നാവികസേന ആണവ വാഹക ശേഷിയുള്ള ആറ് അന്തര്‍വാഹിനികളുടെ നിര്‍മാണം തുടങ്ങി

Web Desk
Posted on December 02, 2017, 11:01 am

ന്യൂഡല്‍ഹി: നാവികസേനയ്ക്ക് കരുത്ത് പകരുന്നതിനായി ആണവ വാഹക ശേഷിയുള്ള ആറ് മുങ്ങിക്കപ്പലുകളുടെ നിര്‍മാണം ഇന്ത്യ തുടങ്ങി. പസഫിക് മേഖലയില്‍ ചൈനയുടെ സാന്നിദ്ധ്യം കൂടിവരുന്നത് കണക്കിലെടുത്താണ് ഇന്ത്യയും പ്രതിരോധം വര്‍ദ്ധിപ്പിക്കുന്നത്. ഇന്ത്യ, അമേരിക്ക,​ ആസ്ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ ചതുഷ്കോണ കൂട്ടായ്മയില്‍ ഇന്ത്യ സുപ്രധാന പങ്ക് വഹിക്കാന്‍ ഒരുങ്ങുകയാണെന്ന് നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാംബ പറഞ്ഞു. അന്തര്‍വാഹിനികളുടെ നിര്‍മാണം തുടങ്ങിയ കാര്യം സ്ഥിരീകരിച്ച ലാംബ,​ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് വ്യക്തമാക്കി. പാകിസ്ഥാനിലെ ഗ്വേദര്‍ തുറമുഖത്തെ ചൈനയുടെ സാന്നിദ്ധ്യം ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും ഇത് നേരിടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ലാംബ പറഞ്ഞു.

ഇന്ത്യ ദ്ദേശീയമായി നിര്‍മിച്ച രണ്ടാമത്തെ ആണവ അന്തര്‍ വാഹിനി അരിദ്ധമന്‍ നേരത്തെ നീറ്റിലിറക്കിയിരുന്നു. വിശാഖപട്ടണത്തെ കപ്പല്‍ നിര്‍മ്മാണശാലയിലാണ് ഇത് നിര്‍മിച്ചത്. 2009ല്‍ നീറ്റിലിറക്കിയ അരിഹന്താണ് ഇന്ത്യയുടെ ആദ്യ ദ്ദേശീയ ആണവ അന്തര്‍വാഹിനി. ഇത് 2016ല്‍ സൈന്യത്തിന്റെ ഭാഗമായി. അരിഹന്തിനെക്കാള്‍ ഇരട്ടി മിസൈലുകള്‍ വഹിക്കാന്‍ കഴിയുന്ന അരിദ്ധമന്‍ 83 മെഗാവാട്ട് ശക്തിയുള്ള ആണവ റിയാക്ടര്‍ ഉള്‍ക്കൊള്ളുന്നതാണ്. സമുദ്രത്തിനടിയില്‍ 24 നോട്ടിക്കല്‍ വേഗത്തിലും സമുദ്രോപരിതലത്തില്‍ 12 മുതല്‍ 15 നോട്ടിക്കല്‍ മൈല്‍ വരെ വേഗത്തിലും സഞ്ചരിക്കാന്‍ കഴിയും. എട്ട് പോര്‍ മുനകളിലായി 24 സാഗരിക മിസൈലുകളോ, കെ5 എട്ട് കെ 4 മിസൈലുകളോ വിന്യസിക്കാന്‍ കഴിയും. കെ15 മിസൈലുകള്‍ക്ക് 750 കിലോമീറ്റര്‍ വരെയുള്ള ലക്ഷ്യത്തെ പ്രഹരിക്കാന്‍ ശേഷിയുള്ളപ്പോള്‍ കെ 4 മിസൈലുകള്‍ 3, 500 കിലോമീറ്റര്‍ വരെ അകലെയുള്ള ലക്ഷ്യം തേടിയെത്തും.