയം ദക്ഷിണാഫ്രിക്കയ്ക്കായിരുന്നു. 38 മല്‍സരങ്ങളാണ് ഇന്ത്യക്കു ജയിക്കാനായത്. മൂന്നു കളികള്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്തു.

വര്‍ണ്ണവിവേചനത്തിന്റെ പേരില്‍ കായികരംഗത്തുനിന്ന് മാറ്റിനിര്‍ത്തപ്പെട്ട ദക്ഷിണാഫ്രിക്ക 1992ലാണ് ആദ്യമായി ലോകകപ്പില്‍ കളിക്കുന്നത്. അന്ന് റൗണ്ട് റോബിന്‍ ലീഗ് പോരാട്ടത്തിലായിരുന്നു ഇന്ത്യയുമായി ഏറ്റുമുട്ടിയത്. 6 വിക്കറ്റിന് ഇന്ത്യ തോറ്റു. 1999ലാണ് വീണ്ടും നേര്‍ക്കുനേര്‍ വരുന്നത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നേടിയത് 253 റണ്‍സ്. 16 പന്തുകള്‍ ബാക്കിനില്‍ക്കെ ദക്ഷിണാഫ്രിക്ക ലക്ഷ്യം മറികടന്നു. ഇന്ത്യയുടെ തോല്‍വി 4 വിക്കറ്റിന്. പിന്നീട് 2011ലെ നാഗ്പൂര്‍ പോരാട്ടം. സ്‌റ്റെയ്‌നും മോര്‍ക്കലും അണിനിരന്ന ബൗളിംഗ് നിരയെ സച്ചിനും സെവാഗും ഗംഭീറും ചേര്‍ന്ന് നിലം പരിശാക്കി. 111 റണ്‍സുമായി സച്ചിന്‍ മടങ്ങുമ്പോള്‍ ഇന്ത്യ 39.4 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 267 റണ്‍സ്. എന്നാല്‍ പിന്നാലെയെത്തിയവര്‍ വന്നപോലെ മടങ്ങി. ഇന്ത്യ 48.4 ഓവറില്‍ 296ന് ഓള്‍ ഔട്ട്. രണ്ട് പന്ത് ശേഷിക്കെ ദക്ഷിണാഫ്രിക്ക ജയിച്ചു. അതുവരെയുണ്ടായ തോല്‍വികള്‍ക്കെല്ലാം കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യ പകരം വീട്ടി. ശിഖര്‍ ധവാന്റെ 137 റണ്‍സിന്റെ കരുത്തില്‍ ഇന്ത്യ 307 ലെത്തി. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 177 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഇന്ത്യക്ക് 130 റണ്‍സിന്റെ മിന്നും ജയം.

ഇന്ത്യന്‍ ടീം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ മല്‍സരത്തിന് മണിക്കൂറുകള്‍ മാത്രമേ ശേഷിക്കുന്നുള്ളുവെങ്കിലും ഇന്ത്യയുടെ പ്ലെയിങ് ഇലവന്റെ കാര്യത്തില്‍ ഇപ്പോഴും അന്തിമ തീരുമാനം ആയിട്ടില്ല. നാലാം നമ്പറില്‍ ലോകേഷ് രാഹുലിനെയോ വിജയ് ശങ്കറിനെയോ കളിപ്പിക്കേണ്ടത് എന്നതാണ് ആദ്യത്തെ ആശയക്കുഴപ്പം. റിസ്റ്റ് സ്പിന്നര്‍മാരായ കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍ ഇവരെ രണ്ടു പേരെയും ഒരുമിച്ച് കളിപ്പിക്കണമോയെന്നും ഇന്ത്യ ആലോചിക്കുന്നുണ്ട്. രണ്ടു പേരിലൊരാളെ ഇറക്കി ഒപ്പം ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ കളിപ്പിക്കാനും ടീം മാനേജ്‌മെന്റിന് ആലോചനയുണ്ട്.

