കോവിഡ് 19 രോഗത്തെ ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്ത്യയും ശക്തമായ നടപടികളിലേക്ക്. ഏപ്രിൽ 15 വരെ ഇന്ത്യയിലേക്ക് വീസ ലഭിക്കില്ല. നയതന്ത്രം, ഔദ്യോഗികം, യുഎൻ അടക്കമുള്ള രാജ്യാന്തര ഏജൻസികൾ, തൊഴിൽ, പ്രോജക്ട് വീസകൾ ഒഴികെയുള്ളവയ്ക്കാണ് നിയന്ത്രണം. മറ്റെല്ലാ വീസകളും നാളെ മുതൽ മരവിപ്പിക്കും. ഒസിഐ (ഓവർസീസ് സിറ്റിസൻ ഓഫ് ഇന്ത്യ) കാർഡുള്ളവർക്കു വീസയില്ലാതെ യാത്ര ചെയ്യാനുള്ള സൗകര്യം ഏപ്രിൽ 15 വരെ മരവിപ്പിച്ചു.
അടിയന്തരാവശ്യങ്ങൾക്ക് ഇന്ത്യയിലേക്കു വരേണ്ട വിദേശികൾ അതതിടത്തെ ഇന്ത്യൻ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെടണം. നയതന്ത്ര വീസകള്‍ ഒഴികെയുള്ള എല്ലാ വീസകളും ഏപ്രില്‍ 15 വരെ സസ്പെന്‍ഡ് ചെയ്യാന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല സമിതിയാണു തീരുമാനിച്ചത്. ഇപ്പോൾ 114 രാജ്യങ്ങളിലായി 1.18 ലക്ഷത്തിലേറെ പേർക്ക് രോഗം ബാധിച്ചുകഴിഞ്ഞു. മാർച്ച് 11 വരെ 4291 പേർ മരിച്ചു. ഈ സംഖ്യ ഇനിയും ഉയരുമെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കുന്നു.
ചൈന, ഇറ്റലി, ഇറാന്, റിപ്പബ്ലിക് ഓഫ് കൊറിയ, ഫ്രാന്‍സ്, സ്പെയിന്, ജര്‍മനി എന്നീ രാജ്യങ്ങളില്‍നിന്ന് വരുന്നവരോ ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവരോ ആയ ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ രാജ്യത്തെത്തിയാല്‍ 14 ദിവസത്തേക്ക് ക്വാറന്റൈന് ചെയ്യും. വിദേശികള്‍ക്ക് അതിര്‍ത്തികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്ക് ഇറ്റലിയില്‍ പരിശോധന നടത്തുന്നതിനുള്ള സൗകര്യമൊരുക്കും. പരിശോധനാഫലം നെഗറ്റീവായാല്‍ യാത്രാനുമതി നല്‍കും.
ഇന്ത്യയിലെത്തിയശേഷം 14 ദിവസം ക്വാറന്റൈന് ചെയ്യാനും യോഗം തീരുമാനിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങള്‍ കുവൈത്ത് അടച്ചു; രണ്ടാഴ്ചത്തേക്ക് പൊതുഅവധി പ്രഖ്യാപിച്ചു. ഇറ്റലിയിലെ ഇന്ത്യൻ എംബസി താൽക്കാലികമായി അടച്ചു. അറിയിപ്പുകൾ എംബസിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ നൽകുമെന്ന് അധികൃതർ അറിയിച്ചു.
English Summary: India suspended visa
You may also like this video