24 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 24, 2025
April 24, 2025
April 23, 2025
April 23, 2025
April 23, 2025
April 22, 2025
April 19, 2025
April 19, 2025
April 19, 2025
April 19, 2025

അമേരിക്കന്‍ സമ്മര്‍ദത്തിന് ഇന്ത്യ വഴങ്ങി

Janayugom Webdesk
വാഷിങ്ടണ്‍
March 8, 2025 11:04 pm

താരിഫ് നിരക്കില്‍ പകരത്തിന് പകരമെന്ന യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നിലപാടിന് ഇന്ത്യ വഴങ്ങുന്നതായി റിപ്പോര്‍ട്ട്. യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്പന്നങ്ങള്‍ക്ക് ഇന്ത്യ താരിഫ് കുറയ്ക്കാന്‍ സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു. ഉയര്‍ന്ന താരിഫ് കാരണം ഇന്ത്യക്ക് എന്തെങ്കിലും വില്‍ക്കുക എന്നത് അസാധ്യമാണെന്നും ദേശീയതലത്തില്‍ സംപ്രേഷണം ചെയ്ത ടെലിവിഷന്‍ പ്രസംഗത്തില്‍ ട്രംപ് പറഞ്ഞു. ഏപ്രില്‍ രണ്ടു മുതല്‍ പ്രാബല്യത്തില്‍ വരുന്ന പരസ്പര താരിഫുകള്‍ യുഎസ് വ്യാപാര നയത്തില്‍ ഒരു പ്രധാന മാറ്റത്തെ അടയാളപ്പെടുത്തും. മറ്റ് രാജ്യങ്ങള്‍, പ്രത്യേകിച്ച് ഇന്ത്യ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന താരിഫ് ഭരണകൂടങ്ങളുള്ള രാജ്യങ്ങള്‍, മുതലെടുക്കുന്നത് യുഎസ് ഇനി സഹിക്കില്ലെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യന്‍ വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ യുഎസ് വാണിജ്യകാര്യ ചുമതലയുള്ള ഹോവാര്‍ഡ് ലുട്‌നിക്കുമായി വ്യാപാര ചര്‍ച്ചകള്‍ക്കായി വാഷിങ്ടണില്‍ തുടരുന്നതിനിടെയാണ് ട്രംപിന്റെ പുതിയ പ്രതികരണം. അതേസമയം സമഗ്ര വ്യാപാരക്കരാറിന് വേണ്ടിയുള്ള യുഎസ് സമ്മര്‍ദത്തില്‍ ഇന്ത്യ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. 

അമേരിക്കയുമായുള്ള ചര്‍ച്ചകളില്‍നിന്ന് ഇന്ത്യ പിന്മാറണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. അല്ലെങ്കില്‍ യുഎസ് ആവശ്യങ്ങള്‍ക്ക് പൂര്‍ണമായി വഴങ്ങേണ്ടിവരുമെന്നും മുമ്പ് എതിര്‍ത്തിട്ടുള്ള കാര്യങ്ങള്‍ അനുസരിക്കേണ്ടിവരുമെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. താരിഫ് ഇളവ് കൂടാതെ സര്‍ക്കാര്‍ സംഭരണം, കാര്‍ഷിക സബ്സിഡികള്‍, പേറ്റന്റ് നിയമ ഇളവുകള്‍, അനിയന്ത്രിതമായ ഡാറ്റാ ഒഴുക്ക് എന്നിവയെക്കുറിച്ചുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്താന്‍ യുഎസ് പരിശ്രമം നടത്തുന്നുണ്ട്. യുഎസുമായി സമഗ്ര വ്യാപാര കരാര്‍ പരിഗണിക്കുകയാണെങ്കില്‍ കൃഷി, പാസഞ്ചര്‍ കാറുകള്‍, മറ്റ് സെന്‍സിറ്റീവ് മേഖലകള്‍ എന്നിവ ഒഴിവാക്കപ്പെടണമെന്നും അവര്‍ പറഞ്ഞു. കൃഷിയും അനുബന്ധ പ്രവര്‍ത്തനങ്ങളായ മൃഗസംരക്ഷണവും ഇന്ത്യന്‍ ഗ്രാമീണ സമ്പദ്‍വ്യവസ്ഥയുടെ നട്ടെല്ലാണ്. 700 ദശലക്ഷത്തിലധികം പേരുടെ ഉപജീവനമാര്‍ഗമാണിത്. അതുകൊണ്ട് കാര്‍ഷികമേഖലയെ ഉദാരവല്‍ക്കരിക്കാനുള്ള നീക്കം ഏറെ പ്രത്യാഘാതമുണ്ടാക്കും. വലിയതോതില്‍ കാര്‍ഷിക സബ്സിഡിയുള്ള വിദേശങ്ങളിലെ ഉല്പന്നങ്ങള്‍ ഇറക്കുമതി ചെയ്താല്‍ വിലകുറഞ്ഞ ഭക്ഷ്യോല്പന്നങ്ങളുടെ കടന്നുകയറ്റമുണ്ടാവുകയും ഇത് ഇന്ത്യന്‍ കര്‍ഷകരുടെ വരുമാനത്തെയും ഉപജീവനമാര്‍ഗത്തെയും സാരമായി ബാധിക്കുകയും ചെയ്യുമെന്ന് ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇന്‍ഷ്യേറ്റീവ് സ്ഥാപകന്‍ അജയ് ശ്രീവാസ്തവ പറഞ്ഞു. നേരത്തെ ട്രംപ് കാനഡയില്‍ നിന്നും മെക്സിക്കോയില്‍ നിന്നുമുള്ള ഇറക്കുമതിക്ക് 25 ശതമാനം തീരുവയും ചൈനയില്‍ നിന്നുള്ള സാധനങ്ങള്‍ക്ക് 10 ശതമാനം അധിക തീരുവയും പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ചൈനയും കാനഡയും യുഎസ് ഉല്പന്നങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തിയതോടെ വ്യാപാരയുദ്ധത്തിനും തുടക്കമായിരുന്നു. ഇന്ത്യയും വ്യാപാരയുദ്ധത്തിന്റെ ഭാഗമാകേണ്ടിവരുമെന്നാണ് യുഎസ് സമ്മര്‍ദം നല്‍കുന്ന സൂചന. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.