ഇന്ത്യയുടെ ബൗളിങ് പ്രകടനം

പാകിസ്ഥാനെതിരെ ആണ് ഇന്ത്യക്ക് ലോകകപ്പില്‍ ഏറ്റവും മികച്ച റെക്കോര്‍ഡുള്ളത്. ഇതുവരെ കളിച്ച ആറു കളികളില്‍ ആറും ജയിച്ചു. 100 ശതമാനം വിജയം. ഓസ്‌ട്രേലിയക്കെതിരെ ആകട്ടെ ഇതുവരെ 11 കളികളില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് ഇന്ത്യക്ക് ജയിക്കാനായത്. 27.27 ആണ് ഓസ്‌ട്രേലിയക്കെതിരായ വിജയശതമാനം.

ദക്ഷിണാഫ്രിക്കന്‍ ബൗളിങ് പ്രകടനം

ബൗളര്‍മാരാണ് ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയെ എന്നും ചതിച്ചിട്ടുള്ളത്. നാലു കളികളില്‍ നിന്നായി ബാറ്റിംഗ് നിര 971 റണ്‍സ് അടിച്ചെടുത്തപ്പോള്‍ ബൗളര്‍മാര്‍ക്ക് ആകെ വീഴ്ത്താനായത് 22 വിക്കറ്റുകള്‍ മാത്രമാണ്. എക്കോണമി റേറ്റ് ആകട്ടെ 5.34 ആണ്. പാകിസ്ഥാനെതിരെ ആറ് കളികളില്‍ ബൗളര്‍മാര്‍ 52 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഓസ്‌ട്രേലിയക്കെതിരെ 11 കളികളില്‍ 67 വിക്കറ്റ് മാത്രമാണ് ബൗളര്‍മാര്‍ നേടിയിട്ടുള്ളത്.

ഡിവിലിയേഴ്‌സ് വിരമിച്ചത് ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ കൂട്ടുന്നു. 2015 ഏകദിന ലോകകപ്പിനുശേഷം ദക്ഷിണാഫ്രിക്കക്കെതിരെ കളിച്ച 12 ഏകദിനങ്ങളില്‍ എട്ടിലും ജയിക്കാനായി എന്നതും ഇന്ത്യയുടെ ആത്മവിശ്വാസം കൂട്ടുന്ന ഘടകമാണ്.

കോലി-റബാദ

ബാറ്റ്‌സ്മാന്‍മാരുടെ ഏകദിന ലോകറാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്താണ് വിരാട് കോലി. അതുപോലെ തന്നെ ബൗളര്‍മാരില്‍ മൂന്നാം സ്ഥാനത്താണ് കാഗിസോ റബാദ. ഇരുവരും നേര്‍ക്ക്‌നേര്‍ വന്നപ്പോഴൊക്കെ തീപ്പൊരി പാറിയിട്ടുണ്ട്. കളിക്കളത്തില്‍ പല തവണ ഇരുവരും വാക്‌പോരില്‍ ഏര്‍പ്പെടുന്നതിനും ലോകം സാക്ഷിയായിട്ടുണ്ട്. എളുപ്പം പ്രകോപിതനാവുന്ന പക്വതയില്ലാത്ത താരമെന്നാണ് കോലിയെക്കുറിച്ച് റബാദ അടുത്തിടെ പറഞ്ഞത്.
അതിനു ശേഷം ഇരുവരും ആദ്യമായി നേര്‍ക്കുനേര്‍ വരുന്നുവെന്നത് മല്‍സരത്തിന്റെ പ്രത്യേകതയാണ്. ഏകദിനത്തില്‍ 11 തവണ കോലിയും റബാദയും നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. ഇവയിലെല്ലാം കോലിക്കു തന്നെയായിരുന്നു മേധാവിത്വമെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇത്രയും മല്‍സരങ്ങളില്‍ രണ്ടു തവണ മാത്രമേ കോലിയെ പുറത്താക്കാന്‍ റബാദയ്ക്കായിട്ടുള്ളൂ.

Related News