പരീക്ഷണം വിജയകരമായി പൂര്‍ത്തിയായി;നാഗ് ഇനി സേനക്കു കരുത്തുകൂട്ടും

Web Desk
Posted on July 08, 2019, 3:27 pm

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച നിര്‍മിച്ച ടാങ്ക് വേധ മിസൈലായ നാഗിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയായി. പൊഖ്‌റാനിലെ ഫയറിംഹ് റേഞ്ചില്‍
രാത്രിയും പകലും വ്യത്യസ്ത സമയങ്ങളിലായി മൂന്ന് പരീക്ഷണങ്ങളാണ് നടത്തിയത്. മൂന്ന് സാഹചര്യത്തിലും മിസൈല്‍ കൃത്യമായി ലക്ഷ്യം ഭേദിച്ചെന്ന് ഡിആര്‍ഡിഒ പറയുന്നത്.

ഡിആര്‍ഡിഒ വികസിപ്പിച്ച മിസൈലിനെ സൈന്യത്തില്‍ ഉള്‍പ്പെടുത്തുന്നതിന് മുമ്ബുള്ള അവസാനവട്ട പരീക്ഷണമാണ് നടന്നത്.
കരയാക്രമണത്തില്‍ സൈന്യത്തിന് മുതല്‍കൂട്ടാകുന്ന ആയുധമാണ് നാഗ് മിസൈല്‍.ശത്രുവിന്റെ ടാങ്കുകളെ തകര്‍ക്കുകയാണ് ലക്ഷ്യം.
നാല് കിലോമീറ്റര്‍ പ്രഹരപരിധിയുള്ള നാഗ് മിസൈല്‍ ഏത് കാലാവസ്ഥയിലും ഉപയോഗിക്കാം. തെര്‍മല്‍ ഇമേജിങ് റഡാറിന്റെ സഹായത്തോടെ ലക്ഷ്യം നിര്‍ണയിച്ച് ആക്രമണം നടത്തുകയാണ് മിസൈല്‍ ചെയ്യുന്നത്.
1980കളില്‍ ഇന്ത്യ തയ്യാറാക്കിയ അഞ്ച് മിസൈല്‍ പദ്ധതികളില്‍ ഒന്നാണ് നാഗ്. അഗ്‌നി, പ്രിഥ്വി, ആകാശ്, ത്രിശൂല്‍ എന്നിവയാണ് മറ്റുള്ളവ. ഇതില്‍ ത്രിശൂല്‍ പദ്ധതി പിന്നീട് വേണ്ടെന്നുവെച്ചു. മറ്റ് മൂന്ന് മിസൈലുകളും ഇപ്പോള്‍ സൈന്യത്തിന്റെ ഭാഗമാണ്.നാഗ് മിസൈല്‍ കരസേനയുടെ ഭാഗമാകുന്നതോടെ സൈന്യത്തിന്റെ പ്രഹര ശേഷി വര്‍ധിക്കും. ഇതിന്റെ കാര്യക്ഷമത കൂടുതല്‍ ഉറപ്പാക്കുന്നതിനാണ് തിങ്കളാഴ്ച പരീക്ഷണം നടത്തിയത്. കരസേനയില്‍ മിസൈല്‍ സംവിധാനം ഉള്‍പ്പെടുത്താന്‍ 524 കോടിയുടെ പദ്ധതിക്ക് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അനുമതി നല്‍കിയിട്ടുണ്ട്.